ലോകത്തിലെ ഏറ്റവും അപകടകാരിയായ പിസ ഇതാണ്! വായിച്ചോളൂ
Saturday, December 14, 2024 12:21 PM IST
ഒട്ടുമിക്കവർക്കും കഴിക്കാനിഷ്ടമുള്ള ആഹാരത്തിലൊന്നാണ് പിസ. ഇറ്റാലിയിൽ നിന്നും ഉത്ഭവിച്ച ഈ പിസക്കാരന് എല്ലാ രാജ്യത്തും ആരാധകർ ഏറെയാണ്. അതേസമയം പിസയുടെ കാര്യത്തിൽ ഒരു സാഹസിക പരീക്ഷണം നടത്തിയ രാജ്യത്തെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയിലാണ് ഈ പിസ ഉണ്ടാക്കുന്നത്. അഗ്നിപർവ്വതത്തിൽ നേരിട്ട് പാകം ചെയ്ത പിസയാണ് ഇവിടെ കിട്ടുക. ഈ വ്യത്യസ്തമായ പിസ പരീക്ഷിക്കുന്നതിന് വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇവിടെ ആളുകൾ എത്താറുണ്ടത്രെ. ഷെഫായ മരിയോ ഡേവിഡ് ഗാർഷ്യയാണ് കുറച്ച് കാലങ്ങളായി ഇവിടെ ഈ വ്യത്യസ്തമായ പിസയുണ്ടാക്കി വിളമ്പുന്നത്.
എന്നാൽ ഈ പിസ അപകടകാരിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാരണം സാധാരണ പിസയുണ്ടാക്കുന്ന മാർഗങ്ങളിലൂടെയല്ല ഇത് ഉണ്ടാക്കുന്നത് എന്നത് തന്നെ. പകരം അഗ്നിപർവതത്തിൽ നിന്നുള്ള ചാരവും തീജ്വാലയും ഒക്കെ ഉപയോഗിച്ചാണ് ഈ പിസ ഉണ്ടാക്കുന്നത്. ഇതിന്റെ രുചി വ്യത്യസ്തമാണ് എങ്കിലും ഇവിടുത്തെ മോശം വായുവടക്കമുള്ള കാരണങ്ങളാൽ ഈ പിസ ആരോഗ്യത്തിന് അത്ര നല്ലതല്ല.
അഗ്നിപർവ്വത സ്ഫോടനങ്ങളിൽ നിന്നുള്ള സൾഫർ ഡയോക്സൈഡിന്റെ അളവ് ഈ പ്രദേശത്ത് കൂടുതലാണ്. അതിനാൽ തന്നെ ഈ വാതകം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു, അന്തരീക്ഷ മലിനീകരണമുണ്ടാക്കുകയും ചെയ്യുന്നു.
എന്നാൽ, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, സാഹസികത ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഈ പിസ ആസ്വദിക്കുന്നതിന് വേണ്ടി ഇവിടേക്ക് ഒഴുകിയെത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, ഭക്ഷണപ്രേമികളും എല്ലാ റിസ്കുകളും അവഗണിച്ചു കൊണ്ട് ഈ പിസ ആസ്വദിക്കുന്നതിന് വേണ്ടി ഇവിടെ എത്താറുണ്ടത്രെ.