ആദി സ്വരൂപ എന്ന വിസ്മയം; ഒരേ സമയം ഇരു കൈകള്‍ കൊണ്ടുമെഴുതുന്ന പെണ്‍കുട്ടി
Wednesday, July 27, 2022 11:44 AM IST
ചിലര്‍ അവരുടെ അതുല്യമായ കഴിവുകള്‍ കൊണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ടുനില്‍ക്കും. അത്തരത്തിലൊരാളാണ് കര്‍ണാടകയിലെ മംഗലാപുരത്തുള്ള ആദി സ്വരൂപ എന്ന പെണ്‍കുട്ടി. ഒരു മിനിറ്റില്‍ ഒരേസമയം രണ്ട് കൈകള്‍ കൊണ്ട് (ഇടത്തുനിന്ന് വലത്തോട്ട്) ഏറ്റവും കൂടുതല്‍ വാക്കുകള്‍ എഴുതി ലോക റിക്കാര്‍ഡ് സൃഷ്ടിച്ച പ്രതിഭയാണീ 17 കാരി.

എന്നാല്‍ ഈ കഴിവു മാത്രമല്ല സ്വരൂപയെ വ്യത്യസ്തയാക്കുന്നത്. ഒരേ സമയം ഇംഗ്ലീഷിലും കന്നഡയിലും എഴുതാനും ഈ പെണ്‍കുട്ടിക്കാകും. ഒരേ സമയം രണ്ടു കൈകളും ഉപയോഗിച്ച് മിനിറ്റില്‍ 45 വാക്കുകള്‍ വരെ ആദി സ്വരൂപ എഴുതാറുണ്ട്.

അടുത്തിടെ ബിസിനസുകാരനായ തന്‍സു യെഗന്‍ എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവെച്ച ആദിയുടെ വീഡിയോ വൈറലായിരുന്നു. മാത്രമല്ല നേരത്തെയും നിരവധി വാര്‍ത്താ ചാനലുകളും സമൂഹ മാധ്യമങ്ങളും ആദിയുടെ വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്.

ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തന്നെല്‍ വലതു കൈ വേഗത, ഇടത് കൈ വേഗത, റിവേഴ്സര്‍ റണ്ണിംഗ്, മിറര്‍ ഇമേജ്, ഹെറ്ററോ ടോപ്പിക്ക്, ഹെറ്ററോ ലിംഗ്വിസ്റ്റിക്, എക്സ്ചേഞ്ച്, എതിര്‍ ദിശ, ഏക ദിശ, നൃത്തം, അന്ധമായ മടക്കല്‍ എന്നിങ്ങനെ 11 വ്യത്യസ്ത ശൈലികളില്‍ ഈ പെണ്‍കുട്ടിക്ക് എഴുതാന്‍ കഴിയും എന്നതാണ്.

പോരാഞ്ഞിട്ട് നന്നായി പാടുകയും മിമിക്രി ചെയ്യുകയും ചെയ്യും ഈ കൊച്ചു മിടുക്കി. ഒരു ഗിന്നസ് റിക്കാര്‍ഡ് ഉള്‍പ്പെടെ രണ്ട് റിക്കാര്‍ഡുകള്‍ ഇതിനകം തന്‍റെ പേരിലുള്ള ആദിക്ക് വ്യത്യസ്ത മേഖലകളില്‍ കൂടുതല്‍ റിക്കാര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് ആഗ്രഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.