വെള്ളത്തിനടിയിൽ കഴിഞ്ഞാൽ പ്രായം കുറയുമോ? കുറയുമെന്നാണു സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പ്രഫസറായ ജോസഫ് ഡിറ്റൂരിയുടെ അവകാശവാദം. 93 ദിവസം വെള്ളത്തിനടിയിൽ കഴിഞ്ഞ ഇദ്ദേഹത്തിന് പത്തു വയസ് കുറഞ്ഞത്രെ!

വെള്ളത്തിനടിയിൽനിന്നു പുറത്തുവന്ന ഇദ്ദേഹത്തിന്‍റെ ശരീരത്തിൽ നടത്തിയ വിശദമായ പഠനത്തിലാണ് പ്രായം കുറഞ്ഞ കാര്യം വ്യക്തമായതെന്നു ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
മനുഷ്യന് പ്രായമാകുമ്പോൾ ഡിഎൻഎ സീക്വൻസായ ടെലോമിയറുകൾ കുറയും.

എന്നാൽ, ജോസഫിന്‍റെ കാര്യത്തിൽ, വെള്ളത്തിൽ കഴിയുന്നതിനു മുൻപ് രേഖപ്പെടുത്തിയ അളവുകളേക്കാൾ 20 ശതമാനം കൂടിയതായി കണ്ടെത്തി. 10 മടങ്ങ് കൂടുതൽ സ്റ്റെം സെല്ലുകളും കാണപ്പെട്ടു. കൂടാതെ ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറഞ്ഞു.
വെള്ളത്തിനടിയിലായിരുന്നപ്പോൾ ജോസഫ് അഞ്ച് ദിവസത്തിലൊരിക്കൽ ഒരു മണിക്കൂർ വർക്കൗട്ട് ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.



ബഹിരാകാശയാത്രികർ ഉപയോഗിക്കുന്നതിന് സമാനമായ അറയ്ക്കുള്ളിലാണ് ഇദ്ദേഹം വെള്ളത്തിനടിയിൽ താമസിച്ചത്. അന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ എന്തൊക്കെ സമ്മർദങ്ങളാണ് മനുഷ്യശരീരത്തിൽ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായിരുന്നു ഈ സാഹസം.

പഠനത്തിന്‍റെ ഭാഗമായാണ് വെള്ളത്തിനടിയിൽ കഴിഞ്ഞതെങ്കിലും ഏറ്റവും കൂടുതൽ കാലം തുടർച്ചയായി വെള്ളത്തിൽ കഴിഞ്ഞതിനുള്ള ലോക റിക്കാർഡ് ഇതുവഴി ജോസഫിന്‍റെ പേരിലായി. ഗവേഷണത്തിന്‍റെ അടുത്ത ഘട്ടമായി നൂറു ദിവസം തികച്ച് വെള്ളത്തിനടിയിൽ കഴിയാനാണ് ഇദ്ദേഹത്തിന്‍റെ പദ്ധതി.