ആർക്കറിയാം: മു​ന്പേ മ​ന​സി​ൽ പ​തി​ഞ്ഞൊ​രു ത്രി​ല്ല​ർ
മു​ന്പേ മ​ന​സി​ൽ പ​തി​ഞ്ഞൊ​രു ത്രി​ല്ല​ർ: സാ​നു ജോ​ണ്‍ വ​ർ​ഗീ​സ്

ആർക്കറിയാം എന്ന ചിത്രത്തിന്‍റെ ത്രി​ല്ല​ർ ആ​ശ​യം 12 വ​ർ​ഷ​ത്തോ​ളം മു​ന്പ് മ​ന​സി​ൽ തോ​ന്നി​യ​താ​ണ്. അന്നു സ്കെ​ച്ച് ബു​ക്കി​ൽ അ​തി​ന്‍റെ വ​ണ്‍​ലൈ​ൻ പ​ക​ർ​ത്തി​യി​ട്ടി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീണ്ടും ​ആ ക​ഥ ആ​ലോ​ചി​ച്ച​പ്പോ​ൾ പ​രി​ചി​ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്കു പ​റി​ച്ചു ന​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ പു​തു​പ്പ​ള്ളി​യാ​ണ് എ​ന്‍റെ സ്ഥ​ലം. എ​നി​ക്ക് ഏറെ പ​രി​ചി​ത​മാ​യ മേ​ഖ​ല​കളാണ് ഈ ​ക​ഥയുടെ അടിസ്ഥാനം.


ലോ​ക്ഡൗ​ണി​ൽ ഗൃ​ഹാ​തു​ര​ത്വം തു​ളു​ന്പു​ന്ന പ​ഴ​യ കാ​ല ഓ​ർ​മ​ക​ളി​ലേ​ക്കു ചേ​ക്കേ​റി​യ​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ച​ക്ക പ​റിച്ചു ക​ഴി​ച്ച​തും നാ​ട​ൻ രു​ചി​ക​ളെ നാ​വി​ൽ തൊ​ട്ട​റി​ഞ്ഞ​തും കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ചു നി​മി​ഷ​ങ്ങ​ൾ പ​ങ്കി​ട്ട​തു​മെ​ല്ലാം വീണ്ടും ​ഈ നാ​ളു​ക​ളി​ലും അ​നു​ഭ​വി​ച്ച​റി​ഞ്ഞു. തി​ര​ക്കുപി​ടി​ച്ച ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴൊ​ക്കെ​യോ നാം ​മ​റ​ന്നുപോ​യ ഗൃ​ഹാ​തു​രത്വം തു​ളു​ന്പു​ന്ന ഓ​ർ​മ​ക​ളി​ലേ​ക്കൊ​രു തി​രി​ച്ചു പോ​ക്കാ​യി​രു​ന്നു കോ​വി​ഡ് നാ​ളു​ക​ളി​ൽ. ആ ​ഓ​ർ​മ​ക​ളെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ചു വീണ്ടും​ഗൃ​ഹാ​തു​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ പ്രേ​ക്ഷ​ക​രെ കെ​ട്ടി​യി​ടു​ക​യാ​ണ് സം​വി​ധാ​യ​ക​നാ​യ സാ​നു ജോ​ണ്‍ വ​ർ​ഗീ​സ്.

ബി​ജു മേ​നോ​ൻ, പാ​ർ​വ​തി, ഷ​റ​ഫു​ദീ​ൻ എ​ന്ന​ിവ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്രങ്ങളാ​യെ​ത്തി പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ ആ​ർ​ക്ക​റി​യാം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് അ​ധി​ക സ​ന്തോ​ഷം സം​വി​ധാ​യ​ക​ൻ പ​ക​രു​ന്ന​ത്. അ​തി​നൊ​പ്പംത​ന്നെ ത്രി​ല്ല​ർ മൂ​ഡി​ന്‍റെ വൈ​കാ​രി​ക​മാ​യ ഇ​ട​ങ്ങ​ളി​ലൂ​ടെ ചി​ത്രം പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊണ്ടുപോ​കു​ന്നുണ്ട്. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ പ​റ​യു​ന്ന​തെ​ങ്കി​ലും ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​നുമു​ന്പ് ത​ന്‍റെ മ​ന​സി​ൽ ഉ​രി​ത്തി​രി​ഞ്ഞ ആ​ശ​യ​മാ​ണ് ആ​ർ​ക്ക​റി​യാമിന്‍റേതെന്നു സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.

മ​ല​യാ​ളി​യെ​ങ്കി​ലും ബോ​ളി​വു​ഡ് സി​നി​മ​ക​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യാ​ണ് സാ​നു ജോ​ണ്‍ വ​ർ​ഗീ​സി​നെ പ്രേ​ക്ഷ​ക​ർ അ​റി​ഞ്ഞു തു​ട​ങ്ങു​ന്ന​ത്. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലെ തി​ര​ക്കേ​റി​യ ഛായാ​ഗ്രാ​ഹ​ക​ൻ സാ​നു ജോ​ണ്‍ വ​ർ​ഗീ​സ് ത​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​ത്തെ​ക്കു​റി​ച്ച്...

ഛായാ​ഗ്രാഹ​കനി​ൽ നി​ന്നു സം​വി​ധാ​ന​ത്തി​ലേ​ക്ക്

സി​നി​മാ എ​ഴു​ത്തി​നോ​ടു​ള്ള ആ​ഗ്ര​ഹം നേ​ര​ത്തെത​ന്നെ​യുണ്ട്. ഛായാ​ഗ്രാ​ഹ​ക​നാ​യി നി​ൽ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കു​ക​ളും സ​മ​യ​ക്കു​റ​വും മൂ​ലം പ​ല​പ്പോ​ഴും എഴുതാൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പോ​യ വ​ർ​ഷം ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് അ​തി​നു​ള്ള സ​മ​യ​വും സാ​വ​കാ​ശ​വും ല​ഭി​ച്ച​ത്. മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ലി​ക്കി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മും​ബൈ​യി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡി​ന്‍റെ പ്ര​ശ്നം രൂ​ക്ഷ​മാ​യി ആ​ദ്യ ലോ​ക്ഡൗ​ണ്‍ വ​രു​ന്ന​ത്. സ​മ​യം ഫ​ല​പ്ര​ദ​മാ​ക്കി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ചി​ന്ത​യി​ൽനി​ന്നാ​ണ് ആ​ർ​ക്ക​റി​യാം എ​ന്ന സി​നി​മ​യു​ടെ എ​ഴു​ത്ത് ന​ട​ക്കു​ന്ന​ത്.

ത്രി​ല്ല​ർ ക​ഥ​യു​ടെ ആ​ശ​യം 12 വ​ർ​ഷ​ത്തോ​ളം മു​ന്പേ മ​ന​സി​ൽ തോ​ന്നി​യ​താ​ണ്. അന്ന് സ്കെ​ച്ച് ബു​ക്കി​ൽ അ​തി​ന്‍റെ വ​ണ്‍​ലൈ​ൻ പ​ക​ർ​ത്തി​യി​ട്ടി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീണ്ടും ​ആ ക​ഥ ആ​ലോ​ചി​ച്ച​പ്പോ​ൾ പ​രി​ചി​ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്കു പ​റി​ച്ചു ന​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ പു​തു​പ്പ​ള്ളി​യാ​ണ് എ​ന്‍റെ സ്ഥ​ലം. എ​നി​ക്കു വ​ള​രെ പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​ണ് ഈ ​ക​ഥ ഞാ​നെ​ഴു​തി​യ​ത്. ക​ഥ​യി​ൽ കു​റ​ച്ച​ധി​കം വ​സ്തു​വ​ക​ക​ളും വീ​ടു​മൊ​ക്കെ​യാ​യു​ള്ള പ​ശ്ചാ​ത്ത​ലം വേ​ണ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് പാ​ലാ​യു​ടെ ഭൂ​മി​ക​യി​ൽ ഒ​രു ക്രി​സ്ത്യ​ൻ കു​ടും​ബ​ത്തി​ലെ ഇ​ട്ടി​യ​വിര​യി​ലേ​ക്കു ക​ഥ എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ഷേ​ർ​ളി​യും റോ​യി​യും മു​ംബൈ​യി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത് ലോ​ക്ഡൗ​ണി​ൽ ഞാ​നും ഭാ​ര്യ​യുംകൂ​ടി നാ​ട്ടി​ലേ​ക്കു കാ​റോ​ടി​ച്ചു വ​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽനി​ന്നു സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ഗൃ​ഹാ​തു​ര​ത്വം, കു​ടും​ബം, ത്രി​ല്ല​ർ



21-ാമ​ത്തെ വ​യ​സി​ൽ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ടി​നോ​ട് യാ​ത്ര പ​റ​ഞ്ഞ​താ​ണ്. പി​ന്നീ​ട് മു​ംബൈ​യി​ലാ​യി ക​രി​യ​റും ജീ​വി​ത​വും. ഇ​ത്ത​രം ഒ​രു ക​ഥ ചി​ന്തി​ച്ച​പ്പോ​ൾ എ​നി​ക്കു പ​രി​ചി​ത​മാ​യ അ​നു​ഭ​വ​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളേ​യും അ​തി​ലേ​ക്കു കൊണ്ടുവ​ന്നു. ഞാ​ൻ ചെ​റു​പ്പ​ത്തി​ൽ ചെ​യ്തി​രു​ന്ന​തും ഇ​ന്നും മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ ഓ​ർ​മ​ക​ളെ ചി​ത്ര​ത്തി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണമെത്തിച്ചു. അ​തു പ്രേ​ക്ഷ​ക​ർ​ക്കു ഗൃ​ഹാ​തു​ര​ത്വം സ​മ്മാ​നി​ക്കു​ന്പോ​ൾ എ​നി​ക്കും സ​ന്തോ​ഷ​മുണ്ട്്. ഇ​ട്ടി​യ​വ​ിര​യും മ​ക​ൾ ഷേ​ർ​ളി​യും മ​രു​മ​ക​ൻ റോ​യി​യും ചേ​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ശ​രി​ക്കും അ​തി​ൽ ത്രി​ല്ല​ർ കണ്ടന്‍റു​ള്ള​തു​കൊണ്ടാ​ണ് സി​നി​മ​യാ​യി രൂ​പ​പ്പെ​ടാ​ൻ നി​ർ​മാ​താ​ക്ക​ളൊ​രു​ക്ക​മാ​യ​ത്. ഇ​തു​പോ​ലെ ത​ന്നെ മ​റ്റൊ​രു ക​ഥാ പ​ശ്ചാ​ത്ത​ലം കൂ​ടി ഞാ​ൻ ചി​ന്തി​ച്ചി​രു​ന്നു. അ​ന്പ​തു വയസു ക​ഴി​ഞ്ഞ രണ്ടു ​പ്രാ​യ​മു​ള്ള​വ​രു​ടെ ക​ഥ​യാ​യി​രു​ന്നു അ​ത്. ഇ​തി​ൽ ത്രി​ല്ല​ർ എ​ല​മെ​ന്‍റു​ള്ള​തു​കൊണ്ടു ചി​ത്രം നി​ർ​മി​ക്ക​പ്പെ​ട്ടു.

എഴുപത്തഞ്ചുകാ​ര​നാ​യി ബി​ജു മേ​നോ​ൻ

ബി​ജു മേ​നോ​നോ​ടു ക​ഥ പ​റ​യു​ന്പോ​ൾ ഇ​ട്ടി​യവി​ര​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നി​ല്ല. ഷ​റ​ഫു​ദീ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥ​പാ​ത്ര​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹ​ത്തോ​ടു ക​ഥ പ​റ​ഞ്ഞ​ത്. ക​ഥ കേ​ട്ടു​ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നി​ഷ്ട​മാ​യി. ബി​ജു​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് ചെ​റു​പ്പ​ക്കാ​ര​നാ​യ ക​ഥാ​പാ​ത്ര​മാ​ണ്. പി​ന്നീ​ടാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് ഇ​ട്ടി​യ​വ​ിരെ​യാ​യാ​ൽ എ​ങ്ങ​നെ​യുണ്ടാ​കുമെന്നു ചോ​ദി​ക്കു​ന്ന​ത്. ബി​ജു മേ​നോ​നോ​ട് അ​ത്ത​ര​ത്തി​ൽ ചോ​ദി​ക്കാ​ൻ കാ​ര​ണം കോ​വി​ഡ് ഭീ​തി​യി​ൽ വ​ള​രെ വെ​ല്ലു​വി​ളി​ക​ൾ​ക്കു ന​ടു​വി​ൽ പ​രി​മി​ത​മാ​യ ചു​റ്റു​പാ​ടി​ലാ​ണ് ചി​ത്രം ഷൂ​ട്ടിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കേണ്ടത്. കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള ആ​ളി​നെവ​ച്ച് അ​ന്നു ഷൂ​ട്ട് ചെ​യ്യു​ക എ​ന്ന​ത് വ​ള​രെ സാ​ഹ​സി​ക​മാ​യ കാ​ര്യ​മാ​ണ്. ബി​ജു മേ​നോ​ൻ ത​ന്നെ ഈ ​ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ചാ​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്നു തോ​ന്നി​. അ​ദ്ദേ​ഹ​ത്തി​നും താ​ല്പ​ര്യ​മാ​യ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക​ത് ആ​ത്മ​വി​ശ്വാ​സ​മാ​യി. അ​തി​നു ശേ​ഷ​മാ​ണ് പാ​ർ​വ​തി​യും ഷ​റ​ഫു​ദീ​നും ചി​ത്ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്.

വെ​ല്ലു​വി​ളി​ക​ളി​ലെ ബ്രി​ല്യ​ൻ​സ്

ലോ​ക്ഡൗ​ണി​നു ശേ​ഷ​വും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. അ​തി​നാ​ൽ പ​രി​മി​ത​മാ​യ ചു​റ്റു​പാ​ടി​ൽ നി​ന്നു​കൊണ്ടു ക​ഥപ​റ​ച്ചി​ലി​ന് അ​നു​യോ​ജ്യ​മാ​യ മേ​ഖ​ല​യാ​ണൊ​രു​ക്കി​യ​ത്. 55 പേ​ർ അ​ട​ങ്ങു​ന്ന സം​ഘം എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ചു 30 ദി​വ​സം​കൊണ്ടു ഷൂ​ട്ടിം​ഗ് തീ​ർ​ത്തു. പാ​ലാ​യ്ക്കു സ​മീ​പം ഈ​രാ​റ്റു​പേ​ട്ട​യി​ലെ തി​ട​നാ​ടാ​യി​രു​ന്നു ലൊ​ക്കേ​ഷ​ൻ. ഒ​രു വീ​ടും അ​തി​നെ ചു​റ്റി​പ്പ​റ്റി​യുമാ​ണ് ക​ഥ പ​റ​യു​ന്ന​ത്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ഥ പ​റ​യാ​നു​ള്ള ഒ​രു ഉ​പ​ക​ര​ണ​മാ​ണ് സി​നി​മാ​റ്റോ​ഗ്ര​ഫി. അ​തി​ൽ ഒ​രേ ഇ​ടം ത​ന്നെ പ​ല സീ​നി​ൽ ആവർത്തിക്കു​ന്പോ​ഴും അ​വി​ടെ പ​ക​രു​ന്ന വൈ​കാ​രി​കത​ലം വേ​റെ​യാ​ണ്. ഡൈ​നിം​ഗ് ടേ​ബി​ളി​ലെ ഒ​രു സീ​നി​ൽ റോ​യി ഇ​ട്ടി​യ​വ​ിര​യേ​യും മ​റ്റൊ​രു സീ​നി​ൽ ഇ​ട്ടി​യ​വി​ര റോ​യി​യെ​യുമാ​ണ് ചേ​സ് ചെ​യ്യു​ന്ന​ത്. രണ്ടു​ സീ​നി​ലും ക​ഥ പ​റ​യാ​നു​ള്ള ഉ​പ​ക​ര​ണ​മാ​ക്കി മാ​ത്രം ടേ​ബി​ളി​നെ മാ​റ്റു​ന്നു. അ​തു രണ്ടു​വീ​ക്ഷ​ണ കോ​ണി​ൽ​നി​ന്നു​ള്ള​താ​ക്കി മാ​റ്റാ​നാ​ണ് ശ്ര​മി​ച്ച​ത്. വൈ​കാ​രി​കത​ല​ങ്ങ​ളി​ലൂ​ടെ ന​മ്മു​ടെ പ​രി​മി​തി​യെ ഉ​പ​കാ​ര​പ്ര​ദ​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ.

ആ​ർ​ക്ക​റി​യാം എ​ന്ന പേ​ര്

ക​ഥ​യു​ടെ ആ​ദ്യ​ത്തെ ഡ്രാ​ഫ്റ്റ് എ​ഴു​തി​യ സ​മ​യ​ത്തുത​ന്നെ ആ​ർ​ക്ക​റി​യാം എ​ന്ന പേ​രി​ലേ​ക്കു ഞാ​നെ​ത്തി​യി​രു​ന്നു. സാ​ഹി​ത്യ​കാ​ര​ൻ സ​ക്ക​റി​യ സാ​റി​ന്‍റെ വ​ള​രെ പ്ര​ശസ്ത​മാ​യ ഒ​രു ക​ഥ​യാ​ണ് ആ​ർ​ക്ക​റി​യാം. ഇ​ങ്ങ​നെ ഒ​രു പേ​രു ചി​ന്തി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ട് അ​നു​വാ​ദം ചോ​ദി​ച്ചാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ചെ​റു​പ്പ​കാ​ലം മു​ത​ൽ സ​ക്ക​റി​യ സാ​റി​ന്‍റെ കഥകൾ വായിച്ച് ആ​രാ​ധക​നാ​യ ആളാണ് ഞാ​ൻ. ഈ ​ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ക്കാ​നും സൗ​ഹൃ​ദ​മുണ്ടാ​ക്കാ​നും ക​ഴി​ഞ്ഞു. ക​ഥ കേ​ട്ട​തി​നു ശേ​ഷം അ​ദ്ദേ​ഹം തി​ര​ക്ക​ഥ വാ​യി​ച്ച് അ​ഭി​പ്രാ​യ​വും പ​റ​ഞ്ഞു. അ​തു വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക് ഇ​രട്ടി ​മ​ധു​രം ന​ൽ​കു​ന്നു

മി​നി​സ്ക്രീ​നി​ൽനി​ന്നും ച​ർ​ച്ച​ക​ൾ

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​ർ​ക്ക​റി​യാം തി​യ​റ്റ​റി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്ത​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​മെ​ത്തി​യ​ത്. മി​നി​സ്ക്രീ​നി​ൽ ഒ​രു സി​നി​മ സ്വീ​ക​രി​ച്ച് പ്രേ​ക്ഷ​ക​ർ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ കൂ​ടു​ത​ൽ സ​ത്യ​സ​ന്ധ​തയുള്ളതായി എ​നി​ക്കി​പ്പോ​ൾ തോ​ന്നു​ന്നുണ്ട്. ഓ​രോ ഇ​ട​ങ്ങ​ളി​ലി​രു​ന്ന് വ്യ​ക്തി​പ​ര​മാ​യാ​ണ് ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ പ്രേ​ക്ഷ​ക​ർ സി​നി​മ​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​ത്. തി​യ​റ്റ​റി​ന്‍റെ ബ​ഹ​ള​ങ്ങ​ളി​ല്ലാ​ത്ത കു​റ​ച്ചു​കൂ​ടി ആ​ത്മാ​ർ​ഥ​ത​യു​ള്ള പ്ര​തി​ക​ര​ണ​മാ​യി അ​തു മാ​റു​ന്ന​ത് എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു. പക്ഷേ, തി​യ​റ്റ​റി​ലെ സി​നി​മ പ​ഠി​ച്ച ആ​ളെ​ന്ന നി​ല​യി​ൽ വ്യ​ക്തി​പ​ര​മാ​യി എ​നി​ക്കു കൂ​ടു​ത​ൽ ഇ​ഷ്്ടം തി​യ​റ്റ​റി​ലെ സി​നി​മാ അ​നു​ഭ​വ​ത്തോ​ടാ​ണ്.

ബോ​ളി​വു​ഡി​ലെ കാ​മ​റാ​മാ​നാ​യു​ള്ള യാ​ത്ര

തി​രു​വ​ന​ന്ത​പു​രം ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ൽ​നി​ന്നു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഹൈ​ദ​രാ​ബാ​ദ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ മാ​സ്റ്റ​ർ ഡി​ഗ്രി നേ​ടി. പി​ന്നീ​ട് മും​ബൈ​യി​ലെ​ത്തി. യൂ​ണി​വേ​ഴ്സി​റ്റി പ​ഠ​ന സ​മ​യ​ത്തു ത​ന്നെ സ്റ്റി​ൽ ഫോ​ട്ടോ​ഗ്ര​ഫി​യി​ലും വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ലും എ​നി​ക്കു വ​ള​രെ താ​ല​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ന്യൂ​സ് ഷൂ​ട്ട് ചെ​യ്താ​ണ് എ​ന്‍റെ ക​രി​യ​ർ തു​ട​ങ്ങു​ന്ന​ത്. അ​വി​ടെ​നി​ന്നു പു​തി​യ അ​വസ​ര​ങ്ങ​ളു​ടെ ക​ട​ൽ തു​റ​ന്നു​കി​ട്ടി. ര​വിച​ന്ദ്ര​ൻ സാ​റി​നൊ​പ്പം വ​ർ​ക്കു ചെ​യ്തു. പി​ന്നീ​ട് ഹി​ന്ദി​യി​ൽ സ്വ​ത​ന്ത്ര കാ​മ​റാ​മാ​നാ​യി. മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി വ​ർ​ക്കു ചെ​യ്യു​ന്ന ചി​ത്രം ഇ​ല​ക്ട്ര​യാ​യി​രു​ന്നു. പി​ന്നീ​ട് ടേ​ക്ക് ഓ​ഫ്, ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ, മാ​ലി​ക് എ​ന്നീ ചി​ത്ര​ങ്ങ​ൾ ചെ​യ്തു. മാ​ലിക്കി​ന്‍റെ പോ​സ്റ്റ് പ്രോ​ഡ​ക്ഷ​ൻ ജോ​ലി​ക​ളി​ലാ​ണി​പ്പോ​ൾ.


ലിജിൻ കെ. ഈപ്പൻ