ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീ​പെ​രും​പു​തൂരി​ലെ ര​ക്ത​ത്തി​ൽ മു​ദ്ര ​ചെ​യ്ത ത​ന്‍റെ പോ​ലീ​സ് തൊ​പ്പി​യും നെ​യിം ബാ​ഡ്ജും തി​രി​കെ കി​ട്ടാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് മ​ല​യാ​ളി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​ദീ​പ് ഫി​ലി​പ്പ്. 1991 മേ​യ് 21ന് ​രാ​ത്രി 10.20ന് ​മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്പോ​ൾ മൂ​ന്ന​ടി മു​ന്നി​ൽ പ്ര​ദീ​പു​ണ്ടാ​യി​രു​ന്നു.

ശ്രീ​പെ​രും​പു​തൂരി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വേ​ദി​ക്ക​രികി​ൽ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​യെ അ​രും​കൊ​ല ചെ​യ്ത അ​തി​ദാ​രു​ണ​സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന തെ​ളി​വു​ക​ളി​ലൊ​ന്നാ​ണ് പ്ര​ദീ​പ് ഫി​ലി​പ്പ് അ​ന്നു ധ​രി​ച്ച ​കാ​ക്കി തൊ​പ്പി​യും നെ​യിം ബാ​ഡ്ജും.
34 വ​ർ​ഷ​ത്തെ പോ​ലീ​സ് സ​ർ​വീ​സിനുശേഷം ത​മി​ഴ്നാ​ട് ക്രൈം ​ബ്രാ​ഞ്ച് ഡി​ജി​പി​യാ​യി പ്ര​ദീ​പ് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ വി​ര​മി​ച്ച വേ​ള​യി​ൽ തൊ​പ്പി​യും ബാ​ഡ്ജും ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി കൈ​വ​ശം വ​യ്ക്കാ​ൻ ചെ​ന്നൈ സെ​ഷൻ​സ് കോ​ട​തി അ​നു​വ​ദി​ച്ചെ​ങ്കി​ലും തി​രി​കെ വാ​ങ്ങി. അ​മൂ​ല്യ​ശേ​ഷി​പ്പാ​യ തൊ​പ്പി​യും ബാ​ഡ്ജും വി​ട്ടു​കി​ട്ടാ​ൻ ചെ​ന്നൈ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ക​യും ത​ന്‍റെ ര​ക്തം, വി​യ​ർ​പ്പ്, ക​ണ്ണീ​ര് എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​ണി​തെ​ന്ന് ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

രാ​ജീ​വ് ഗാ​ന്ധി അ​ന്നു ധ​രി​ച്ച പൈ​ജാ​മ​യു​ടെ​യും കു​ർ​ത്ത​യു​ടെ​യും ചോ​ര​ക്ക​റ​യു​ള്ള ശേ​ഷി​പ്പു​ക​ളും ഷൂ​സും സോ​ക്സും ഡ​ൽ​ഹി​യി​ലെ സ്മാ​ര​ക​ഭ​വ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ആ ​നി​ല​യി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തൊ​പ്പി​യും ബാ​ഡ്ജും തി​രി​കെ ന​ൽ​കു​ക അ​ദ്ദേ​ഹ​ത്തോ​ടു കാ​ട്ടേ​ണ്ട നീ​തി​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.
തൊ​പ്പി​യും ബാ​ഡ്ജും കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ള​ല്ലെ​ന്നും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​രി​ക്കെ തു​ട​ർ​ന്നു സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ് വി​ട്ടു​ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്.

ദേ​ശീ​യമു​ദ്ര പ​തി​ച്ച കാ​ക്കി തൊ​പ്പി​യും ഇം​ഗ്ളീ​ഷി​ലും ത​മി​ഴി​ലും പ്ര​ദീ​പ് ഫി​ലി​പ്പ് എ​ന്നെ​ഴു​തി​യ ബാ​ഡ്ജും സൂ​ക്ഷി​ക്കാ​ൻ ക​ണ്ണാ​ടി​പ്പേ​ട​ക​മൊ​രു​ക്കി പ്ര​ദീ​പ് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ്. 32 വ​ർ​ഷം മു​ൻ​പ് ശ്രീ​പെ​രും​പു​തൂർ സാ​ക്ഷ്യം​വ​ഹി​ച്ച ദു​ര​ന്ത​ത്തി​ന്‍റെ ഓ​ർ​മ​യ​ട​യാ​ളം ഭ​ദ്ര​മാ​ക്കാൻ കാ​ല​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​കു​ന്ന​ത്.

ക​ണ്ണീ​രോ​ർ​മ

ആന്ധ്രാ പ്രദേശിലെ വി​ശാ​ഖ​പ​ട്ട​ണ​ത്തിൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു ശേ​ഷം 1991 മേ​യ് 21-ന്, ​വി​മാ​ന​ത്തി​നു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ​മൂ​ലം ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് രാ​ജീ​വ് ഗാ​ന്ധി ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ച​ശേ​ഷ​മാ​യി​രു​ന്നു വെ​ള്ള അം​ബാ​സി​ഡ​ർ കാ​റി​ൽ ശ്രീ​പെ​രും​പു​തൂരി​ലേ​ക്കു​ള്ള അ​വ​സാ​ന യാ​ത്ര. വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ അ​ക​ന്പ​ടി​യി​ൽ നാ​ൽ​പ​തു കി​ലോ​മീ​റ്റ​ർ യാ​ത്ര​യ്ക്കി​ടെ പോ​രൂ​രി​ലും പൂ​നെ​മ​ല്ലി​യി​ലും ചെ​റി​യ യോ​ഗ​ങ്ങ​ളെ രാ​ജീ​വ് അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ക​ത്തി​പ്പാ​റ​യി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി ചെ​റി​യ ആ​ൾ​ക്കൂ​ട്ട​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തി​ട്ടാ​ണ് ശ്രീ​പെ​രും​പു​തൂരി​ലെ​ത്തി​യ​ത്. അ​വി​ടെ രാത്രി 10.10ന് ​ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണം. തു​ട​ർ​ന്നാ​ണ് നൂ​റു മീ​റ്റ​ർ അ​ക​ലെ ആ​ദി​കേ​ശ​വ പെ​രു​മാ​ൾ ക്ഷേ​ത്ര​മൈ​താ​ന​ത്ത് നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക​ വേ​ദി​യി​ലേ​ക്ക് രാ​ജീ​വ് ഗാ​ന്ധി ന​ട​ന്നു നീ​ങ്ങി​യ​ത്. സ​മീ​പ​ത്തെ സ്കൂ​ൾ മൈ​താ​ന​ത്ത് വേ​ദി ഒ​രു​ക്കാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ അ​വി​ടെ വ​ലി​യൊ​രു ജ​ന​ക്കൂ​ട്ട​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ലെ​ന്ന താൽപര്യത്തി​ലാ​ണ് വേ​ദി മാ​റ്റി​യ​ത്.

അ​ന്നേ ദി​വ​സം പ​ക​ൽ എം. ​ക​രു​ണാ​നി​ധി​യു​ടെ പ്ര​ചാ​ര​ണ​യോ​ഗം ഡി.​എം.​കെ. ശ്രീ​പെ​രും​പ ുതൂരി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്നു. ആ ​യോ​ഗ​ത്തി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലേ​ക്കാ​ണ് പ്ര​ദീ​പി​നെ ആ​ദ്യം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക​രു​ണാ​നി​ധി​യു​ടെ യോ​ഗം റ​ദ്ദാ​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ യോ​ഗ​ത്തി​ലേ​ക്കെ​ത്താ​ൻ കാഞ്ചീപുരം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ.് മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്. കൊ​ടും​വേ​ന​ൽ​ച്ചൂ​ട് ക​ത്തി​ക്കയറിയ ​ ന​ട്ടു​ച്ച​യ്ക്കുമു​ൻ​പ് പ്ര​ദീ​പ് ഫി​ലി​പ്പ് ശ്രീ​പെ​രും​പു​തൂരി​ലെ യോ​ഗ​സ്ഥ​ല​ത്തെ​ത്തി. വ​ലി​യ മൈ​താ​ന​ത്ത് പെ​ട്ടെ​ന്നു വേ​ദി ക്ര​മീ​ക​രി​ച്ച​തി​ലെ സു​ര​ക്ഷാ​പ​രി​മി​തി​ക​ളി​ൽ പോ​ലീ​സി​ന് അ​തൃ​പ്തി​യും ആ​ശ​ങ്ക​യു​മു​ണ്ടാ​യി​രു​ന്നു.

വി​വി​ഐ​പി​യു​ടെ പ്ര​സം​ഗ​വേ​ദി​യും ജ​ന​ങ്ങ​ൾ നി​ൽ​ക്കു​ന്ന ഇ​ട​വും ത​മ്മി​ൽ 50 മീ​റ്റ​ർ അ​ക​ല​മു​ണ്ടാ​ക​ണ​മെ​ന്ന മാ​ന​ദ​ണ്ഡം പാ​ലി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. വേ​ദി​യു​ടെ പി​ൻ​വ​ശ​ത്ത് വൈ​കു​ന്നേ​രം മു​ത​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​ന്ന പേ​രി​ൽ കുറെ വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യ​തോ​ടെ അ​വ​രെ പ​ല​ത​വ​ണ പി​ൻ​തി​രി​പ്പി​ക്കേ​ണ്ടി വ​ന്നു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​നു​മാ​യി 250 പോ​ലീ​സു​കാ​രാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​വ​സാ​ന ചു​വ​ടു​ക​ൾ

കാ​ഞ്ചീ​പു​രം അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു എ​നി​ക്കു സു​ര​ക്ഷാ ചു​മ​ത​ല. 1987 ബാ​ച്ചി​ൽ ഐ​പി​എ​സ് നേ​ടി ആ​ദ്യ​നി​യ​മ​നം കാ​ഞ്ചീ​പു​ര​ത്താ​യി​രു​ന്നു. അ​ന്ന് പ്രായം 29 വ​യ​സ്. കരിയറിലെ കണ്ണീരോർമയായ ആ ദാരുണ സംഭവ ത്തിന്‍റെ ഓർമ പ്രദീപ് ഫിലിപ്പ് ദീപികയുമായി പങ്കുവച്ചു.

കു​ർ​ത്ത​യും പൈ​ജാ​മ​യും ധ​രി​ച്ച് ഖ​ദ​ർ ഷാ​ള​ണി​ഞ്ഞ രാ​ജീ​വ് ഗാ​ന്ധി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കാ​ൻ ത​യാ​റാ​ക്കി​യ ബാ​രി​ക്കേ​ഡു മു​ത​ലാ​യി​രു​ന്നു എ​നി​ക്ക് സു​ര​ക്ഷാ ചു​മ​ത​ല. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഏ​താ​നും പേ​ർ പി​ന്നാ​ലെ​യു​ണ്ട്. പ്ര​മു​ഖ നേ​താ​ക്ക​ൾ വേ​ദി​യി​ൽ  എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ബാ​രി​ക്കേ​ഡി​ന്‍റെ തു​ട​ക്ക സ്ഥ​ല​ത്ത് അ​ഭി​വാ​ദ്യം ചെ​യ്ത എ​ന്നെ നോ​ക്കി രാ​ജീ​വ് പു​ഞ്ചി​രി​ച്ചു. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചേ​ർ​ന്നാ​ണ് ന​ട​ന്ന​ത്. ഹ​സ്ത​ദാ​നം ചെ​യ്യാ​നും കു​ശ​ലം പ​റ​യാ​നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തി​ര​ക്കു​കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്നു. സ​മ്മേ​ള​ന​സ്ഥ​ല​ത്ത് അ​ത്യു​ച്ച​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി. രാ​ജീ​വ് ഗാ​ന്ധി​യു​ടെ യോ​ഗ​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​വു​മാ​യി ഇ​ട​ക​ല​ർ​ന്ന സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സി​ന് സു​ര​ക്ഷാ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി​ക്കാ​വ​ട്ടെ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് വി​ല​ക്കു​ക​ളി​ല്ലാ​തെ ഇ​റ​ങ്ങി​ച്ചെ​ല്ല​ണ​മെ​ന്നും സം​സാ​രി​ക്ക​ണ​മെ​ന്നും താ​ൽ​പ​ര്യം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ കെ.​എ​സ്. മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​നൊ​പ്പം ഞാ​നും രാ​ജീ​വ് ഗാ​ന്ധി​ക്കൊ​പ്പം കൈ ​അ​ക​ലം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. ഐ​പി​എ​സ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കാ​ല​ത്ത് പ​ഞ്ചാ​ബി​ൽ നി​ന്നു വാ​ങ്ങി​യ ഒ​രു ബാ​റ്റ​ണ്‍ എ​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്നു. അ​തു​പ​യോ​ഗി​ച്ച് ഞാ​ൻ ജ​ന​ങ്ങ​ളെ അ​ക​റ്റി​നി​റു​ത്താ​ൻ പ​ര​മാ​വ​ധി ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രു​ന്നു.

പ​ര​വ​താ​നി വി​രി​ച്ച വ​ഴി​യു​ടെ വ​ശ​ത്ത് , മു​ൻ​കൂ​ർ അ​നു​മ​തി ലഭിച്ചിരുന്ന മുപ്പതോളം പേർ ഷാ​ളു​ക​ളും പൂ​ച്ചെ​ണ്ടു​ക​ളു​മാ​യി നി​ൽ​ക്കു​ന്നു​. ബാ​രി​ക്കേ​ഡു മു​ത​ൽ രാ​ജീ​വ് ഗാ​ന്ധി​ക്കൊ​പ്പം നീ​ങ്ങി​യ എ​സ്പി മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, അ​ദ്ദേ​ഹം രാ​ജീ​വ് ഗാ​ന്ധി​ക്കൊ​പ്പം ന​ട​ക്കാ​മെ​ന്നും എ​ന്നോ​ടു തൊ​ട്ടു​മു​ന്നി​ൽ നീ​ങ്ങാ​നും നി​ർ​ദേ​ശി​ച്ചു.

അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്ന​വ​രെ​ക്കാ​ൾ കൂ​ടു​ത​ൽ പേ​ർ അ​ടു​ത്തു കാ​ണാ​നും കൈ ​കൊ​ടു​ക്കാ​നും ആ​വേ​ശ​ത്തോ​ടെ തി​ക്കി​ത്തി​ര​ക്കി. അ​നു​മ​തി​യി​ല്ലാ​ത്ത ഏ​താ​നും സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാരും വേദിക്കു സമീപം നിൽക്കുന്നതായി പോലീസ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ന​സൂ​യ നി​രീ​ക്ഷി​ക്കു​ക​യും അ​വ​രെ പി​ൻ​തി​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അപ്പോൾ അ​വ​രൊ​ക്കെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളുമാണെന്ന വാദം ഉ​ന്ന​യി​ച്ചു. ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ താ​ൽ​ക്കാ​ലി​ക സ്റ്റേ​ജി​ലേ​ക്ക് ഇ​രു​പ​തു മീ​റ്റ​ർ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​യി​രു​ന്നു രാ​ജ്യ​ത്തെ​യും ലോ​ക​ത്തെ​യും ന​ടു​ക്കി​യ ആ ​സ്ഫോടനം.
കോ​കി​ല​വാ​ണി എ​ന്ന ബാ​ലി​ക അ​വ​ളെ​ഴു​തി​യ ഹി​ന്ദി ക​വി​ത രാ​ജീ​വ് ഗാ​ന്ധി​യെ വാ​യി​ച്ചു​കേ​ൾ​പ്പി​ക്കാ​ൻ മു​ന്നോ​ട്ടു​വ​രു​ന്നു. കോ​കി​ല​യ്ക്കൊ​പ്പം അ​വ​ളു​ടെ ബ​ന്ധു​ ല​താ ക​ണ്ണ​നു​മു​ണ്ട്. ഇ​രു​വ​ർ​ക്കു​മൊ​പ്പം അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ആ​കാം ശ്രീ​ല​ങ്ക​ൻ എ​ൽ​ടി​ടി​ഇ​യി​ലെ ചാ​വേ​ർ​വ​നി​ത ത​നു എ​ന്ന തേ​ൻ​മൊ​ഴി രാ​ജ​ര​ത്നം മ​നു​ഷ്യ​ബോം​ബറായി ച​ന്ദ​ന​മാ​ല അ​ണി​യി​ക്കാ​നും പാ​ദം തൊ​ട്ടു ന​മ​സ്ക​രി​ക്കാ​നു​ം ക​യ​റി വ​ന്ന​ത്. സു​ര​ക്ഷാ ചു​മ​ല​ക്കാ​രി തനുവിനെ ഒരു നിമിഷം ത​ട​യാ​ൻ കൈ ​ഉ​യ​ർ​ത്തി‍​യ​തു​മാ​ണ്. കൊലയാളി കളായി എത്തിയ ത​നു​വും ശി​വ​ര​ശ​നും ഉ​ൾ​പ്പെ​ട്ട ഇ​തേ സം​ഘ​ത്തെ​യാ​ണ് മു​ൻ​പ് സബ് ഇ​ൻ​സ്പെ​ക്ട​ർ അ​ന​സൂ​യ ശാ​സിച്ച് മാ​റ്റി​നി​ർത്തി​യ​തെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി. ഹ​രി​ബാ​ബു എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ടു​ത്ത അ​ന്ത്യ​രം​ഗ ഫോ​ട്ടോ​യി​ൽ കോ​കി​ല​യ്ക്കും ല​താ ക​ണ്ണ​നും തൊ​ട്ട​ടു​ത്ത് ച​ന്ദ​ന ഹാ​ര​വുമായി രാജീവിനെ കാത്തു നി​ൽ​ക്കു​ന്ന ത​നു​വി​നെ​യും മു​ഖ്യ ആ​സൂ​ത്ര​ക​ൻ ശി​വ​ര​ശ​നെ​യും കാ​ണാം.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ​യും മു​ന്നി​ലാ​യി​രു​ന്ന എ​ന്‍റെ​യും ഇ​ട​യി​ൽ ആ ​നി​മി​ഷം മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. കോ​കി​ലവാണി എ​ഴു​തി​യ ക​വി​ത വാ​യി​ച്ചു കേ​ൾ​ക്കാ​നും അഭിനന്ദിക്കാനും രാ​ജീ​വ് ഗാന്ധി അ​വ​ളു​ടെ തോ​ളി​ൽ കൈ​വെ​ച്ചുനി​ന്ന നി​മി​ഷം. ഞ​ങ്ങ​ൾ ത​മ്മി​ലെ സു​ര​ക്ഷാ അ​ക​ലം  കൂ​ടി​യോ എ​ന്ന ആ​ശ​ങ്ക​യി​ൽ പി​ന്നോ​ട്ടു നോ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴേ​ക്കും വ​ൻ സ്ഫോ​ട​നം സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന ഏ​റെ​പ്പേ​രു​ടെ​യും ഹാ​ര​ങ്ങ​ളും ഷാ​ളു​ക​ളും ഏ​റ്റു വാ​ങ്ങി​യേ​ഷ​മാ​ണ് നു​ഴ​ഞ്ഞു​ക​യ​റി​യ ത​നു ച​ന്ദ​ന​മാ​ല അ​ണി​യി​ച്ച​തും പൊ​ട്ടി​ത്തെ​റി​ച്ച​തും. രാ​ജീ​വ് ഗാ​ന്ധി വേ​ദി​യി​ലേ​ക്കു​ള്ള ന​ട​ത്തം എ​ട്ടു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും സ്ഫോ​ട​നം സം​ഭ​വി​ച്ചു​ക​ഴി‌​ഞ്ഞു.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി ഉ​ൾ​പ്പെ​ടെ പ​തി​നാ​ലു പേ​ർ മ​രി​ച്ചു .ഏ​റെ ശ​രീ​ര​ങ്ങ​ളും ഛിന്ന​ഭി​ന്ന​മാ​യി​രു​ന്നു. നാലു പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുതന്നെ മരിച്ചുവീണു. എ​സ്പി കെ.​എ​സ്. മു​ഹ​മ്മ​ദ് ഇ​ക്ബാ​ലും സ്ഫോ​ട​ന ആ​ഘാ​ത​ത്തി​ൽ അ​രമ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​രണമടഞ്ഞു. ക​ര​സേ​ന​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ശേ​ഷം ത​മി​ഴ്നാ​ട് പോ​ലീ​സി​ലെ​ത്തി ഡി​വൈ​എ​സ്പി​യും പി​ന്നീ​ട് എ​സ്പി​യാ​യും ജോ​ലി​ക്ക​യ​റ്റം കി​ട്ടി​യ മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​ന്‍റെ വേ​ർ​പാ​ട് എ​നി​ക്കി​ന്നും ക​ണ്ണീ​രോ​ർ​മ​യാ​ണ്.

പൊ​ള്ള​ലും മു​റി​വു​ക​ളും

സ്ഫോ​ട​ന തീ​വ്ര​ത​യി​ൽ ഉ​യ​ർ​ന്നു​പൊ​ങ്ങി​യ ഞാ​ൻ പ​രി​ക്കേ​റ്റ​വ​രു​ടെ നി​ര​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ നി​ല​ത്തു​വീ​ണു. ര​ണ്ടാ​യി​രം ഡി​ഗ്രി​യാ​യി​രു​ന്നു മ​നു​ഷ്യ​ബോം​ബ് സ്ഫോ​ട​ന​ത്തി​ലെ താ​പ​നി​ല. എ​നി​ക്ക് ശ​രീ​ര​ത്തി​ൽ 20 ശ​ത​മാ​ന​ത്തോ​ള​മാ​യി​രു​ന്നു പൊ​ള്ള​ൽ. യൂ​ണി​ഫോം ക​രി​ഞ്ഞു​പോ​യി​രു​ന്നു. തു​ട​വ​രെ മാ​സം വെ​ന്തു​പോ​യി. മു​ഖ​ത്തും കൈ​ക​ളി​ലും നി​റ​യെ പൊ​ള്ള​ൽ. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​റ്റ​ണ്‍ എ​വി​ടെ​യോ തെ​റി​ച്ചു​പോ​യി. കൈ​യി​ലെ മാ​സം ക​രി​ഞ്ഞ് എ​ല്ലു​ക​ൾ വ​ള​ഞ്ഞു​മ​ട​ങ്ങി. മാ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​യ്ക്കൊ​ടു​വി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​യി​ലൂ​ടെ വി​ര​ലു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യെ​ങ്കി​ലും കൈ​യ​ക്ഷ​രം അ​പ്പാ​ടെ മാ​റി​പ്പോ​യി​രു​ന്നു. നൂ​റ് സ്റ്റീ​ൽ ക​ഷ​ണ​ങ്ങ​ൾ ശ​രീ​ര​ത്തി​നു​ള്ളി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് വ​ള​വു​ക​ളും ഒ​ടി​വു​ക​ളും നി​വ​ർ​ത്തി​യെ​ടു​ത്ത​ത്. കാ​ലി​ലു​ണ്ടാ​യ മു​ട​ന്തി​നും ചി​കി​ത്സ വേ​ണ്ടി​വ​ന്നു.

സ്ഫോ​ട​ന​ത്തി​ന് മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം അ​ൽ​പ​നി​മി​ഷം ബോ​ധം തി​രി​കെ കി​ട്ടി​യി​രു​ന്നു. ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ന്ന എ​ന്നെ പ​രി​ക്കേ​റ്റ​വ​രു​ടെ​യും ചി​ത​റി​ക്കി​ട​ന്ന​വ​രു​ടെ​യും ഇ​ട​യി​ൽ നി​ന്ന് അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​യാ​യ ത​മി​ഴ് നാ​ട് സ്പെ​ഷ​ൽ പോ​ലീ​സി​ലെ ഇ​ൻ​സ്പെ​ക്ട​ർ ചാ​ക്കോ​യാ​ണ് വ​ലി​ച്ചു​യ​ർ​ത്തി​യ​ത്. താ​ങ്ങി​യെ​ടു​ക്കു​ന്പോ​ൾ അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ൽ രാ​ജീ​വ് ഗാ​ന്ധി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചോ എ​ന്നു ഞാ​ൻ ചോ​ദി​ച്ചു.
‘രാ​ജീ​വ്ജി പോ​യി എ​ന്നു തോ​ന്നു​ന്നു’ എ​ന്നു ചാ​ക്കോ മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞ​ത് ഓ​ർ​മ​യു​ണ്ട്. ചാ​ക്കോ​യും മ​റ്റും എ​ന്നെ താ​ങ്ങി​യെ​ടു​ത്ത് ഒ​രു പോ​ലീ​സ് ജീ​പ്പി​ൽ കി​ട​ത്തി​.

സ​ർ, ആ​രെ​ക്കെ​യോ അ​പ്പു​റ​ത്ത് മ​രി​ച്ചു​കി​ട​ക്കു​ന്നു​ണ്ട്. അ​തി​ലേ​റെ​പ്പേ​ർ ഗു​രു​ത​ര പ​രി​ക്കി​ൽ പു​ള​യു​ക​യാ​ണ്. ഓ​ടി​യെ​ത്തി​യ പു​രു​ഷോ​ത്ത​മ​ൻ എ​ന്ന​യാ​ളെ എ​ന്നെ ഏ​ൽ​പ്പി​ച്ച​ശേ​ഷം തു​ട​ർ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ചാ​ക്കോ ഓ​ടി​പ്പോ​യി. പോ​ലീ​സ് ജീ​പ്പ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പാ​യു​ന്പോ​ൾ പു​രു​ഷോ​ത്ത​മ​ൻ എ​ന്നെ മ​ടി​യി​ൽ കി​ട​ത്തി തു​ള്ളി​തു​ള്ളി​യാ​യി വെ​ള്ളം നാ​വി​ലേ​ക്ക് വീ​ഴി​ച്ചു​ത​രു​ന്ന​തും രക്തം ഇ​ട​യ്ക്കി​ടെ തു​ട​യ്ക്കു​ന്ന​തും ഓ​ർ​മ​യി​ലു​ണ്ട്. മാ​സ​ങ്ങ​ൾ​ക്കു ​ശേ​ഷം ഞാ​ൻ ജോ​ലി​യി​ൽ മ​ട​ങ്ങി​യെ​ത്തി ഏ​റെ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ​ത്തിച്ച പു​രു​ഷോ​ത്ത​മ​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ എ​നി​ക്കു ക​ണ്ടെ​ത്താ​നാ​യി​ല്ല.

ആ ​രാ​ത്രി പ​തി​നൊ​ന്നോ​ടെ എ​ന്നെ കാ​ഞ്ചീ​പു​രം ഡി.​കെ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ ഡോ. ​ഷാ​യു​ടെ മെ​ഡി​ക്ക​ൽ ടീം ​ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. മു​റി​വും പൊ​ള്ള​ലും ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. പു​ല​ർ​ച്ചെ നാ​ലി​ന് അ​പ്പോ​ളോ​യി​ലെ​ത്തി​ച്ച് ഐ​സി​യു​വി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി. ബോ​ധം വീ​ണ്ടു​കി​ട്ടു​ന്പോ​ഴൊ​ക്കെ രാ​ജീ​വ് ഗാ​ന്ധി​ക്ക് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന് ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും ആ ​മു​ഖ​ങ്ങ​ളി​ലെ മൂ​ക​ത​യി​ൽ​നി​ന്ന് ഞാൻ എല്ലാം വായിച്ചറിഞ്ഞു.

അ​ന്നെ​നി​ക്ക് മൂ​ത്ത മ​ക​ൾ നി​മി​ഷ ജ​നി​ച്ച് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. കു​ഞ്ഞി​നെ​യും ബ​ന്ധു​ക്ക​ളെ​യും കാ​ണാ​നാ​യാ​ൽ ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​ൽ ഡോ​ക്ട​റാ​യ എ​ന്‍റെ സ​ഹോ​ദ​ര​ൻ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മാ​സ​ങ്ങ​ളു​ടെ ചി​കി​ത്സാ​വി​ധി​ക​ളാ​യി​രു​ന്നു പി​ന്നീ​ട്. രാ​ജീ​വ് ഗാ​ന്ധി​യു​ടെ മ​ര​ണ​ത്തോ​ടെ മാ​റ്റി​വ​ച്ച പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​വ​ര​ൽ പ​തി​ച്ച് വോ​ട്ടു ചെ​യ്യാ​നും ചി​കി​ത്സ​യ്ക്കി​ടെ സാ​ധി​ച്ചു.

രാ​ജീ​വ് ഗാ​ന്ധി വ​ധം അ​ന്വേ​ഷി​ച്ച ജ​സ്റ്റീ​സ് ജെ.​എ​സ്. വ​ർ​മ ക​മ്മീ​ഷ​നി​ൽ പ്ര​ധാ​ന സാ​ക്ഷി​ക​ളി​ലൊ​രാ​ളാ​യി ഒ​രു വ​ർ​ഷ​ത്തോ​ളം ഞാ​ൻ മൊ​ഴി ന​ൽ​കി. വി​വി​ഐ​പി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ത്തി​ൽ പോ​ലീ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​യി പാ​ലി​ക്ക​പ്പെ​ട​ണം എ​ന്ന​തു​ൾ​പ്പെ​ടെ ഞാ​ൻ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ജ​സ്റ്റീ​സ് വ​ർ​മ്മ റി​പ്പോ​ർ​ട്ടി​ൽ എ​ഴു​തി​ച്ചേ​ർ​ത്തി​രു​ന്നു. സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന്‍റെ സാ​ക്ഷി​പ്പ​ട്ടി​ക​യി​ലും എ​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

സേ​വ​ന​പ​ർ​വം

ശ്രീ​പെ​രും​പു​തൂരി​ലെ സ്ഫോ​ട​ന​ത്തി​ൽ പ്ര​ദീ​പ് ഫി​ലി​പ്പി​ന് പോലീ​സ് തൊ​പ്പി​യും നെ​യിം ബാ​ഡ്ജും ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ട് തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണു അ​ന്വേ​ഷ​ണ സം​ഘം ര​ക്ത​ക്ക​റ​യു​ള്ള തൊ​പ്പി​യും ബാ​ഡ്ജും ക​ണ്ടെ​ടു​ത്ത​ത്. അ​ന്നു​മു​ത​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലും പി​ന്നീ​ട് വി​ചാ​ര​ണ കോ​ട​തി​യി​ലു​മാ​ണ് ഇ​തു സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ രാ​ജീ​വ് ഗാ​ന്ധി ത​മി​ഴ്നാ​ട്ടി​ൽ ന​ട​ത്തി​യ വി​വി​ധ സ​ന്ദ​ർ​ശ​ന ങ്ങ​ളി​ൽ പ്ര​ദീ​പ് സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. മ​ര​ണ​ത്തി​നു മാ​സ​ങ്ങ​ൾ മു​ൻ​പ് അ​യോ​ധ്യ ത​ർ​ക്ക പ​രി​ഹാ​ര ഉ​പ​ദേ​ശം തേ​ടി കാ​ഞ്ചി​മ​ഠ​ത്തി​ലും ത​ലേ​മാ​സം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും രാ​ജീ​വ് ത​മി​ഴ് നാ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ സെ​ക്യൂ​രി​റ്റി ടീ​മി​ലു​മുണ്ടാ​യി​രു​ന്നു.

പി​ൽ​ക്കാ​ല​ത്ത് വി​രു​ദുന​ഗ​ർ, രാം​നാ​ട്, ധ​ർ​മ​പു​രി, നാ​മ​ക്ക​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫാ​യും തി​രു​ന​ൽ​വേ​ലി റേ​ഞ്ച് ഡി​ഐ​ജി, ക്രൈം ​ബ്രാ​ഞ്ച് ഡി​ജി​പി തു​ട​ങ്ങി​യ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. സ​ർ​വീ​സ് മി​ക​വി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും രാ​ഷ്ട്ര​പ​തി​യു​ടെ​യും മെ​ഡ​ലു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. പ​ത്ത​നാ​പു​രം കു​രി​യോ​ത്ത് കെ.​ജെ. ഫി​ലി​പ്പി​ന്‍റെ​യും അ​ന്ന​മ്മ ഫി​ലി​പ്പി​ന്‍റെ​യും പു​ത്ര​നാ​ണ് പ്ര​ദീ​പ് ഫി​ലി​പ്പ്. ഭാ​ര്യ സ​ഖി ഡി​സൈ​നിം​ഗ് എ​ൻ​ജീ​നി​യ​റാ​ണ്. മ​ക്ക​ൾ: നി​മി​ഷ, നി​ഷാ​ല. സ​ഹോ​ദ​ര​ൻ ഡോ. ​പ്ര​സാ​ദ് ഫി​ലി​പ്പ് ഓ​സ്ട്രേ​ലി​യ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

റെ​ജി ജോ​സ​ഫ്