വള്ളംകളിക്കാലം
മി​ക്ക വ​ള്ളം​ക​ളി​ക​ളു​ടേ​യും തു​ട​ക്കം ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ടോ ആ​ചാ​ര​ങ്ങ​ളോ​ടോ ബ​ന്ധ​പ്പെ​ട്ട​താ​ണ്. അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തോ​ടും ച​ന്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യോ​ടവുമൊക്കെ​ച്ചേ​ർ​ന്ന പാ​ര​ന്പ​ര്യം വ​ള്ളം​ക​ളി​ക​ൾ​ക്ക് പ​റ​യാ​നു​ണ്ട്.

ഒ​രേ ആ​വേ​ശം, ഒ​രേ ല​ക്ഷ്യം. കൈ​യും മെ​യ്യും മ​ന​വും മ​റ​ന്നു​ള്ള ജ​ല​പോ​രാ​ട്ട​ത്തി​ൽ വ​ള്ള​ക്കാ​ർ​ക്കും ക​ര​ക്കാ​ർ​ക്കും കാ​ണി​ക​ൾ​ക്കും ഒ​രേ വി​കാ​രം. ഓ​ള​പ്പ​ര​പ്പി​ൽ വെ​ള്ളി​വി​ത​റു​ന്ന പ​ങ്കാ​യ​ങ്ങ​ളു​ടെ മി​ന്ന​ലി​ൽ ക​രി​നാ​ഗങ്ങളെപ്പോലെ പ​റ​ന്നു​വരുന്ന വ​ള്ള​ങ്ങ​ൾ. ആ​ർ​പ്പു​വി​ളി​യു​ടെ ആ​ര​വം സി​ര​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന മേ​ള​യാ​ണ് വ​ള്ളം​ക​ളി. ഒ​പ്പം ഇ​ത് മ​ല​യാ​ളി​യു​ടെ ത​ന​ത് ക​ല​യും കാ​യി​ക രൂ​പ​വു​മാ​ണ്.

ച​ന്പ​ക്കു​ള​ത്താ​റ്റി​ൽ മി​ഥു​ന​ത്തി​ലെ മൂ​ലം വ​ള്ളം​ക​ളി​യി​ൽ തു​ട​ങ്ങു​ക​യാ​ണ് ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന ജ​ല​മ​ഹോ​ത്സ​വ​ങ്ങ​ൾ.

മി​ക്ക വ​ള്ളം​ക​ളി​ക​ളു​ടേ​യും തു​ട​ക്കം ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ടോ ആ​ചാ​ര​ങ്ങ​ളോ​ടോ ബ​ന്ധ​പ്പെ​ട്ട​താ​ണ്. അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തോ​ടും ച​ന്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യോ​ടു​മൊ​ക്കെ​ച്ചേ​ർ​ന്ന പാ​ര​ന്പ​ര്യം വ​ള്ളം​ക​ളി​ക​ൾ​ക്ക് പ​റ​യാ​നു​ണ്ട്.

ക​ഥ​യു​ടെ തു​ട​ക്കം

പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ചെ​ന്പ​ക​ശേ​രി നാ​ട്ടുരാ​ജാ​വ് പൂ​രാ​ടം തി​രു​നാ​ൾ ദേ​വ​നാ​രാ​യ​ണ​ൻ അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹം കു​റി​ച്ചി ക​രി​ങ്കു​ളം ക്ഷേ​ത്ര​ത്തി​ൽനി​ന്നു പ​ട​യാ​ളി​ക​ളു​ടെ അ​ക​ന്പ​ടി​യി​ൽ പ​ന്പ​യി​ലൂ​ടെ ആ​ന​യി​ച്ച് ച​ന്പ​ക്കു​ളത്ത് എ​ത്തി​യ​പ്പോ​ൾ സ​ന്ധ്യ ​മ​യ​ങ്ങി. രാ​ത്രി​ യാ​ത്ര ഒ​ഴി​വാ​ക്കി ച​ന്പ​ക്കു​ളം മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ൽ വി​ഗ്ര​ഹം ഇ​റ​ക്കിവ​യ്ക്കു​ക​യും കാ​ര​ണ​വ​ർ ഇ​ട്ടി​ത്തൊ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യു​ടെ അ​നു​മ​തി​യോ​ടെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തു. പി​റ്റേ​ന്ന് രാ​വി​ലെ ക​ല്ലൂ​ർ​ക്കാ​ട് ആ​റ്റി​ലൂ​ടെ തെ​ക്കോ​ട്ടു​ള്ള വി​ഗ്ര​ഹ​പ്ര​യാ​ണ​ത്തി​ന് അ​ന്ന​വും ആ​ദ​ര​വു​മൊ​രു​ക്കി ക്രൈ​സ്ത​വ​ർ അ​ന്പ​ല​പ്പു​ഴവ​രെ വ​ള്ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യി​ൽ രാ​ജ​സം​ഘ​ത്തെ അ​നു​ഗ​മി​ച്ച​തി​ന്‍റെ പാ​ര​ന്പ​ര്യ​മാ​ണ് മൂ​ലം വ​ള്ളം​ക​ളി​യു​ടേ​ത്.

ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​യു​ടെ സൗ​ഹാ​ർ​ദ്ദ​ത​യും ചെ​ന്പ​ക​ശേ​രി രാ​ജാ​വി​​ന്‍റെ മ​ഹാ​മ​ന​സ്ക​ത​യും വി​ളി​ച്ചറിച്ച അന്നത്തെ ജലഘോ​ഷ​യാ​ത്ര മ​ത്സ​ര​വ​ള്ളം​ക​ളി​യാ​യി പ​രി​ണ​മി​ച്ചതായാണ് പാരന്പര്യം. പു​രാ​ത​ന​കാ​ല​ത്ത് ഈ​ജി​പ്തി​ലെ നൈ​ൽ​ന​ദി​യി​ൽ വ​ള്ളം​ക​ളി ന​ട​ന്നി​രു​ന്ന​താ​യാ​യി ച​രി​ത്രം പറയുന്നു. ന​മ്മു​ടെ ചു​ണ്ട​നെ​പ്പോ​ലെ നീ​ളം കൂ​ടി​യ ജ​ല​വാ​ഹ​ന​ത്തി​ൽ ആ​ഘോ​ഷ ദിവസങ്ങളിലെ രാ​ത്രി​ക​ളി​ലാ​യി​രു​ന്നു ആ ​മ​ത്സ​രം.

മൂ​ലം വ​ള്ളം​ക​ളി​ക്കു മു​ൻ​പു​ത​ന്നെ ചു​ണ്ട​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​നം വ​ള്ള​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഗ​താ​ഗ​ത​ത്തി​നും ച​ര​ക്കു​നീ​ക്ക​ത്തി​ലും യു​ദ്ധ​ങ്ങ​ൾ​ക്കു​മൊ​ക്കെ​യാ​യി പ​ല വ​ലി​പ്പ​ത്തി​ലും ആ​കൃ​തി​യി​ലു​മു​ള്ള വ​ള്ള​ങ്ങ​ൾ.

ചു​ണ്ട​ൻ, വെ​പ്പ്, ഓ​ടി, ചു​രു​ള​ൻ, തെ​ക്ക​നോ​ടി, പ​ള്ളി​യോ​ടം തു​ട​ങ്ങി​യ​വ​യാ​ണ് വ​ള്ളം​ക​ളി വ​ള്ള​ങ്ങ​ൾ. പ​ള്ളി​യോ​ട​ങ്ങ​ൾ മ​ത്സ​ര​ത്തി​നു മാ​ത്ര​മ​ല്ല, ഘോ​ഷ​യാ​ത്ര​ക​ൾ​ക്കും വ​ഞ്ചി​പ്പാ​ട്ടി​നും പ്രാ​ധാ​ന്യം പ്രസിദ്ധം.
ഓ​ള​പ്പ​ര​പ്പി​ലെ ഒ​ളിന്പിക്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ലെ നെ​ഹ്റു ട്രോ​ഫി​യും വ​ള്ളം​ക​ളി​യു​ടെ പു​തി​യ പ​തി​പ്പാ​യ ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗും (സി.​ബി.​എ​ൽ) മ​ത്സ​ര​ത്തി​നും വേ​ഗ​ത്തി​നും പ്രാ​ധാ​ന്യം ന​ല്കു​ന്നു.

പ​ന്പാ​തീ​ര​ത്തെ മ​ഹാ​ത​ച്ച​ൻ​മാ​രു​ടെ സി​ദ്ധി ത​ല​മു​റ​ക​ൾ​ക്കു ന​ല്കി​യ പ്രൗ​ഢ​മാ​യ സ​മ്മാ​ന​മാ​ണ് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ. ദേ​വ​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന ചു​ണ്ട​ൻവ​ള്ള​ങ്ങ​ളു​ടെ നീ​ള​ഭം​ഗി​യും നി​ർ​മാ​ണ​ചാ​രു​ത​യും അ​പാ​രം​ത​ന്നെ. ഓ​രോ നാ​ടി​​ന്‍റെ​യും ക​ര​യു​ടെ​യും വി​ലാ​സ​മാ​യി​രു​ന്നു ചു​ണ്ട​ൻ. കാ​വാ​ലം, ച​ന്പ​ക്കു​ളം, കാ​രി​ച്ചാ​ൽ, പാ​യി​പ്പാ​ട് ക​ര​ക്കാ​രു​ടെ അ​ഭി​മാ​ന​മു​ദ്ര​യാ​ണ് സ്വ​ന്തം ചു​ണ്ട​നും അതിന്‍റെ പാ​ര​ന്പ​ര്യ​വും വി​ജ​യ​ഗാ​ഥ​ക​ളും. അ​ന്പ​ല​പ്പു​ഴ ആ​സ്ഥാ​ന​മാ​ക്കി​യി​രു​ന്ന ചെ​ന്പ​ക​ശേ​രി രാ​ജാ​വ് കാ​യ​കു​ളം രാ​ജാ​വി​നോ​ട് യു​ദ്ധം ചെ​യ്യാ​ൻ നി​ർ​മി​ച്ച ജ​ല​വാ​ഹ​ന​മാ​ണ് ചു​ണ്ട​ന്‍റെ ആ​ദ്യ​രൂ​പം. രാ​ജ​ക​ൽ​പ​ന​പ്ര​കാ​രം കൊ​ടു​പ്പു​ന്ന വെ​ങ്കി​ട​യി​ൽ നാ​രാ​യ​ണ​നാ​ചാ​രി കൊ​തു​ന്പി​ൽ നി​ർ​മി​ച്ച മാ​തൃ​ക ഇ​ഷ്ട​പ്പെ​ട്ട രാ​ജാ​വ് അ​തേ ഘ​ട​ന​യി​ൽ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ നാ​രാ​യ​ണ​ൻ ആ​ചാ​രി​യെ​ക്കൊ​ണ്ട് നി​ർ​മ്മി​ച്ചു നീ​റ്റി​ലി​റ​ക്കി.

പേ​രെ​ടു​ത്ത ത​ച്ച​ൻ​മാ​ർ

യു​ദ്ധം ജ​യി​ച്ച ചെ​ന്പ​ക​ശേ​രി രാ​ജാ​വ്, നാ​രാ​യ​ണ​ൻ ആ​ചാ​രി​ക്ക് സ്ഥാ​ന​മാ​ന​ങ്ങ​ളും ഭൂ​മി​യും സ​മ്മാ​നി​ച്ചു. എ​ട​ത്വാ നീ​ല​ക​ണ്ഠ​നാ​ചാ​രി, ച​ങ്ങ​ങ്ക​രി പ​ത്മ​നാ​ഭ​നാ​ചാ​രി, കോ​യി​ൽ​മു​ക്ക് നാ​രാ​യ​ണ​നാ​ചാ​രി, ച​ങ്ങ​ങ്ക​രി ത​ങ്ക​പ്പ​നാ​ചാ​രി എ​ന്നി​വ​രൊ​ക്കെ ഓ​രോ കാ​ല​ങ്ങ​ളി​ലെ പെ​രു​മ​യു​ള്ള ചു​ണ്ട​ൻ ശി​ല്പി​ക​ളാ​യി​രു​ന്നു. പ​ള്ളി​യോ​ട​ം നി​ർ​മി​തി​യി​ൽ പേ​രെ​ടു​ത്ത​വ​രാ​ണ് റാ​ന്നി​യി​ലെ കേ​ശ​വ​നാ​ചാ​രി​യും കൊ​ച്ചു​കു​ഞ്ഞാ​ചാ​രി​യും നാ​രാ​യ​ണ​ൻ ആ​ചാ​രി​യും. പ​ള്ളി​യോ​ടം ​നി​ർ​മി​തി​യി​ൽ വി​സ്മ​യം സൃ​ഷ്ടി​ച്ച​വ​രാ​ണ് അ​യി​രൂ​ർ ചെ​ല്ല​പ്പ​നാ​ചാ​രി​യും മാ​ല​ക്ക​ര ഓ​മ​ന​ക്കു​ട്ട​നാ​ചാ​രി​യും. കാ​ല​മാ​റ്റ​ത്തി​ൽ ചു​ണ്ട​ന് പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി. നീ​ളം കൂ​ടി വ​ണ്ണം കു​റ​ഞ്ഞ ആ​കൃ​തി​യി​ലും ‘ഡ’ ​ആ​കൃ​തി​യി​ലും ചു​ണ്ട​ൻ രൂ​പ​പ്പെ​ടു​ത്തു​ന്നു.

എ​ഴു​ത​പ്പെ​ടാ​ത്ത ത​ച്ചു​ശാ​സ്ത്ര​ത്തി​ൽ ത​ച്ച​ന്‍റെ ഹൃ​ദ​യ​ത്തി​ലാ​ണ് ചു​ണ്ട​ൻ രൂ​പം കൊ​ള്ളു​ക. ഉ​ളി​യും കൊ​ട്ടു​വ​ടി​യും ത​ടി​യി​ൽ ചാ​രു​ത​യേ​റി​യ ഉ​ള്ള​റ​ക​ളോ​ടെ പ​ണി​ത് നീ​റ്റി​ലി​റ​ങ്ങി​യാ​ൽ ക​രി​നാ​ഗ​ത്തെ പോ​ലെ ഓ​ള​പ്പാ​ളി​ക​ളെ വെ​ട്ടി​പ്പി​ള​ർ​ന്ന് ചീ​റി​പ്പാ​യും. 800 ക്യു​ബി​ക് അ​ടി ആ​ഞ്ഞി​ലി​ത്ത​ടി​യും 400 കി​ലോ ഇ​രു​ന്പും 25 കി​ലോ പി​ത്ത​ള​യും യോ​ജി​പ്പി​ച്ച് 1750 മു​ത​ൽ 1850 ത​ച്ച് പ​ണി​താ​ലാ​ണ് ഒ​രു ചു​ണ്ട​ൻ നീ​റ്റി​ലി​റ​ക്കാ​നാ​കു​ക. ല​ക്ഷ​ണ​മൊ​ത്ത ആ​ഞ്ഞി​ലി​മ​രം നി​ലം​തൊ​ടാ​തെ മു​റി​ച്ച് അ​നേ​ക​രു​ടെ ശ്ര​മ​ത്തി​ൽ മാ​ലി​പ്പു​ര​യി​ലെ​ത്തി​ച്ച് വാ​ളി​ന് ക​ണ​ക്കൊ​പ്പി​ച്ച് മു​റി​ച്ചാ​ണ് ചു​ണ്ട​​ന്‍റെ പണി. ആ​റു ട​ണ്ണി​ല​ധി​കം ഭാ​ര​ത്തി​ൽ അ​ൻ​പ​ത്തി​നാ​ലേ​കാ​ൽ കോ​ൽ നീ​ള​ത്തി​ലാ​ണ് സാ​ധാ​ര​ണ നി​ർ​മാ​ണം.

നാ​ല് വേ​ദ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന നാ​ല് പ​ങ്കാ​യ​ക്കാ​ർ​ക്കാ​ണ് ചു​ണ്ട​ൻ വ​ള്ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണം. വേ​ഗ​വും രൂ​പ​വും മാ​റി​യ​പ്പോ​ൾ അ​ഞ്ചും ആ​റും പ​ങ്കാ​യ​ക്കാ​രാ​യി. അ​റു​പ​ത്തി​നാ​ല് ക​ല​ക​ളെ അ​നു​സ്മ​രി​പ്പി​ച്ച് അ​റു​പ​ത്തി​നാ​ല് തു​ഴ​ക്കാ​രാ​യി​രു​ന്നു മു​ൻ​പ്. ഇ​ക്കാ​ല​ത്ത് തു​ഴ​ക്കാ​ർ 90 മു​ത​ൽ 100 വ​രെ​യാ​ണ്.

അ​ഷ്‌ടദി​ക്പാ​ല​ക​രെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എ​ട്ട് നി​ല​ക്കാ​രും താ​ള​ക്കാ​രും. അ​വ​രു​ടെ എ​ണ്ണ​മി​പ്പോ​ൾ പ​ത്തും അ​തി​ന് മു​ക​ളി​ലു​മാ​യി.

ഇ​ടി​മു​ഴ​ക്കംപോ​ലെ ഇ​ടി​ത്ത​ടി​യി​ൽ താ​ള​മി​ടു​ന്ന​വ​ർ​ക്കാ​ണ് താ​ള നി​യ​ന്ത്ര​ണം. ക​ര​യി​ൽ ഉ​യ​രു​ന്ന ആ​വേ​ശ​മാ​ണ് ഓ​രോ തു​ഴ​ക്കാ​ര​​ന്‍റെ​യും ഉൗ​ർ​ജം. നീ​റ്റി​ലും വ​ള്ള​പ്പു​ര​യി​ലും ചു​ണ്ട​ന്‍റെ​യും മ​റ്റ് ക​ളി​വ​ള്ള​ങ്ങ​ളു​ടേ​യും പ​രി​പാ​ല​നം വ​ള​രെ ശ്ര​മ​ക​ര​വും ചെ​ല​വേ​റി​യ​തു​മാ​ണ്.

മീൻ എ​ണ്ണ, ചി​ര​ട്ട​ക്ക​രി, മു​ട്ട​ക്ക​രു എ​ന്നി​വ​യു​ടെ മി​ശ്രി​തം പു​ര​ട്ടി മി​നു​ക്കി യ​ഥാ​സ​മ​യം കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്ക​ണം. മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ക്ക​മാ​യി ചീ​കി​മി​നു​ക്കി ക​നംകു​റ​ച്ച് ജ​ലാം​ശം ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ വേ​ഗം നേ​ടാ​നു​ള്ള പൊ​ടി​ക്കൈ​ക​ളും ന​ട​ത്ത​ണം. വ​ള്ള​ങ്ങ​ൾ​ക്ക് മു​ൻ​പൊ​ക്കെ കാ​വ​ലു​മു​ണ്ടാ​യി​രു​ന്നു.

പ​ങ്കാ​യ​ക്കാ​രും തു​ഴ​ച്ചി​ലു​കാ​രും

വ​ള്ള​ത്തി​​ന്‍റെ ഗ​തി​യും വേ​ഗ​വും നി​യ​ന്ത്രി​ക്കു​ന്ന​ത് ഏ​ക​ദേ​ശം പ​ന്ത്ര​ണ്ട് അ​ടി നീ​ള​മു​ള്ള പ​ങ്കാ​യം ഉ​പ​യോ​ഗി​ച്ചാ​ണ്. വ​ള്ള​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു പി​ൻ​ബ​ല​വു​മി​ല്ലാ​തെ കേ​വ​ലം ഒ​ര​ടി വീ​തി​യു​ള്ള അ​മ​ര​ത്ത് കാ​ല് മാ​ത്രം ഉ​റ​പ്പി​ച്ച് പ​ങ്കാ​യം കു​ത്തി​യെ​റി​യു​ന്ന​യാ​ൾ വ​ള്ളം​ക​ളി​യി​ലെ താ​ര​മാ​ണ്.

പ​ങ്കാ​യ​ക്കാ​ര​​ന്‍റെ ശ്ര​ദ്ധ പോ​യാ​ൽ വ​ള്ള​ത്തി​​ന്‍റെ ഗ​തി​യും വേ​ഗ​വും മാ​റും. അ​പ​ക​ട​വും സം​ഭ​വി​ക്കാം. കൈ​ക്ക​രു​ത്തും മ​ന​ക്ക​രു​ത്തും പ​രി​ച​യ​വും ഒ​ന്നു​ചേ​ർ​ന്നാ​ലെ ഒ​രു ന​ല്ല പ​ങ്കാ​യ​ക്കാ​ര​നാ​കാ​നാ​കൂ. നാ​ല​ടി മു​ത​ൽ അ​ഞ്ച​ടി വ​രെ നീ​ള​ത്തി​ൽ തു​ഴ​യും ന​യ​ന്പും ഉ​പ​യോ​ഗി​ച്ച് നെ​ട്ടാ​യ​ത്തി​​ന്‍റെ നീ​ളം മു​ഴു​വ​ൻ താ​ളം തെ​റ്റാ​തെ തു​ഴ​യാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ക​രു​ത്തും വേ​ണം. താ​ളംതെ​റ്റി തു​ഴ​യൊ​ന്ന് കൂ​ട്ടി​മു​ട്ടി​യാ​ൽ വേ​ഗം കു​റ​യും. ത​ല​മു​ടി​നാ​ര​ിഴ അക​ലം പോ​ലും ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്പോ​ൾ തു​ഴ​യെ​റി​യി​ല​ിനു നെ​ല്ലി​ട താ​ളം തെ​റ്റാ​നാ​വി​ല്ല. കാ​ലം നീ​ളു​ന്ന ക​ഠി​ന പ​രി​ശീ​ല​ന​മാ​ണ് മി​ക​ച്ച തു​ഴ​ച്ചി​ൽ​കാ​ര​നെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക. ക​ര​ക്കാ​രു​ടെ വ​ള്ളം ക​ര​ക്കാ​ർ ത​ന്നെ തു​ഴ​ഞ്ഞി​രു​ന്ന കാ​ല​ത്ത് തു​ഴ​ച്ചി​ൽ​കാ​ര​ൻ എ​ന്ന​റി​യപ്പെടുന്ന​തും പ​റ​യു​ന്ന​തും അ​ഭി​മാ​ന​മാ​യി​രു​ന്നു.

വ​ള്ള​വും വെ​ള്ള​വും കേ​ര​ള​ക്ക​ര​യു​ടെ ആ​വേ​ശ​വും പ്രൗ​ഢി​യു​മാ​ണ്. ക​ല​യെ​യും ക​ര​വി​രു​തി​നെ​യും കാ​യി​ക​മേ​ഖ​ല​യെ​യും ക​രു​ത്തോ​ടെ വ​ള​ർ​ത്തി​യ​തി​ൽ വ​ള്ളം പ​ണി​ക്കാ​ർ​ക്കും വ​ള്ളം​ക​ളി​ക്കാ​ർ​ക്കും വ​ലി​യ സ്ഥാ​ന​മു​ണ്ട്. മി​ഥു​ന​ത്തി​ൽ തു​ട​ങ്ങു​ന്ന വ​ള്ളം​ക​ളി​ക​ളും ജ​ല ഘോ​ഷ​യാ​ത്ര​ക​ളും വൃ​ശ്ചി​കം വ​രെ നീ​ളും. അ​ന്നു മു​ത​ൽ അ​ടു​ത്ത മി​ഥു​നം വ​രാ​നായി കാ​ത്തി​രി​പ്പാ​ണ്. ആ​വേ​ശ​ത്തി​​ന്‍റെ അ​ഗ്നി പ​ട​രു​ന്പോ​ൾ വി​ദേ​ശ​ത്തും ദൂ​ര​ദേ​ശ​ത്തും ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി പോ​കു​ന്ന​വ​ർ വ​ള്ളം​ക​ളി എ​ത്തു​ന്പോ​ൾ ഏ​തുവി​ധേ​ന​യും നാ​ട്ടി​ലെ​ത്തും. ദേ​ശ​ത്തി​ന്‍റെ മു​ഴു​വ​ൻ ഹൃ​ദ​യ​ത്തു​ടി​പ്പും തു​ഴ​ക​ളി​ൽ സം​ഗ​മി​പ്പി​ക്കു​ന്ന ഓ​ള​പ്പ​ര​പ്പി​ലെ കാ​യി​കാ​ഭ്യാ​സ​മാ​ണ് വ​ള്ളം​ക​ളി. വെ​റും മ​ത്സ​ര​മ​ല്ല ഒ​രു ജ​ന​ത​യു​ടെ ഹൃ​ദ​യ​താ​ള​മാ​ണി​ത്.

പെരുമയുടെ നെഹ്റു ട്രോഫി

ക​ല്ലൂ​ർ​ക്കാ​ട്ടാ​റ്റി​ൽ മി​ഥു​ന​ത്തി​ലെ മൂ​ലം വ​ള്ളം​ക​ളി​യോ​ടെ​യാ​ണ് ജ​ലോ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മെ​ങ്കി​ലും വാ​ശി​യും പേ​രും പെ​രു​മ​യും പു​ന്ന​മ​ട​ക്കാ​യ​ലി​ലെ നെ​ഹ്റു ട്രോ​ഫി​ക്കു​ത​ന്നെ.

പാ​യി​പ്പാ​ട്ടും മാ​ന്നാ​റി​ലും താ​ഴ​ത്ത​ങ്ങാ​ടി​യി​ലും നീ​രേ​റ്റു​പു​റ​ത്തും പു​ളി​ങ്കു​ന്നി​ലും പ​ല്ല​ന​യി​ലും കോ​ട്ട​പ്പു​റ​ത്തും നീ​രേ​റ്റു​പു​റ​ത്തും കു​മ​ര​ക​ത്തും കൊ​ല്ല​ത്തു​മൊ​ക്കെ വാ​ശി​യേ​റി​യ ജ​ല മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലേ​യ്ക്ക് തു​ഴ​ച്ചി​ൽ​കാ​രെ​യും നീ​ന്ത​ൽ​താ​ര​ങ്ങ​ളെ​യും എ​ത്തി​ക്കു​ന്ന​തി​ൽ കേ​ര​ള​ത്തി​ലെ വ​ള്ളം​ക​ളിക​ൾ​ക്ക് വ​ലി​യ പ​ങ്കും പാ​ര​ന്പ​ര്യ​വു​മു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് വ​ള്ളം​ക​ളി​യു​ടെ പി​ൻ​ബ​ലം വി​സ്മ​രി​ക്കാ​നാ​വാ​ത്ത​താ​ണ്.

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ആ​സ്വ​ദി​ക്കാ​ൻ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് പു​ന്ന​മ​ട​തീ​ര​ങ്ങ​ളി​ൽ ആ​വേ​ശ​ത്തി​ര​യി​ള​ക്ക​ത്തി​ൽ ആ​ർ​പ്പു​വി​ളി​ക്കു​ക.

ചു​ണ്ട​ൻ യു​ദ്ധ​വള്ളം, ഇരുട്ടുകുത്തി കള്ളക്കടത്തിന്

ചു​ണ്ട​നി​ലെ പോ​രാ​ളി​ക​ൾ​ക്ക് യ​ഥാ​സ​മ​യം ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നാ​ണ് വെ​പ്പ് വ​ള്ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ജ​ല​യു​ദ്ധ​ത്തി​ൽ പോ​രാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം വേ​ഗ​ത്തി​ലെ​ത്തി​ച്ച് തി​രി​കെ പോ​രു​ന്ന​തി​നാ​ണ് വെ​പ്പു​വ​ള്ളം. അ​മ​രം ചു​ണ്ട​ന്‍റേതു​പോ​ലെ​യും മു​ൻ​വ​ശം നീ​ണ്ട് വ​ള​ഞ്ഞ​തു​മാ​യ വെ​പ്പ് പ​രു​ന്തു​വാ​ല​ൻ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. നാ​ല്പ​ത് മു​ത​ൽ അ​ൻ​പ​ത് വ​രെ തു​ഴ​ച്ചി​ലു​കാ​രു​ണ്ടാ​കും. മി​ക്ക ബോ​ട്ട് ക്ല​ബു​ക​ളും ചു​ണ്ട​നി​ൽ തു​ഴ​യാ​ൻ പി​ൻ​ഗാ​മി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത് വെ​പ്പു​വ​ള്ളം തു​ഴ​യി​ച്ചാ​ണ്.

ക​ള്ള​ക്ക​ട​ത്തി​നും കൊ​ള്ള​യ്ക്കും മു​ൻ​പ് ഉ​യോ​ഗി​ച്ചി​രു​ന്ന​ത് ഇ​രു​ട്ടു​കു​ത്തി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഓ​ടി​വ​ള്ള​ങ്ങ​ളാ​യി​രു​ന്നു. രാ​ത്രി​യി​ൽ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ വേ​ഗ​ത്തി​ലെ​ത്തി അ​ക്ര​മം ന​ട​ത്തു​ന്ന ഓ​ടി ജ​ല​നി​ര​പ്പി​ൽ അ​ധി​കം ഉ​യ​ര​ത്തി​ല​ല്ലാ​തെ​യാ​ണ് കി​ട​പ്പ്. ര​ണ്ട​റ്റ​വും അ​മ​ര​വും അ​ണി​യ​വും ഒ​രു പോ​ലെ​യാ​ണ്. ഓ​ടി ജ​ല​നി​ര​പ്പി​ന് ഒ​പ്പം നി​ല്ക്കു​ന്ന​തി​നാ​ൽ തി​രി​ക്കാ​ൻ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​ണ്. 35 കോ​ൽ വ​രെ നീ​ള​മു​ള്ള ഓ​ടി​യി​ൽ 60 വ​രെ തു​ഴ​ച്ചി​ൽ​കാ​രു​ണ്ടാ​കും.

സ​ന്പ​ന്ന​രു​ടെ വാ​ഹ​ന​മാ​യി​രു​ന്നു ചു​രു​ള​ൻ വ​ള്ള​ങ്ങ​ൾ. ഉ​ല്ലാ​സ​യാ​ത്ര​ക​ൾ​ക്കും ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ള്ളം​ക​ളി​യി​ന​വും ചു​രു​ള​ൻ​ത​ന്നെ.

ആന്‍റണി ആറിൽചിറ
ചന്പക്കുളം