വൈദ്യുതാഘാതമേറ്റ പശുവിനെ രക്ഷിക്കുന്ന വ്യാപാരി; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
Tuesday, July 5, 2022 10:45 AM IST
നെറ്റിസണ്‍ ലോകത്ത് പല വീഡിയോകളും വൈറലാകാറുണ്ടെങ്കിലും ആളുകളുടെ ഹൃദയം കീഴടക്കുന്നവര്‍ ചുരുക്കമാണ്. ഒരു ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ് മിക്കപ്പോഴും അത്തരത്തില്‍ ആളുകളുടെ മനസിനെ സ്വാധീനിക്കാറുള്ളത്.

അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അനാമികാ ജെയ്ന്‍ ആംബര്‍ എന്ന യുവതി തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ വൈദ്യുതാഘാതം ഏറ്റ ഒരു പശുവിനെ രക്ഷിക്കുന്ന കടക്കാരനെയാണ് കാണാനാകുന്നത്.

പഞ്ചാബിലെ മാന്‍സയിലാണ് സംഭവം. വീഡിയോയില്‍ റോഡ് മുഴുവന്‍ വെള്ളം കെട്ടി നില്‍ക്കുന്നതായി കാണാം. പല വാഹനങ്ങളും ആ വഴി കടന്നു പോകുന്നുമുണ്ട്. ഒരു പശു ആ വെള്ളത്തിലൂടെ നടന്ന് വരികയും റോഡിലുള്ള വൈദ്യുത പോസ്റ്റിന് സമീപത്ത് എത്തുന്നതും കാണാം.

എന്നാല്‍ അവിടെത്തുമ്പോള്‍ പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ പശു ഉടനടി താഴെ വീഴുകയാണ്. വേദന നിമിത്തം പശു പുളയുന്നത് വഴിയെ പോകുന്ന പലരും കാണുന്നുണ്ടെങ്കിലും സഹായിക്കാന്‍ തയാറാകാതെ പോവുകയാണ്.

എന്നാല്‍ തൊട്ടടുത്തുള്ള ഒരു വ്യാപാരിയുടെ ശ്രദ്ധയില്‍ ഈ അവസ്ഥപെടുമ്പോള്‍ അദ്ദേഹം ഉടനടി പ്രതികരിക്കുന്നുണ്ട്. തന്‍റെ കടയില്‍ നിന്ന് ഒരു തുണിയുമായി എത്തിയ അദ്ദേഹം പശുവിന്‍റെ പിന്‍കാലുകള്‍ വഴി അതു ചുറ്റി പശുവിനെ അവിടെ നിന്നും വലിച്ചു മാറ്റുകയാണ്.

ആ സമയത്ത് സമീപത്തുള്ള ചിലര്‍ കൂടി സഹായിക്കാനായി രംഗത്തെത്തുന്നുണ്ട്. ഏതായാലും അവര്‍ അപകട സ്ഥലത്തുനിന്ന് പശുവിനെ മാറ്റുകയും അല്പ സമയത്തിനകം പശു ആ സ്ഥലത്ത് നിന്ന് പോവുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്.

ഒരു മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. കടക്കാരന്‍റെ സമയോചിതമായ ഇടപെടലിനെ പ്രകീര്‍ത്തിച്ച് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകളിടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.