സിഗരറ്റ്കുറ്റിയില് നിന്നും കരടിപ്പാവ; കൗതുകം
Saturday, November 23, 2024 3:09 PM IST
"പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന് നമ്മള് പലവട്ടം കേട്ടിരിക്കുന്നു. എന്നിട്ടും സര്‍ക്കാര്‍ സിഗരറ്റ് വില്‍പ്പന അനുവദിക്കുന്നു. ആളുകള്‍ അത് വലിക്കുന്നു. എന്നാല്‍ ആരുംതന്നെ ഈ സിഗരറ്റുകള്‍ മുഴുവന്‍ വലിക്കാറില്ല.
മാത്രമല്ല മിക്കവരും അത് വഴിയില്‍ വലിച്ചെറിയുകയും ചെയ്യും. എന്നാല്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന് ഈ സിഗരറ്റ് കുറ്റികളെ ഒന്ന് മാറ്റിമറിക്കുകയുണ്ടായി. നോയിഡയില്‍ നിന്നുള്ള നമാന്‍ ഗുപ്ത എന്നയാളാണ് ഈ ഐഡിയക്കാരന്‍.
അദ്ദേഹം ഉപയോഗിച്ച സിഗരറ്റ് കുറ്റികളെ ടെഡി ബിയറുകളാക്കി മാറ്റുകാണ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ 60 സെക്കന്‍ഡ് ഡോക്സ് എന്ന അക്കൗണ്ട് പങ്കിട്ട ദൃശ്യങ്ങളില്‍ ഇദ്ദേഹം സിഗരറ്റുകുറ്റികള്‍ കൂട്ടിയിട്ടിരിക്കുന്നതായി കാണാം.
പിന്നീട് അതില്‍ നിന്നും പഞ്ഞിക്കെട്ടുകള്‍ പുറത്തെടുത്ത് വൃത്തിയാക്കുന്നു. ശേഷം ആ പഞ്ഞികള്‍ അദ്ദേഹവും ഒപ്പമുള്ളവരും കരടിപ്പാവകളില് നിറയ്ക്കുന്നു. അതില്‍ മാത്രമല്ല അത്തരം കളിപ്പാട്ടങ്ങളിലൊക്കെ ഇത് നിറയ്ക്കുന്നു.
താനും സഹോദരനും ചേര്‍ന്ന് കോഡ് എഫോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നടത്തുന്നുണ്ടെന്നും സിഗരറ്റ് കുറ്റി മാലിന്യങ്ങള്‍ മൃദുവായ കളിപ്പാട്ടങ്ങളാക്കി മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഗുപ്ത വിശദീകരിക്കുന്നു.
ഇദ്ദേഹത്തിന്റെ ക്രിയേറ്റീവ് റീസൈക്ലിംഗ് രീതി നെറ്റിസണ്‍സിന്റെ ശ്രദ്ധനേടി. എന്നാല്‍ സമ്മിശ്ര അഭിപ്രായമാണ് പലരും പങ്കുവച്ചത്. "മാലിന്യം കുറയ്ക്കാന്‍ ഉപകരിക്കുന്ന ക്രിയേറ്റിവിറ്റി' എന്നാണൊരാള്‍ കുറിച്ചത്.