എന്നും നടക്കാനിറങ്ങുന്ന 90കാരന്‍ സുഹൃത്തിനെ കാത്തിരിക്കുന്ന ഒരു നായ; ഹൃദയ സ്പര്‍ശിയായ വീഡിയോ കാണാം
Friday, September 30, 2022 11:09 AM IST
യഥാര്‍ഥ സ്നേഹത്തിനും സൗഹൃദത്തിനും ദേശാന്തരങ്ങളൊ കാലാന്തരങ്ങളൊ ഇല്ലല്ലൊ. എന്തിനേറെ പ്രായം, ലിംഗഭേദം, ജാതി, മതം, ഭാഷ ഇവയൊന്നും ഇക്കാര്യങ്ങളില്‍ ബാധകമല്ല.

എന്നാല്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഒരു സൗഹൃദം കുറച്ചുകൂടി മേന്മയാര്‍ന്നതാണ്. അതിന് കാരണം ഇവിടെ സുഹൃത്തുക്കള്‍ മനുഷ്യനും ഒരു നായയുമാണ്.

ബ്യൂട്ടന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ പേജില്‍ വന്നിരിക്കുന്ന വീഡിയോയുടെ തുടക്കത്തില്‍ വഴിവക്കില്‍ ആരെയോ കാത്തിരിക്കുന്ന ഒരു നായയെ കാണാം.

മൈസി എന്ന 11 വയസുകാരന്‍ നായയാണിത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലുള്ള ഈ നായ എന്നും കാത്തിരിക്കുന്നത് ഒരു 90 കാരനെയാണ്. റിച്ചാര്‍ഡ് എന്നു പേരുള്ള അദ്ദേഹം എന്നും കാലത്ത് നടക്കാനിറങ്ങും.

പ്രായാധിക്യം നിമിത്തം പൊതുവേ പതിയെ ആണ് അദ്ദേഹം നടന്നെത്തുക. എന്നാല്‍ അദ്ദേഹം വരുംവരെ മൈസി തന്‍റെ സുഹൃത്തിനായി കാക്കും.

വീഡിയോ ദൃശ്യങ്ങളില്‍ വാക്കറിന്‍റെ സഹായത്തോടെ നടന്നെത്തുന്ന റിച്ചാര്‍ഡിനെ കാണാം. അദ്ദേഹത്തെ കാണുന്നതുമുതല്‍ വാലാട്ടുന്ന മെെസിയേയും കാണാം. റിച്ചാര്‍ഡ് അടുത്തെത്തുമ്പോഴേക്കും മൈസി എഴുന്നേറ്റ് തന്‍റെ ചേഷ്ടകള്‍ തുടങ്ങുകയാണ്. റിച്ചാര്‍ഡും നായയെ തലോടുന്നതും ഓമനിക്കുന്നതും വീഡിയോയില്‍ കാണാം.

ഏതായാലും ഇവരുടെ ഈ സൗഹൃദം നെറ്റീസണ്‍ ലോകത്തിന്‍റെയും ഹൃദയം തൊട്ടിരിക്കുകയാണ്. 3.2 ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.

ഒരു പക്ഷെ അദ്ദേഹത്തെ എന്നും നടന്നെത്താന്‍ പ്രചോദിപ്പിക്കുന്നത് ഈ സുഹൃത്താകാം എന്നാണൊരു കമന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.