പേ​ച്ചി​പ്പാ​റ അ​ണ​ക്കെ​ട്ടും സ​മ​ര​നാ​യി​ക​യും
പ്ര​ക്ഷോ​ഭ​കാ​രി​യാ​യ ഒ​രു ഗോ​ത്ര​വാ​സി വ​നി​ത​യു​ടെ പേ​രി​ൽ ഒ​രു അ​ണ​ക്കെ​ട്ട്-​പേ​ച്ചി​പ്പാ​റ. 117 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​ഡാം നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ വ​ലി​യൊ​രു പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ച​രി​ത്ര​മു​ണ്ട്.

അ​ല​ക്സാ​ണ്ട​ർ മി​ൻ​ചി​ൻ എ​ന്ന യൂ​റോ​പ്യ​ൻ എ​ൻ​ജി​നി​യ​റു​ടെ നി​ർ​മി​തി​യാ​ണ് പേ​ച്ചി​പ്പാ​റ അ​ണ​ക്കെ​ട്ട്. ക​ന്യാ​കു​മാ​രി ഉ​ൾ​പ്പെ​ട്ടി​രു​ന്ന പ​ഴ​യ തി​രു​വി​താം​കൂ​റി​ന്‍റെ കാ​ർ​ഷി​ക സ​മൃ​ദ്ധി​ക്കു​വേ​ണ്ടി ശ്രീ​മൂ​ലം തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് നി​ർ​മി​ച്ച​താ​ണി​ത്. പാ​ണ്ഡ്യ​ദേ​ശ​മാ​യ മ​ധു​ര​യി​ൽ മി​ൻ​ചി​ൻ അ​ക്കാ​ല​ത്ത് ഒ​രു അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച​തായി അ​റി​ഞ്ഞാ​ണ് ശ്രീ​മൂ​ലം തി​രു​നാ​ൾ ദി​വാ​ൻ താ​ണു​പി​ള്ള​യെ അ​യ​ച്ച് മി​ൻ​ചി​നെ അ​ണ​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന​ത്.

തി​രു​വി​താം​കൂ​റി​ന്‍റെ നെ​ല്ല​റ​യാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ക​ന്യാ​കു​മാ​രിയിലെ നാ​ഞ്ചി​നാ​ട്. വി​സ്തൃ​തമാ​യ പാ​ട​ങ്ങ​ളി​ൽ വി​ള​യു​ന്ന അ​രി​യാ​യി​രു​ന്നു തെ​ക്ക​ൻ തി​രു​വി​താം​കൂ​റി​ന്‍റെ അ​ന്നം. കൂ​ടാ​തെ തെ​ങ്ങ്, വാ​ഴ, ക​രി​ന്പ് കൃ​ഷി​യും ഏ​റെ​യു​ണ്ടാ​യി​രു​ന്നു. പി​ൽ​ക്കാ​ല കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി​ക്കു ക​രു​ത​ലാ​യി മാ​റി​യ​ത് പോയ നൂറ്റാണ്ടിലെ നി​ർ​മാ​ണ വി​സ്മ​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ പേ​ച്ചി​പ്പാ​റ അ​ണ​ക്കെ​ട്ടാ​ണ്.

അ​ഗ​സ്ത്യ​മ​ല​യി​ൽ നിന്നും ഉ​ത്ഭ​വി​ക്കു​ന്ന താ​മ്ര​പ​ർ​ണി​യും കോ​ത​യാ​റും കാ​ളി​കേ​ശ​വും ക​ല്ലാ​റും സം​ഗ​മി​ക്കു​ന്ന​ത് കൊ​ടും​വ​ന​മാ​യിരുന്ന പേ​ച്ചി​പ്പാ​റ​യി​ലാ​ണ്. മ​ഴ​ക്കാ​ടു​ക​ളും കു​ന്നു​ക​ളും പു​ൽ​മേ​ടു​ക​ളും നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​ണ് മി​ൻ​ചി​ൻ ഇ​വി​ടെ​യാ​ണ് അ​ണ​ക്കെ​ട്ട് പണിയാൻ അനുയോജ്യമായ സ്ഥലം ക​ണ്ടെ​ത്തി​യ​ത്. വ​ന​ത്തി​ൽ അ​ക്കാ​ല​ത്തെ താ​മ​സ​ക്കാ​ർ കാ​ണി ഗോ​ത്ര​വാ​സി​ക​ളാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ അ​ണ​കെ​ട്ടി​യാ​ൽ അ​ത് ദൈ​വ​കോ​പ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും വം​ശം ത​ന്നെ മു​ങ്ങി ഇ​ല്ലാ​താ​കു​മെ​ന്നും ആ​ശ​ങ്ക​പ്പെ​ട്ട് അ​ണ​ക്കെ​ട്ട് പ​ദ്ധ​തി​ക്കെ​തിരേ വനവാസികൾ പ്ര​ക്ഷോ​ഭം തു​ട​ങ്ങി. മൂ​പ്പ​ൻ​കാ​ണി​യു​ടെ മ​ക​ൾ പേ​ച്ചി എ​ന്ന ഇ​രു​പ​തു​കാ​രി​യാ​യി​രു​ന്നു വ​ന​വാ​സി​ക​ളു​ടെ പ്ര​ക്ഷോ​ഭം ന​യി​ച്ച​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പേ​ച്ചി​യു​ടെ നി​ല​പാ​ട്. രാ​ജാ​വും മി​ൻ​ചി​നും അ​ത് വ​ക​വ​യ്ക്കാ​തെ ത​ക്ക​ല, പ​ത്മ​നാ​ഭ​പു​രം, കു​ല​ശേ​ഖ​രം, ക​ളി​യി​ക്കാ​വി​ള, മാ​ർ​ത്താ​ണ്ഡം, കൊ​ല്ല​ങ്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നൂ​റു​ക​ണക്കിന് തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ചു. അ​ണ​ക്കെ​ട്ട് പ​ണി​ക്ക് ഇ​റ​ങ്ങി​യാ​ൽ ദൈ​വ​കോ​പം ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ തൊഴിലാളികൾ മ​ടി​ച്ചു​നി​ന്നു. ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​വാ​ത്ത​വ​ർ​ക്ക് വ​ധശി​ക്ഷ ന​ൽ​കു​മെ​ന്ന് രാജാവ് ഉ​ത്ത​ര​വി​റ​ക്കി. ഒ​പ്പം കരുത്തൻമാരായ മ​റ​വവി​ഭാ​ഗ​ത്തെ കൂ​ടു​ത​ലാ​യി പ​ണി​ക്ക് കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു.

ക​രി​ങ്ക​ല്ലും കു​മ്മാ​യ​വും മു​ട്ട​യും ചേ​ർ​ത്ത മി​ശ്രി​ത​ത്തി​ലാ​യി​രു​ന്നു അണക്കെട്ട് നി​ർ​മാ​ണം. പ​ണി മു​ന്നോ​ട്ടു​പോ​കും​തോ​റും നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​ം ന​ശി​പ്പി​ക്കു​ന്ന​തു പ​തി​വാ​യി. പേ​ച്ചി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി​ക​ളാ​ണ് നിർ‌മാണത്തിലിരിക്കുന്ന അ​ണ​ക്കെ​ട്ട് ത​ക​ർ​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി മി​ൻ​ചി​ൻ വി​ല​ക്കി​യെ​ങ്കി​ലും കാ​ണി​ക്കാ​ർ പി​ൻ​മാ​റിയില്ല. അ​വ​സാ​നം സ​മ​ര​നാ​യി​ക​യാ​യ പേ​ച്ചി​യെ കൊ​ല്ലാ​ൻ തീ​രു​മാ​ന​മാ​യി. അ​ന്പും വി​ല്ലു​മാ​യി പ്ര​തി​രോ​ധ​ത്തി​നി​റ​ങ്ങി​യ പേ​ച്ചി​യെ മി​ൻ​ചി​ൻ വെ​ടി​വ​ച്ചു​കൊ​ന്നു. വെടിയേറ്റു വീഴുന്നതിനു മു​ൻ​പ് പേ​ച്ചി ഇ​ങ്ങ​നെ ആ​ക്രോ​ശി​ച്ചുവത്രെ. ‘എ​ന്നെ വെ​ടി​വ​ച്ചി​ടുന്ന താ​നും ഇ​വി​ടെ ത​ന്നെ മ​രി​ക്കും.

ത​ന്‍റെ ശ​രീ​രം അ​ണ​ക്കെ​ട്ടി​ന്‍റെ മു​ക​ളി​ലും എ​ന്‍റെ മൃ​ത​ദേ​ഹം അ​തി​നു താ​ഴെ​യു​മാ​യി​രി​ക്കും അടക്കം ചെയ്യുക’. വെ​ടി​യേ​റ്റു​വീ​ണ പേ​ച്ചി​യു​ടെ മൃ​ത​ദേ​ഹം അ​ണ​ക്കെ​ട്ടി​ന് താ​ഴെ വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

1897 സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങി​യ അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം 1905ൽ ​ പൂ​ർ​ത്തീ​ക​രി​ച്ചു. പേ​ച്ചി​യെ വെ​ടി​വ​ച്ച് കൊ​ന്ന കു​റ്റ​സ​മ്മ​ത​ത്താ​ലാ​കാം കോ​ത​യാ​റി​ന്‍റെ തീ​ര​ത്ത് പ​ണി​ത അ​ണ​ക്കെ​ട്ടി​ന് മി​ൻ​ചി​ൻ​ പേ​ച്ചി​പ്പാ​റ അ​ണ​ക്കെ​ട്ട് എ​ന്ന് പേ​രിട്ടു.

നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നു 42 കി​ലോമീ​റ്റ​റും കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ന്ന് 25 കി​ലോമീ​റ്റ​റും മാ​റി​യാ​ണ് പേ​ച്ചി​പ്പാ​റ ഡാം. 48.0 അ​ടി അടിത്തറയും 1396 അ​ടി നീ​ള​വും 396 അ​ടി ഉ​യ​ര​വു​മു​ള്ള അ​ണ​ക്കെ​ട്ട് ഇ​ന്നും ക​രു​ത്തോ​ടെ നി​ൽ​ക്കു​ന്നു. ഡാ​മി​നു താ​ഴെ സം​സ്ക​രി​ച്ച പേ​ച്ചി​യെ കാ​ണി​ക്കാ​ർ ഇ​ക്കാ​ല​ത്തും കു​ല​ദൈ​വ​മാ​യി ക​രു​തി പ്ര​ത്യേ​കം അ​ന്പ​ലം പ​ണി​ത് ​ പൂ​ജ​കൾ ന​ട​ത്തു​ന്നു. പി​ൽ​ക്കാ​ല​ത്ത് തി​രു​വി​താംകൂ​റി​ലെ ചീ​ഫ് എ​ൻ​ജി​നി​യ​റാ​യി മാ​റി ഡാം ​പ​രി​സ​ര​ത്ത് ത​ന്നെ മ​രി​ച്ച മി​ൻ​ചി​ന്‍റെ ശ​വ​കു​ടീ​രം അ​ണ​ക്കെ​ട്ടി​ന് മു​ക​ളി​ലു​ണ്ട്. ദൈ​വ​ത്തി​ന്‍റെ കൈ​ക​ൾ ഇ​വി​ടെ നി​ത്യ​ത​യി​ലാ​കു​ന്നു എ​ന്ന് ശ​വ​കു​ടീ​ര​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു.

സുനിൽ കോട്ടൂർ