അയ്യയ്യോ ക്യൂട്ട് കടുവ... താലോലിക്കാന്‍ തോന്നും ഈ കടുവയെ കണ്ടാൽ
Friday, December 13, 2024 3:16 PM IST
ആക്രമണകാരിയായ വന്യജീവിയാണു കടുവ. ക്രൗര്യം മുറ്റിയ അതിന്റെ മുഖം അടുത്തു കണ്ടാൽ ആരായാലും ഭയന്നു വിറച്ചുപോകും. എന്നാൽ, തായ്ലൻഡിലെ ഒരു മൃഗശാലയിലെ മൂന്നു വയസുള്ള പെൺകടുവയെ കണ്ടാൽ പേടിയൊന്നും തോന്നില്ലെന്നു മാത്രമല്ല, ഓമനിക്കാൻ തോന്നും. അത്രയ്ക്കു ക്യൂട്ടാണു കക്ഷി!
വടക്കൻ തായ്ലൻഡിലെ ചിയാങ് മായ് നൈറ്റ് സഫാരി ഫേസ്ബുക്ക് പേജിലാണ് "ഏവ' എന്നു പേരിട്ടിരിക്കുന്ന കടുവയുടെ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ബംഗാൾ കടുവകളുടെ അപൂർവ വകഭേദമായ സ്വര്‍ണക്കടുവ (Golden Tigress) വിഭാഗത്തിൽപ്പെട്ട കടുവയാണിത്.
ലോകത്ത് 30 സ്വർണക്കടുവകൾ മാത്രമാണു വിവിധ മൃഗശാലകളിലായി സംരക്ഷിക്കപ്പെടുന്നത്. ഭീകരന്മാരായ വേട്ടക്കാരാണു സാധാരണ കടുവകളെങ്കിൽ സ്വർണക്കടുവകൾ ഇതിൽനിന്നും വ്യത്യസ്തമായ സ്വഭാവമുള്ളവരാണ്. മനുഷ്യരോടു സൗഹാർദപരമായി ഇവ ഇടപെടും.
സമൂഹമാധ്യമങ്ങളില്‍ "ഏവ'യുടെ ചിത്രങ്ങൾ വൈറലായതോടെ "സുന്ദരിക്കടുവ' എന്ന വിശേഷണം നെറ്റിസൺസ് ചാർത്തിക്കൊടുത്തു. ഇതിനെ കാണാനെത്തുന്നവരുടെ തിരക്കും കൂടി. ഏവയ്ക്കു മുൻപ് സഹോദരി ലൂണയും സോഷ്യൽമീഡിയയുടെ ഇഷ്ടം നേടിയിരുന്നു. 2021 ഫെബ്രുവരി 16നാണ് ഇരുവരും ജനിച്ചത്.