"തത്തയ്ക്കും മെെനയ്ക്കും കല്യാണം'; പരമ്പരാഗത ആചാരങ്ങളോടെ പക്ഷികളുടെ വിവാഹം
ബഹുജനം പലവിധം എന്നാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യയില്‍ ഈ ചൊല്ല് ഏറെ അര്‍ഥവത്താണ്. നാനാവിധ ആളുകള്‍ വിവിധതരം വിശ്വാസങ്ങളും ആചാരങ്ങളും ഇവിടെ പിന്‍തുടരുന്നു.

ഇതില്‍ ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൗതുകമാകാറുണ്ട്. അത്തരമൊരു കൗതുകമാണ് മധ്യപ്രദേശിലെ കരേലിക്ക് സമീപമുള്ള പിപാരിയ (റക്കായ്) ഗ്രാമത്തില്‍ നിന്നുള്ളത്.

അടുത്തിടെ ഇവടെയൊരു വിവാഹം നടന്നു. ഇന്ത്യന്‍ ആചാരങ്ങളോടെയും "കുണ്ഡലി' (ജാതകം) നോക്കിയുമൊക്കെയാണ് ഈ വിവാഹം നടന്നത്. എന്നാല്‍ ഇവിടെ വരനും വധുവും പക്ഷികളായിരുന്നു.

പിപാരിയയില്‍ താമസിക്കുന്ന രാംസ്വരൂപ് പരിഹാറിനൊരു മൈനയുണ്ടായിരുന്നു. സ്വന്തം മകളെപ്പോലെയാണ് ഇദ്ദേഹം ഈ മൈനയെ വളര്‍ത്തിയത്. ഗ്രാമത്തില്‍തന്നെയുള്ള ബാദല്‍ ലാല്‍ വിശ്വകര്‍മ എന്നയാള്‍ ഒരു തത്തയെ വളര്‍ത്തിയിരുന്നു. ഈ തത്തയുമായിട്ടാണ് മൈനയുടെ കല്യാണം നടത്തിയത്.

നാട്ടിലെ പ്രമുഖരായ മിക്കവരും ഈ കല്യാണത്തിനെത്തി. വിവാഹ ആഘോഷങ്ങളുടെ ഭാഗമായ "ബരാത്ത്' ഘോഷയാത്രയിലും ഗ്രാമവാസികള്‍ പങ്കെടുത്തു. ചെറിയ നാലുചക്രവാഹനത്തിലെ ഒരു തത്തക്കൂട്ടിലായിട്ടാണ് വരനെത്തിയത്.

വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളും രാംസ്വരൂപ് പരിഹാറിന്‍റെ വീട്ടിലാണ് നടന്നത്. വേറിട്ട ഈ വിവാഹം പ്രദേശമാകെ ചര്‍ച്ചാവിഷയമായി മാറി. സമൂഹ മാധ്യമങ്ങളിലും ഈ വിവാഹം ചര്‍ച്ചയായി മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.