പാഞ്ചാലിമേട്ടിൽ പാണ്ഡവപാത തുറന്ന് അമൽജ്യോതി കോളജ് വിദ്യാർഥികൾ
Thursday, February 7, 2019 11:57 AM IST
ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പാഞ്ചാലിമേട്ടിൽ കാനനപാത നിർമിച്ച് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ. എൻഎസ്എസ് ടെക്നിക്കൽ സെല്ലിന്‍റെ സപ്തദിന ക്യാമ്പിന്‍റെ ഭാഗമായി ആയിരുന്നു വിദ്യാർഥികൾ പാഞ്ചാലിമേട്ടിലെത്തിയത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് രൂപകല്പന ചെയ്ത നേച്ചർ പാർക്കിന്‍റെ നിർമാണം കൂടിയായിരുന്നു ക്യാമ്പിന്‍റെ ലക്ഷ്യം.

ഉൾക്കാടുകൾ നിറഞ്ഞ പാഞ്ചാലിമേടിന്‍റെ ഭംഗി മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് കാനനപാത നിർമിച്ചത്. കാനനപാതയ്ക്ക് എൻഎസ്എസ് വോളണ്ടിയർമാർ നിർദേശിച്ച പാണ്ഡവപാത എന്ന പേര് ജില്ലാ ടൂറിസം അധികൃതർ അംഗീകരിച്ചു.



നേച്ചർ പാർക്കിന്‍റെ ഭാഗമായി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള സ്വാഭാവിക ഇരിപ്പിടങ്ങൾ, ഏറുമാടങ്ങൾ, ഊഞ്ഞാലുകൾ, ദിശാസൂചികകൾ തുടങ്ങിയവ പ്രകൃതിദത്തമായ മുള, കയർ, ഓല എന്നിവ കൊണ്ട് വിദ്യാർഥികൾ നിർമിച്ചു. ഭാവിയിലുള്ള പാഞ്ചാലിമേടിന്‍റെ വികസനത്തിനും ഉന്നമനത്തിനും ഉതകുന്ന തരത്തിൽ ക്യാമ്പിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഏകോപിപ്പിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കാനൊരുങ്ങുകയാണ് എൻഎസ്എസ്.



ജനുവരി 14ന് ആരംഭിച്ച സപ്തദിന ക്യാമ്പ് പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ തോമസുകുട്ടി ജോസ്, ശ്രീരാഗ്, അഞ്ജു ജോസഫ്, ലിനു ആന്‍റണി, വോളണ്ടിയർമാർ, സെക്രട്ടറിമാരായ തോമസ് സെബാസ്റ്റ്യൻ, ആർ. റോഹിത്ത്, ബി. റിയ, ഏബ്രഹാം, സ്നേഹ, അന്ന തോമസ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വിദ്യാർഥികളാണ് നേച്ചർപാർക്കിന്‍റെ നിർമാണത്തിൽ പങ്കാളികളായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.