മുസ്തഫയുണ്ടെങ്കിൽ കാറോടിക്കാൻ കാലെന്തിന്!
1994-ൽ ​മ​ല​പ്പു​റ​ത്തെ നൂ​റാ​ടി​പ്പാ​ല​ത്തി​ന​ടു​ത്തു വ​ച്ചുണ്ടായ ഒ​രു ഓ​ട്ടോ​റിക്ഷ ​അ​പ​ക​ട​ത്തി​ൽ സു​ഷ്മ​്ന​നാ​ഡി ത​ക​ർ​ന്ന് ശ​രീ​രം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ന്നെ ത​ള​ർ​ന്നുപോ​യ ഒ​രാ​ൾ. തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ൾ തോ​റു​മു​ള്ള അ​ല​ച്ചി​ലു​ക​ൾ. ഒ​ന്നി​നും പ​ക്ഷെ, ഉ​ദ്ദേ​ശി​ച്ച ഫ​ല​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ മ​ണി​പ്പാ​ൽ ക​സ്തൂ​ർ​ബ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു മ​ട​ങ്ങു​ന്പോ​ൾ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം 95 ശ​ത​മാ​നം ശാരീരിക ന്യൂനത​യായി​രു​ന്നു അ​യാ​ൾ​ക്ക് ക​ൽ​പ്പി​ച്ച​ത്. ആ ​ശ​രീ​രം കൊ​ണ്ട് ഒ​രി​ക്ക​ലും ഇ​നി​യൊ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്ന വി​ധി​യെ​ഴു​ത്ത് ത​ന്നെ​യാ​യി​രു​ന്നു ഒ​ര​ർ​ഥ​ത്തി​ൽ അ​ത്. പ​ക്ഷെ, ആ ​വി​ധി​യെ സ്വ​ന്തം ഇ​ച്ഛാ​ശ​ക്തി​യു​ടെ ബ​ല​ത്തി​ൽ വെ​ല്ലു​വി​ളി​ച്ചു കൊ​ണ്ട് ഒ​രു ഫീ​നി​ക്സ് പ​ക്ഷി​യെപ്പോ​ലെ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ് ജീവി​തം തി​രി​കെ പി​ടി​ച്ച ക​ഥ​യാ​ണ് മ​ല​പ്പു​റം കോ​ഡൂ​ർ ചെ​മ്മം​ക​ട​വി​ലെ തോര​പ്പ മു​സ്ത​ഫ​യ്ക്ക് പ​റ​യാ​നു​ള്ള​ത്. ഒ​പ്പം അ​ത് ശാരീരിക ന്യൂനത​യു​ള്ള അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ പ​ല​ത​ര​ത്തി​ലും താ​ങ്ങും ത​ണ​ലു​മാ​യ ക​ഥ കൂ​ടി​യാ​ണ്.

സാ​ഹ​സി​ക ജീ​വി​തം

അ​പ​ക​ടം ത​ക​ർ​ത്തെ​റി​യു​ന്ന​തി​ന് മു​ന്പ് സാ​ഹ​സി​ക ജീ​വി​തം ആ​ഘോഷ​മാ​ക്കി​യ ആ​ളാ​യി​രു​ന്നു മു​സ്ത​ഫ. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം നി​റ​ഞ്ഞു ക​വി​ഞ്ഞ് പു​ഴ​ക​ൾ അ​പ​ക​ട​ക​ര​മാ​യി ഒ​ഴു​കു​ന്പോ​ൾ അ​ത് നീ​ന്തി​ക്ക​ട​ക്കു​ക, ക​ട​ലി​ൽ ആ​ഴ​വും പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞി​ട​ങ്ങ​ളി​ൽ ഉൗ​ളി​യി​ട്ടി​റ​ങ്ങി മീ​ൻ​പി​ടി​ക്കു​ക, പേരി​ന് പോ​ലും റോ​ഡി​ല്ലാ​ത്ത മ​ല​മു​ക​ളി​ലേ​ക്കും മ​റ്റും ജീ​പ്പ് ഓ​ടി​ച്ചു ക​യ​റ്റു​ക തു​ട​ങ്ങി​യ​വ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന വി​നോ​ദ​ങ്ങ​ളാ​യി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത് സൗ​ദി​യി​ലെ റി​യാ​ദി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം, തി​രി​ച്ചു വ​ന്ന് മ​ല​പ്പു​റ​ത്ത് ടാ​ക്സി ഡ്രൈ​വ​റും മെ​ക്കാ​നി​ക്കു​മൊ​ക്കെ​യാ​യി. വാ​ഹ​ന​ങ്ങ​ളോ​ടും ഡ്രൈ​വി​ങി​നോ​ടും അ​തി​രു ക​വി​ഞ്ഞൊ​രു ക​ന്പം എ​ന്നും ഇ​ദ്ദേ​ഹം മ​ന​സി​ൽ കൊ​ണ്ടു ന​ട​ന്നി​രു​ന്നു.
ഇ​ന്ന് തി​രി​ഞ്ഞുനോ​ക്കു​ന്പോ​ൾ, സാ​ഹ​സി​ക​ത​യോ​ടു​ള്ള ഈ ​അ​ഭി​നി​വേ​ശ​വും വാ​ഹ​ന പ്രേ​മ​വു​മൊ​ക്കെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ താ​ൻ ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്പോ​ൾ ക​രു​ത്തും ക​ഴി​വു​മാ​യി ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​നു​ള്ള അ​ത്താ​ണി​യാ​കാ​ൻ പ​ട​ച്ച​ത​ന്പു​രാ​ൻ ത​ന്നെ ക​ണ്ടെ​ത്തി​യ വ​ഴി​ക​ളാ​ണോ എ​ന്ന് മു​സ്ത​ഫ​യ്ക്ക് തോ​ന്നും. അ​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി ഒ​ന്ന​ര​വ​ർ​ഷ​ക്കാ​ല​ത്തോ​ളം ഒ​ന്നും ചെ ​യ്യാ​നാ​കാ​തെ കി​ട​ക്ക​യി​ലും വീ​ൽ​ച്ചെ​യ​റി​ലു​മാ​യി ജീ​വി​തം ത​ള്ളിനീ​ക്കേ​ണ്ടി വ​ന്ന ത​നി​ക്ക്, അ​വ​സാ​നം ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു തു​രു​ത്തി​ലേ​ക്ക് തു​ഴ​യാ​ൻ വാ​ഹ​നം ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു ത​ന്ന​ത് ആ​രു​ടെ പ്രേ​ര​ണ​യാ​ണ്?

ഇ​നി​യെ​ങ്ങ​നെ ജീ​വി​ക്കും?

ആ​ശു​പ​ത്രി​വാ​സം അ​വ​സാ​നി​പ്പി​ച്ച് നി​രാ​ശ​യോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു ന്പോ​ൾ ഇ​നി​യെ​ങ്ങ​നെ ജീ​വി​ക്കും എ​ന്ന ആ​ധി​യാ​യി​രു​ന്നു മു​സ്ത​ഫു​ടെ മ​ന​സു നി​റ​യെ. പ്രാ​യ​മാ​യ ഉ​പ്പ​യും ഉ​മ്മ​യും. ഭാ​ര്യ സ​ഫി​യ, മൂ​ന്നു വ​യ​സു​ള്ള മ ​ക​ൻ മു​ർ​ഷി​ദ്. ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു അ​വ​രു​ടെ​യൊ​ക്കെ ഏ​ക ആ​ശ്ര​യം. അ​ന്നു​വ​രെ സ​ന്പാ​ദി​ച്ച​തും ലോ​ണെ​ടു​ത്ത​തും ക​ടം​മേ​ടി​ച്ച​തു​മൊ​ക്കെ​യാ​യി ല​ക്ഷ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചെല​വാ​ക്കി​യ​ത്. എ​ന്നി​ട്ടും ഗു​ണ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. കി​ട​ക്ക​യി​ൽ സ്വ​യം ഒ​ന്ന​ന​ങ്ങി​ക്കി​ട​ക്കാ​ൻ പോ​ലും പ​ര​സ​ഹാ​യം വേണം എ​ന്ന​താ​ണ് അ​വ​സ്ഥ. അ​ര​യ്ക്ക് കീ​ഴ്പോ​ട്ട് പൂ​ർ​ണ​മാ​യും ത​ള​ർ​ന്ന് കി​ട​പ്പാ​ണ്. കൈ​ക​ൾ പ്ര​യാ​സ​പ്പെ​ട്ട് അ​ന​ക്കാം. ആ ​ത​ള​ർ​ച്ച​യി​ലും പ​ക്ഷെ, മു​സ് ത​ഫ​യു​ടെ മ​ന​സി​ലെ പ​ഴ​യ സാ​ഹ​സി​ക​ൻ ത​ള​രാ​തെ കി​ട​ന്നു. കു​ടും​ബ​ത്തെ ​ര​ക്ഷ​പ്പെ​ടു​ത്താ​നും സ്വ​യം ര​ക്ഷ​പ്പെ​ടാ​നും എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ചി​ന്ത ക​ല​ശ​ലാ​യി.

അ​ങ്ങ​നെ ഒ​രു ബേ​ക്ക​റി ഇ​ടാ​ൻ തീ​രു​മാ​നി​ച്ചു. അ​ത് ത​ര​ക്കേ​ടി​ല്ലാ​തെ നട​ന്നുവ​ന്നു. അ​വി​ടെപ്പോ​യി ദി​വ​സ​വും കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ എ​ന്താ​ണു വഴി എ​ന്ന ആ​ലോ​ച​ന​യാ​യി പി​ന്നീ​ട്. കൈ​ന​റ്റി​ക്ക് ഹോ​ണ്ടാ സ്കൂ​ട്ട​ർ പ്ര​സി​ദ്ധ​മാ​യ കാ​ല​മാ​ണ്. അ​തി​ൽ ചി​ല പ​രി​ഷ്കാ​ര​ങ്ങ​ളൊ​ക്കെ വ​രു​ത്തി മൂ​ന്നു വീലാക്കി ​ബേ​ക്ക​റി​യി​ലേ​ക്കു​ള്ള പോ​ക്കു​വ​ര​വ് അ​തി​ലാ​ക്കി. ആ​ദ്യം സ​ഹാ​യ​ത്തി​ന് ആ​ളു​ണ്ടാ​യെ​ങ്കി​ലും പി​ന്നെ ഒ​റ്റ​യ്ക്കു ത​ന്നെ​യാ​യി യാ​ത്ര. കു​റ​ച്ചൊ​ക്കെ ച​ല​ന​ശേ​ഷി​യു​ള്ള കൈ​ക​ൾ​കൊ​ണ്ട് ഹാ​ൻ​ഡി​ൽ ഒ​രു​വി​ധം തെ​റ്റി​ല്ലാ​തെ നി​യ​ന്ത്രി​ച്ചു.

സ്കൂ​ട്ട​റി​ലേ​ക്ക് ക​യ​റ്റാ​നും ഇ​റ​ക്കാ​നും ഭാ​ര്യ​യും ചി​ല അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും സ​ഹാ​യി​ച്ചു. പി​ന്നെ വീ​ൽ​ച്ചെ​യ​റി​ൽ നി​ന്ന് ഒ​റ്റ​യ്ക്ക് ത​ന്നെ അ​തി​ൽ ക​യ​റാ​നും ഇ​റ​ങ്ങാ​നും പ​രി​ശീ​ലി​ച്ചു. ഒ​രു​ദി​വ​സം ബേ​ക്ക​റി​യി​ൽ നി​ന്നും വീ​ട്ടിൽ ​മ​ട​ങ്ങിവ​ന്ന​പ്പോ​ൾ കാ​ലി​ലെ സോ​ക്സ് മു​ഴു​വ​ൻ ചോ​ര. സ്കൂ​ട്ട​ർ യാ​ത്ര​യ്ക്കി​ടെ പെ​ഡ​ലി​ൽ നി​ന്ന് ഉൗ​ർ​ന്നുപോ​യ കാ​ൽ വ​ഴി​നീ​ളെ ടാ​ർ റോ​ഡി​ലു​ര ഞ്ഞ് ​സം​ഭ​വി​ച്ച​താ​ണ്. കാ​ലി​ന് സ്പ​ർ​ശ​ന ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ൽ മു​സ്ത​ഫ അ​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല.

സ്കൂട്ടറിൽ നിന്ന് കാറിലേക്ക്

സ്കൂ​ട്ട​റി​ൽ ഉ​ള്ള യാ​ത്ര അ​ന്ന് നി​ർ​ത്തി. കാ​ലി​ന് ച​ല​ന​ശേ​ഷി​യി​ല്ലെ​ങ്കിലും ​കാ​ർ സ്വ​യം ഡ്രൈ​വ് ചെ​യ്ത് യാ​ത്ര ചെ​യ്യ​ണ​മെ​ന്നാ​യി പി​ന്ന​ത്തെ ആഗ്ര​ഹം. റി​യാ​ദി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ അ​മേ​രി​ക്ക, യൂ​റോ​പ്പ്, ജ​പ്പാ​ൻ എ​ന്നിവി​ട​ങ്ങി​ളി​ലെ പ്ര​സി​ദ്ധ​മാ​യ കാ​ർ ക​ന്പ​നി​ക​ൾ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഇ​റ​ക്കു​മ​തി കാ​റു​ക​ളി​ൽ ശാരീരിക ന്യൂനത​യുള്ള അ​റ​ബി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് മു​സ്ത​ഫ ക​ണ്ടി​രു​ന്നു. സ്വ​ന്ത​മാ​യി യാ​ത്ര​യ്ക്ക് അ​ത്തരം ​ഒ​രു കാ​ർ നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്ഷ്യം. അ​ത​ത്ര എ​ളു​പ്പ​മ​ല്ല എ​ന്ന​് അ​റി​യാ​മാ​യി​രു​ന്നു, പ്ര​ത്യേ​കി​ച്ചും മാ​ന്വ​ൽ നി​യ​ന്ത്രണ ​കാ​റു​ക​ളി​ൽ. അ​തി​മോ​ഹം എ​ന്നു പ​റ​ഞ്ഞ് പ​ല​രും ക​ളി​യാ​ക്കി​യ​പ്പോ​ഴും ഭാ​ര്യ സ​ർ​വ​പി​ന്തു​ണ​യും ന​ൽ​കി കൂ​ടെ നി​ന്നു.

ഉ​ട​നെ പ​ഴ​യൊ​രു മാ​രു​തി-800 കാ​ർ വാ​ങ്ങി. അ​തി​ൽ കൈ​ക​ൾ കൊ​ണ്ട് പ്ര​വർത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ബ്രേ​ക്കും ആ​ക്സ​ല​റേ​റ്റ​റും ക്ല​ച്ചും ഗി​യ​റും പി​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​യി പി​ന്നെ. മ​ന​സി​ന്‍റെ അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹം മാ​ത്രം കൈ​മു​ത​ലാ​ക്കി​യു​ള്ള ധീ​ര​മാ​യ ഒ​രു യ​ജ്ഞം. അ​ടു​ത്തൊ​രു സു​ഹൃ​ത്ത് ത​ന്‍റെ വ​ർ​ക്ക്ഷോ​പ്പി​ലെ ഒ​രു​ഭാ​ഗം അ​തി​നാ​യി നി​രു​പാ​ധി​കം വി​ട്ടു ന​ൽ​കി. ക​ട​ന്ത​മ​ണ്ണ​യു​ള്ള വി​ജ​യ​ൻ എ​ന്നൊ​രു മെ​ക്കാ​നി​ക്കി​നെ ആ ​സ​മ​യ​ത്ത് കൂ​ട്ടു​കി​ട്ടി. കാറി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്താ​ൻ അ​തീ​വ ഉ​ത്സാ​ഹ​ശാ​ലി​യും ബു​ദ്ധി​മാ​നു​മാ​ണ് വി​ജ​യ​ൻ.

ര​ണ്ടു വ​ർ​ഷ​ത്തെ ക​ഠി​ന​വും നി​ര​ന്ത​ര​വു​മാ​യ പ​രീ​ക്ഷണം. ​ആ​ദ്യ​മൊ​ക്കെ പ​രാ​ജ​യം മാ​ത്ര​മാ​യി​രു​ന്നു ഫ​ലം. പ​ക്ഷെ, നി​രാ​ശ​രാ​കാതെ ​ഇ​രു​വ​രും പ​രി​ശ്ര​മം തു​ട​ർ​ന്നു. അ​ത് വി​ജ​യം ക​ണ്ടു. 1999 ജ​നു​വ​രി ഒന്നിന് (​അ​തൊ​രു വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു എ​ന്ന് മു​സ്ത​ഫ ഇ​ന്നും വ്യ​ക്ത​മാ​യി ഓ​ർ​ക്കു​ന്നു)​ കൈകൊ​ണ്ട് കാ​ർ നി​യ​ന്ത്രി​ച്ച് മു​സ്ത​ഫ ആ​ദ്യം പ​ള്ളി​യി​ലും പി​ന്നീ​ട് വീ​ട്ടി​ലേ​ക്കും പോ​യി. ജീ​വി​ത​ത്തി​ൽ ത​നി​ക്കൊ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത മ​ഹ​ത്താ​യ മൂ​ഹൂ​ർ​ത്തം എ​ന്നാ​ണ് അ​തി​നെക്കു​റി​ച്ച് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ഡൽഹിയിലേക്ക്...

ഓട്ടോ​മാ​റ്റി​ക്ക് കാ​റു​ക​ളി​ൽ അ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​ല കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ അ​ക്കാ​ല​ത്ത് ഇ​റ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ മാ​ന്വ​ൽ നി​യ​ന്ത്ര​ണമു​ള്ള കാ​റി​ൽ പൂ​ർ​ണ​മാ​യും കൈ​ക​ൾ കൊ​ണ്ട് പ്ര​വർ​ത്തി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഒ​രു പ​രി​ഷ്കാ​രം വി​ജ​യം ക​ണ്ട​തി​ന്‍റെ ഖ്യാ​തി മു​ഴു​വ​ൻ മു​സ്ത​ഫ​യ്ക്കാ​ണ്. ഒ​രു​പ​ക്ഷെ, ഇ​ന്ത്യ​യി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ർ നി​ർ​മി​തി ആ​ദ്യ​മാ​യി​രി​ക്ക​ണം. അ​ത് മു​സ്ത​ഫ​യു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യി. കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടൊ​രാ​ൾ സ്വ​യം പ​രി​ഷ്ക​രി​ച്ചു​ണ്ടാ​ക്കി​യ കാ​റി​ൽ ഒ​റ്റ​യ്ക്ക് ഡ്രൈ​വ് ചെ​യ്ത വാ​ർ​ത്ത പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ വ​ലി​യ ആ​ഘോ​ഷ​മാ​ക്കി.

2001-ൽ ​സം​സ്ഥാ​ന സാ​മൂ​ഹ്യ ക്ഷേ​മ​വ​കു​പ്പി​ന്‍റെ ക്ഷ​ണ​പ്ര​കാ​രം നാ​ഷ​ണ​ൽ ടെ​ക്നോ​ള​ജി എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ 2700 കി​ലോ​മീ​റ്റ​റു​ക​ൾ ത​ന്‍റെ കാ​ർ സ്വ​യം ഡ്രൈ​വ് ചെ​യ്ത് മു​സ്ത​ഫ ഡൽ​ഹി​യി​ലെ​ത്തി. അ​പ്രാ​വ​ശ്യം എ​ക്സി​ബി​ഷ​നി​ലേ​ക്ക് തെ​ന്നി​ന്ത്യ​യി​ൽ നി​ന്ന് ക്ഷ​ണി​ക്ക​പ്പെ​ട്ട ഏക​ വ്യ​ക്തി ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ സ​ഹാ​യ​ത്തി​നാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ സ​മ​യ​വും ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് കാ​റോ​ടി​ച്ച​ത്. നാ​ലു ദി​വ​സ​ത്തെ യാ​ത്ര​യി​ൽ ടോയ്‌ലറ്റിൽ പോകുന്നത് ഒ​ഴി​വാ​ക്കാ​ൻ ഇ​ള​നീ​ർ മാ​ത്ര​മാ​ണ് കു​ടി​ച്ച​ത്. ബി​ബി​സി അ​ട​ക്കം വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ ഇ​ദ്ദേ​ഹ​ത്തെക്കു​റി​ച്ച് വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ വാ​ർ​ത്ത​ക​ൾ ന​ൽ​കി. ഔട്ട്‌ലുക്ക് മാ​ഗ​സി​ൻ മു​സ്ത​ഫ​യു​ടെ ഒ​രു എ​ക്സ്ക്ലൂ​സീ​വ് അ​ഭി​മു​ഖം ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​റീ​സ​യി​ൽ നി​ന്നും ര​ണ്ടു പേ​ർ

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ഡീഷ​യി​ൽ നി​ന്നു ര​ണ്ടു പേ​ർ അത്ത​രം വാ​ഹ​നം ത​ങ്ങ​ൾ​ക്കും നി​ർ​മി​ച്ചു ന​ൽ​കു​മോ എ​ന്ന അ​ന്വേ​ഷ​ണ​വു​മാ​യി മു​സ്ത​ഫ​യെ സ​മീ​പി​ച്ചു. ന​ബാ​ഡി​ലെ ര​ണ്ട് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന അ​വ​ർ​ക്ക് കാ​ലി​ന് സ്വാ​ധീ​ന​മി​ല്ലാ​യി​രു​ന്നു. ത​ന്നെപ്പോ​ലെ വീ​ൽ​ച്ചെ​യ​റി​ൽ ജീ​വി​തം ത​ള്ളിനീ​ക്കു​ന്ന പ​ല​ർ​ക്കും പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഡ്രൈ​വ് ചെ​യ്യാൻ ​ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് മു​സ്ത​ഫ അ​ന്ന് മ​ന​സി​ലാ​ക്കി. അ​തോ​ടെ അ​ത്ത​ര​ക്കാർ​ക്കാ​യി കാ​റു​ക​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ദ്ദേ​ഹം തു​ട​ങ്ങി. ന​ബാ​ഡി​ലെ ആ ​ഉ​ദ്യേ​ഗ​സ്ഥ​ർ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ആ​ദ്യ​ത്തെ കാ​ർ നി​ർ​മാ​ണം. തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യു​ള്ള റെ​ജി എ​ന്നൊരാ​ൾ​ക്ക് അ​ത്ത​രം ഒ​രു കാ​ർ നി​ർ​മി​ച്ചു ന​ൽ​കി. പി​ന്നെ ര​മ​ണ​റാ​വു എ​ന്നൊ​രു ചെ​ന്നൈ സ്വ​ദേ​ശി​ക്ക്. അ​ന്വേ​ഷ​ണ​ങ്ങ​ൾ പി​ന്നെ തു​ട​രെ വ​ന്നു.


അ​പ്പോ​ഴേ​ക്കും മ​ല​പ്പു​റ​ത്തെ കോ​ഡൂ​രി​ൽ പെ​ർ​ഫെ​ക്ട് വെ​ഹി​ക്കി​ൾ കാർ സെ​ന്‍റ​ർ എ​ന്നൊ​രു സ്ഥാ​പ​നം മു​സ്ത​ഫ ആ​രം​ഭി​ച്ചി​രു​ന്നു. കൂ​ടെ മെക്കാ​നി​ക്ക് വി​ജ​യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​രു​മു​ണ്ട്. വി​ജ​യ​നാ​ണ്് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ത​ന്‍റെ വാ​ഹ​ന നി​ർ​മി​തി​ക്ക് പി​ന്നി​ലെ വ​ലിയ ​വി​ജ​യ​ര​ഹ​സ്യം എ​ന്ന് തു​റ​ന്നു പ​റ​യാ​നും മു​സ്ത​ഫ​യ്ക്ക് മ​ടി​യി​ല്ല.

ക​ഴിഞ്ഞ 19 ​വ​ർ​ഷ​ത്തി​നി​ട​യി​ൽ ശാരീരിക ന്യൂനത​യുള്ള​വ​ർ​ക്കാ​യി 1400 കാ​റു​ക​ളാ​ണ് മു​സ്ത​ഫ ഇ​ങ്ങ​നെ പ​രി​ഷ്ക​രി​ച്ചു ന​ൽ​കി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം ലോ​ക​ത്തി​ലെ എട്ട് ക​ന്പ​നി​ക​ളുടെ 46 ​ത​രം കാ​റു​ക​ളി​ൽ പ​രി​ഷ്കാ​രം വ​രു​ത്താ​നു​ള്ള അം​ഗീ​കാ​രം ഇ​ന്ന് മുസ്ത​ഫ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫെ​ർ​ഫെ​ക്ട് വെ​ഹി​ക്കി​ൾ കാ​ർ സെ​ന്‍റ​റും നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാർ​ട്ട്മെ​ന്‍റി​ന്‍റെ(​എം​വി​ഡി)​അം​ഗീ​കാ​ര​വു​മു​ണ്ട്.

മാരുതി മുതൽ വോൾവോ വരെ

ഈ ​സ​ഹാ​യ​ങ്ങ​ൾ ത​നി​ക്കും ത​ന്നെപ്പോ​ലെ ശാരീരിക ന്യൂനത​യു​ള്ള ഒ​രു​പാ​ടു​പേ​ർ​ക്കും വ​ലി​യ ഉ​പ​കാ​ര​മാ​ണ് എ​ന്ന് മു​സ്ത​ഫ പറയു​ന്നു. മു​സ്ത​ഫ ഡി​സൈ​ൻ ചെ​യ്തു ന​ൽ​കി​യ കാ​റു​ക​ൾ കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല ക​ർ​ണാ​ട​ക, ആ​ന്ധ്ര, ത​മി​ഴ്നാ​ട്, ഒ​ഡീഷ, ആന്‌ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ​യു​ള്ള നി​ര​ത്തു​ക​ളി​ൽ ഇ​ന്ന് ഓ​ടു​ന്നു​ണ്ട്. അ​വ​യി​ൽ ബി​എം​ഡ​ബ്ല്യൂ, വോ​ൾ​വോ, ഔഡി തു​ട​ങ്ങി ലോ​ക​ത്തി​ലെ എ​ല്ലാ വ​ന്പ​ൻ ക​ന്പ​നി​ക്കാ​രു​ടെ​യും എ​ല്ലാ​ത്ത​രം ല​ക്ഷ്വ​റി കാ​റു​ക​ളും പെ​ടും.

ആ​വ​ശ്യ​ക്കാ​രു​ടെ ശ​രീ​ര​ത്തി​ന്‍റെ വൈ​ക​ല്യം മ​ന​സി​ലാ​ക്കി അ​തി​ന് അനു​സൃ​ത​മാ​യ വാ​ഹ​ന പ​രി​ഷ്ക​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത് എ​ന്ന​തി​നാ​ൽ മു​സ്ത​ഫ​യു​ടെ ഡ്രൈ​വി​ംഗ് കി​റ്റു​ക​ൾ​ക്ക് അ​തി​ന​നു​സ​രി​ച്ച് വി​ല​യി​ലും മാ​റ്റ​മു​ണ്ട്. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ ഹൈ​ഡ്രോ​ളി​ക്ക് ടെ​ക്നോ​ള​ജി​വ​രെ ഇ​ന്ന് അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ക്കു​ന്നു.

ആ​ദ്യ​കാ​ല​ത്ത് കൈ​ക​ൾ ച​ലി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കുവേ​ണ്ടി വാ​ഹ​നം നി​ർ​മി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ന് ഒ​രു വി​ര​ൽ കൊ​ണ്ടു പോ​ലും പ്ര​വർത്തി​പ്പി​ക്കാ​വു​ന്ന ഡ്രൈ​വിം​ഗ് കി​റ്റു​ക​ൾ മു​സ്ത ഫ ​ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ​യി​ടെ സ്വ​യം കാ​റോ​ടി​ച്ചു പോ​യി പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട കോ​ഴി​ക്കോ​ട്ടു​ള്ള പ്ര​ജി​ത്ത് എ​ന്ന​യാ​ൾ ഉ​പ​യോ​ഗി​ച്ച​ത് മു​സ്ത​ഫ ഡിസൈ​ൻ ചെ​യ്ത വാ​ഹ​ന​മാ​ണ്.

ഇ​തി​നൊ​ക്കെ പു​റ​മെ പ്ര​ത്യ​ക്ഷ​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ലാത്ത ​കാ​ർ​ഷി​ക മേ​ഖ​ല​യി​ലും മു​സ്ത​ഫ ത​ന്‍റെ ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട് എ​ന്നതും ​ശ്ര​ദ്ധേ​യ​മാ​ണ്. 16 ഏ​ക്ക​ർ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് അ​വി​ടെ പൂ​ർ​ണ​മാ​യും ജൈ​വ​കൃ​ഷി പ​രീ​ക്ഷി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ക​പ്പ​യും വാ​ഴ​യും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാം അ​വി​ടെ കൃ​ഷി ചെ​യ്യു​ക​യും അ​വ​യ്ക്ക് കൃ​ത്യ​മാ​യ വി​പ​ണി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ 1.35 ഏ​ക്ക​റി​ൽ ലൈ​ഫ് ലൈ​ൻ എ​ന്ന പേ​രി​ൽ, വം​ശ​നാ​ശം നേ​രി​ടു​ന്ന 360ൽ ​പ​രം ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ അ​പൂ​ർ​വ ക​ല​വ​റ​യാ​യ ഒ​രു തോ​ട്ട​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ടന്നുവ​രു​ന്നു​ണ്ട്.

ശാരീരിക ന്യൂനതയുള്ളവർക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്

ശാരീരിക ന്യൂനത​ സം​ഭ​വി​ച്ച​വ​ർ ആ​രു​ടെ മു​ന്പി​ലും ഔദാ​ര്യ​ത്തി​നു ചെന്നു കൈ​നീ​ട്ടാ​തെ സ്വ​യംപ​ര്യാ​പ്ത​ത നേ​ടു​ന്ന ഒ​രു സ​മൂ​ഹ​മാ​ണ് മു​സ്ത​ഫ​യു​ടെ സ്വ​പ്നം. അ​തി​നാ​യി ചി​ല പ്ര​വ​ർ​ത്ത​ന മാ​തൃ​ക​യ്ക്ക് അ​ദ്ദേ​ഹം തു​ട​ക്ക​മി​ട്ടുക​ഴി​ഞ്ഞു. സൂര്യ ടിവിയിലെ ഡീ​ൽ ഓ​ർ നോ ​ഡീ​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു കി​ട്ടി​യ മു​ന്ന​ര ല​ക്ഷം രൂ​പ​യു​മാ​യി മ​ല​പ്പു​റ​ത്തെ ച​ക്കി​പ്പ​റ​ന്പി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സി​എം​സി വെ​ല്ലൂ​രി​ന്‍റെ മാ​തൃ​ക​യി​ൽ ഒ​രു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​വൃ​ത്തി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് അ​ദ്ദേ​ഹം. ഒ​രു സു​ഹൃ​ത്ത് അ​തി​നാ​യി 54 സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും അ​തി​ന്‍റെ കാ ര്യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. നാലു കോ​ടി രൂ​പ ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​സ്ഥാ​പ​നം ഇ​നി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​യി പൂ​ർണ​മാ​യ തോ​തി​ൽ പ്ര​വർത്തി​ച്ചു തു​ട​ങ്ങും.

ഈ ​സ്ഥാ​പ​ന​ത്തി​ലൂ​ടെ ത​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത് വ​ള​രെ വ​ലി​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് മു​സ്ത​ഫ പ​റ​യു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രാ​ൾ​ക്ക് അ​പ​ക​ട​ത്തിൽ ​കാ​ര്യ​മാ​യ ശാരീരിക ന്യൂനത​ സം​ഭ​വി​ക്കു​ന്നു എ​ന്നു വയ്ക്കു​ക. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​യാ​ൾ വീ​ട്ടി​ലെ​ത്തി​യാ​ൽ കി​ട​ക്ക​യി​ലോ വീ​ൽ​ച്ചെ​യ​റി​ലോ ആ​യി മ​രി​ച്ച​തി​ന് തു​ല്യം ന​ര​കി​ച്ച് ജീ​വി​ക്കും. ആ ​സ്ഥി​തി​ക്ക് മാ​റ്റ​മു​ണ്ടാ​ക​ണം.

അത്ത​രം വ്യ​ക്തി​ക​ൾ​ക്ക് എ​ന്തൊ​ക്കെ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് സ​മൂ​ഹ​ത്തി​ന് കാട്ടി​ക്കൊ​ടു​ക്കാ​നു​ള്ള ഒ​രു ശ്ര​മ​മാ​ണ് മു​സ്ത​ഫ വി​ഭാ​വ​ന ചെ​യ്യു​ന്ന​ത്. അ​വ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച് ഫി​സി​യോ തെ​റാ​പ്പി, ഒ​ക്ക്യു​പ്പേ​ഷ​ണൽ ​തെ​റാ​പ്പി തു​ട​ങ്ങി​യ പ​ല​ത​രം ചി​കി​ത്സ​ക​ളി​ലൂ​ടെ അ​വ​രു​ടെ ശാ​രീ​രി​ക​വും മാ​ന​സിക​വു​മാ​യ വൈ​ക​ല്യ​ങ്ങ​ളെ മാ​റ്റി​യെ​ടു​ക്കാ​നാ​ണ് നോ​ക്കു​ക. തു​ട​ർ​ന്ന് അ​വ​രോ​രു​രു​ത്ത​ർ​ക്കും ഇ​ണ​ങ്ങു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കും. ഡ്രൈ​വി​ംഗ് പ​ഠി​പ്പി​ക്കും.അ​വ​ർ​ക്ക് പൊ​തു​വെ​യു​ള്ള അ​പ​ക​ർ​ഷ​താബോ​ധം ഇ​ല്ലാ​താ​ക്കാ​നു​ള്ള ക്ലാ​സു​ക​ൾ ന​ൽ​കും. ചു​രു​ക്ക​ത്തി​ൽ അ​വ​രെ പു​തി​യൊ​രു മ​നു​ഷ്യ​രാ​ക്കി മാ​റ്റും. അ​വി​ടെ പ​രി​ശീ​ല​നം കി​ട്ടി പു​റ​ത്തി​റ​ങ്ങു​ന്ന ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​ര​നു സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​താ​പ​മോ ഒൗ​ദാ​ര്യ​മോ കൂ​ടാ​തെ ഒ​രു തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള പ്രാ​പ്തി​യു​ണ്ടാ​യി​രി​ക്കും എ​ന്ന് ഒ​ട്ടൊ​രു അ​ഭി​മാ​ന​ത്തോ​ടെ മു​സ്ത​ഫ പ​റ​യു​ന്നു.

അ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് ആ​യി​രം ജ​ന്മ​ങ്ങ​ളു​ടെ ദുഃ​ഖ​വും ദു​രി​ത​വും ദു​ര​ന്ത​വും ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ഴു​ള്ള ചി​ല അ​ഭി​ശ​പ്ത നി​മി​ഷ​ങ്ങ​ളി​ൽ അ​റി​യാ​തെ ദൈ​വ​ത്തെ വി​ളി​ച്ച് മു​സ്ത​ഫ ക​ര​ഞ്ഞു ചോ​ദി​ച്ചി​രു​ന്നു-​എ​ന്തി​നാ​ണ് എ​നി​ക്കു നീ ​ഈ ജ​ന്മം ത​ന്ന​ത് എ​ന്ന്. പ​ക്ഷെ, ഇ​ന്ന് അ​ദ്ദേ​ഹ​മ​ത് കു​റ്റ​ബോ​ധ​ത്തോ​ടെ തി​രു​ത്തു​ന്നു. ആ​രോ​ഗ്യ​വാ​നാ​യാ​ണ് ജീ​വി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി മാ​ത്രം അ​റി​യ​പ്പെ​ട്ട് മ​രി​ച്ചു പോ​കു​ക​യും മ​റ​ന്നുപോ​കു​ക​യും ചെ​യ്യു​മാ​യി​രു​ന്ന താ​ൻ, ഇ​ന്ന് സ​മൂ​ഹ​ത്തി​ലെ കു​റേ ആ​ളു​ക​ളു​ടെ മ​ന​സി​ലും ജീ​വി​ത​ത്തി​ലും ഒ​രി​ക്ക​ലും മാ​യ്ക്കാ​നും മ​റ​ക്കാ​നും ക​ഴി​യാ​ത്ത​വി​ധം അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട​ത് ത​ന്‍റെ ശാ​രീ​രി​ക പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ചു കൊ​ണ്ട് ചെ​യ്ത സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ­­

മി​നീ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്