വി​ല​യാ​യ് കൊ​ടു​ത്ത​ത് ര​ണ്ട് കാ​ലു​ക​ൾ
വൈ​കി​ട്ടോ​ടെ മു​റി​യു​ടെ വാ​തി​ൽ തു​റ​ന്ന് ന​ഴ്സിം​ഗ് ഹെ​ഡാ​യ ക​ന്യാ​സ്ത്രീ അ​രി​കി​ലേ​ക്കു വ​രു​ന്ന​തു ക​ണ്ട​പ്പോ​ൾ സ​ങ്ക​ടം​കൊണ്ട് എ​നി​ക്കൊ​ര​ക്ഷ​രം മി​ണ്ടാ​നാ​യി​ല്ല. ഉ​മ്മ​യു​ടെ പ്രാ​യ​മു​ള്ള അ​വ​രെ​ന്‍റെ ക​ട്ടി​ലി​ലി​രു​ന്ന് എ​ന്നെ പ​തു​ക്കെ ത​ലോ​ടി. ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി മ​റ്റൊ​രാ​ളു​ടെ മു​ന്നി​ൽ എ​ന്‍റെ ക​ണ്ണു നി​റ​ഞ്ഞു. മൂ​ത്ത കു​ഞ്ഞി​ന് ആ​റു​മാ​സം പ്രാ​യം. 24 വ​യ​സു​മാ​ത്ര​മു​ള്ള ഞാ​ൻ വി​ക​ലാം​ഗ​നാ​കു​മെ​ന്നോ​ർ​ത്ത​പ്പോ​ൾ സ​ങ്ക​ടം സ​ഹി​ക്കാ​നാ​യി​ല്ല. ഞാ​ൻ അ​വ​രെ കെ​ട്ടി​പ്പി​ടി​ച്ച് വാ​വി​ട്ടു ക​ര​ഞ്ഞു. അ​വ​രും ക​ര​ഞ്ഞു. ഒ​ടു​വി​ൻ ഞാ​ൻ പ​റ​ഞ്ഞു: സി​സ്റ്റ​റേ, എ​ന്‍റെ കാ​ല് മു​റി​ച്ചോ​ളൂ... ഹ​നീ​ഫ ത​ന്‍റെ ജീ​വി​ത​ക​ഥ​യു​ടെ ഇ​ത​ളു​ക​ൾ മ​റി​ക്കാ​ൻ തു​ട​ങ്ങി.

കു​സൃ​തി​ക​ളു​ടെ കു​ട്ടി​ക്കാ​ലം

പു​ത്ത​ൻ​ചി​റ കോ​ലോ​ത്തും​കു​ന്ന് അ​റ​യ്ക്ക​ൽ അ​ലി​യാ​രു​ടെ​യും കൊ​ച്ചു​റാ​ബി​യ​യു​ടെ​യും മൂ​ത്ത​പു​ത്ര​നാ​യി 1957 ഓ​ഗ​സ്റ്റ് നാ​ലി​നു ജ​നി​ച്ച ഹ​നീ​ഫ ബാ​ല്യ​കാ​ല​ത്തു​ മി​ടു​ക്ക​നാ​യി​രു​ന്നെ​ങ്കി​ലും കു​സൃ​തി​യും നി​ർ​ബ​ന്ധ​ബു​ദ്ധി​യു​മായി​രു​ന്നു.

തെ​ക്കും​മു​റി സ്കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. ക​ണ​ക്കി​നോ​ടു വ​ല്ലാത്ത താ​ല്പ​ര്യ​മാ​യി​രു​ന്നു. മാ​ഷ് ബോ​ർ​ഡി​ൽ ക​ണ​ക്ക് എ​ഴു​തു​ന്പോ​ഴേ​ക്കും ബു​ക്കി​ൽ ചെ​യ്തു​തീ​ർ​ത്ത് ഉ​ത്ത​ര​മെ​ഴു​തി മ​റ്റു കു​ട്ടി​ക​ളു​മാ​യി ഞോ​ണ്ടി​ക്കു​റി വ​യ്ക്കും. അ​വ​രി​ൽ പ​ല​രും അ​പ്പോ​ൾ ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ടേ ഉ​ണ്ടാ​വൂ. ഒ​രു ദി​വ​സം ബോ​ർ​ഡി​ൽ ക​ണ​ക്ക് എ​ഴു​തി മാ​ഷ് തി​രി​ഞ്ഞ​പ്പോ​ൾ ഹ​നീ​ഫ കൂ​ട്ടു​കാ​ര​നെ ഞോ​ണ്ടു​ക​യാ​ണ്. ദേ​ഷ്യം​വ​ന്ന മാ​ഷ് പു​സ്ത​കം എ​ടു​ത്തു​നോ​ക്കി​യ​പ്പോ​ൾ എ​ഴു​തി​യി​രി​ക്കു​ന്ന ഉ​ത്ത​രം തെ​റ്റ്. വ​ടി​യെ​ടു​ത്ത് പൊ​തി​രെ ത​ല്ലി. വ​ല​തു​വ​ശ​ത്തെ മാ​ർ​ജി​നി​ൽ ക​ണ​ക്കു ചെ​യ്ത​തു ശ​രി​യാ​യി​രു​ന്നു​വെ​ങ്കി​ലും എ​ടു​ത്തെ​ഴു​തി​യ​പ്പോ​ൾ തെ​റ്റി​പ്പോ​യി. മാ​ഷ് ശ്ര​ദ്ധി​ച്ചെ​ങ്കി​ലും ത​ല്ലി​ൽ കു​റ​ച്ചി​ല്ല. അ​ങ്ങ​നെ അ​ഞ്ചാം ക്ലാ​സി​ൽ നി​ർ​ത്തി പ​ഠ​നം.

മു​തി​ർ​ന്ന കൂ​ട്ടു​കാ​രു​ടെ സ​മ്മാ​നം...!

വാ​പ്പ ച​ര​ക്കു​ക​പ്പ​ലി​ലെ സ്രാ​ങ്ക് ആ​യി​രു​ന്നു. അ​തി​നാ​ൽ ലോ​കം മു​ഴു​വ​ൻ ക​റ​ക്ക​മാ​ണ്. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലോ ര​ണ്ടു​വ​ർ​ഷം കൂ​ടു​ന്പോ​ഴോ വീട്ടി​ലെ​ത്തൂ. ആ​യി​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ പ​റ​ഞ്ഞു. ഇ​നി നീ ​പ​ണി​ക്കാ​രെ സ​ഹാ​യി​ക്ക്.

ഒന്പതു മക്കളിൽ ഏറ്റവും മൂ​ത്ത​വ​നാ​യ​തി​നാ​ൽ കോ​ട്ട​പ്പു​റം ച​ന്ത​യി​ൽ പോ​യി ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കു​ന്ന​ത് എ​ന്‍റെ ജോ​ലി​യാ​യി​രു​ന്നു. അ​ന്ന് ബ​സ്കൂലി 10 പൈ​സ​യാ​ണ്. അ​ങ്ങോ​ട്ട് ഞാ​ൻ ന​ട​ന്ന് 10 പൈ​സ പോ​ക്ക​റ്റി​ലി​ടും. കോ​ട്ട​പ്പു​റ​ത്തു​നി​ന്ന് ഇ​ങ്ങോ​ട്ട് ബ​സി​ൽ സാ​ധ​ന​ങ്ങ​ളു​മാ​യി വ​രും.

അ​ന്നൊ​ക്കെ റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ​ക​ൾ വെ​ള്ളി​യാ​ഴ്ച​യി​ലെ മാ​റ്റി​നി​ക്കു പോ​യി കാ​ണു​ക എ​ന്ന​ത് വ​ല്ലാ​ത്തൊ​രാ​വേ​ശ​മാ​യി​രു​ന്നു. 50 പൈ​സ​യാ​ണ് ടി​ക്ക​റ്റ്. അ​തി​നാ​യി​രു​ന്നു പൈ​സ കൂ​ട്ടി​വ​യ്ക്കു​ന്ന​ത്. അ​ന്നൊ​ക്കെ എ​ന്‍റെ കൂ​ട്ടു​കാ​ർ എ​ന്നേ​ക്കാ​ൾ ഏ​ഴെ​ട്ടു​വ​യ​സ് മു​തി​ർ​ന്ന​വ​രാ​യി​രു​ന്നു. അ​വ​രി​ൽ ചി​ല​ർ ര​ണ്ടും​ മൂ​ന്നും പൈ​സ ക​ടം വാ​ങ്ങി​ക്കും. അ​വ​ർ ബീ​ഡി വാ​ങ്ങി​ച്ച് വ​ലി​ക്കു​ന്പോ​ൾ ര​ണ്ടോ മൂ​ന്നോ പു​ക ചു​ണ്ട​ത്തു​വ​ച്ച് വ​ലി​പ്പി​ക്കും. അ​ങ്ങ​നെ അ​ഞ്ചാം ക്ലാ​സി​ലാ​ണു വ​ലി തു​ട​ങ്ങി​യ​ത്. ആ​ദ്യ ത​വ​ണ ത​ല​ചു​റ്റി വീ​ണെ​ങ്കി​ലും പി​ന്നെ അ​തൊ​രു ശീ​ല​മാ​യി. അ​വ​സാ​നം അ​ഡിക്റ്റു​മാ​യി.

ബീ​ഡി തെ​റു​പ്പ്, മുംബൈ ഒ​ടു​വി​ൽ ബ​ഹ്റൈ​ൻ

ബീ​ഡി വാ​ങ്ങി​ക്കാ​നും സി​നി​മ​യ്ക്കു പോ​കാ​നും പൈ​സ​യി​ല്ലാ​താ​യ​പ്പോ​ൾ ബീ​ഡി തെ​റു​പ്പി​നു പോ​യി. മും​ബൈ​യി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ പ​ണി ചെ​യ്തു. ഒ​ടു​വി​ൽ 19-ാം വ​യ​സി​ൽ ബ​ഹ്റി​നി​ലെ​ത്തി. പെ​ട്രോ​ൾ പ​ന്പി​ൽ ജോ​ലി​ക്കാ​ര​നാ​യി. ര​ണ്ട​ര​വ​ർ​ഷം ക​ഴി​ഞ്ഞ് നാ​ട്ടി​ലെ​ത്തി. വി​വാ​ഹം ക​ഴി​ച്ചു. ര​ണ്ടു​മാ​സം ക​ഴി​ഞ്ഞ് തി​രി​കെ ഗ​ൾ​ഫി​ലേ​ക്ക്.

അ​വി​ടെ​വ​ച്ചാ​ണു കാ​ലി​ന്‍റെ മ​സി​ലി​ൽ വേ​ദ​ന തു​ട​ങ്ങു​ന്ന​ത്. പ​തു​ക്കെ​പ്പ​തു​ക്കെ അ​ത് കൂ​ടി വ​ന്നു. നി​ൽ​ക്കാ​നാ​കു​ന്നി​ല്ല. ഇ​ട​തു​കാ​ലി​ന്‍റെ ത​ള്ള​വി​ര​ൽ കു​ത്തി​പ്പ​ഴു​ത്തു. ന​ഖം എ​ടു​ത്തു​ക​ള​ഞ്ഞെ​ങ്കി​ലും മു​റി​വ് ഉ​ണ​ങ്ങിയില്ല. കാ​ലി​ലേ​ക്കു ബ്ല​ഡ് സ​ർ​ക്കു​ലേ​ഷ​ൻ ഇ​ല്ലെ​ന്നും നി​ക്കോ​ട്ടി​ൻ ഇ​ഫ​ക്ടാ​ണെ​ന്നും ഓ​പ്പ​റേ​ഷ​ൻ മാ​ത്ര​മാ​ണു പ്ര​തി​വി​ധി​യെ​ന്നും ഡോ​ക്ട​ർ​മാ​ർ. ഇ​റാ​ൻ​കാ​ര​നാ​യ സെ​ക്ഷ​ൻ മാ​നേ​ജ​ർ പ​റ​ഞ്ഞു: ""നീ ​നാ​ട്ടി​ൽ​പോ​യി ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞു​വാ''. അ​ങ്ങ​നെ നാ​ട്ടി​ലെ​ത്തി.

ആദ്യം കരുണ...പിന്നെ തരകൻ ആശുപത്രി

പി​റ്റേ​ന്നു​ത​ന്നെ അ​ന്ന​മ​ന​ട ക​രു​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക്. അ​വി​ടെ​നി​ന്ന് ആ​ലു​വ ത​ര​ക​ൻ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്. അ​ന്ന​വി​ടെ പ്ര​ശ​സ്ത​നാ​യ ഡോ. ​സു​കു​മാ​ര​പ്പ​ണി​ക്ക​രു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് അ​ടി​വ​യ​റി​നു താ​ഴെ ര​ണ്ടു സ​ർ​ജ​റി​ക​ൾ ന​ട​ത്തി​യ​ത്. കാ​ലി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ ര​ക്ത​യോ​ട്ടം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ.

ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ് പി​റ്റേ മാ​സം വീ​ണ്ടും ഗ​ൾ​ഫി​ലേ​ക്ക്. പു​ക​വ​ലി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ആ​റു​ മാ​സം തി​ക​യും​മു​ന്പേ വേ​ദ​ന വീ​ണ്ടും തു​ട​ങ്ങി. അ​തു ശ​ക്ത​മാ​യി. പ​തി​നൊ​ന്നു മാ​സ​മാ​യ​പ്പോ​ഴേ​ക്കും തി​രി​കെ നാ​ട്ടി​ലേ​ക്ക്... അ​പ്പോ​ഴേ​ക്കും മൂ​ത്ത​മ​ക​ൾ പി​റ​ന്നി​രു​ന്നു.

ഇ​ട​തു​കാ​ൽ മു​റി​ക്കു​ന്നു...

നാ​ട്ടി​ലെ​ത്തി വീ​ണ്ടും ഡോ. ​പ​ണി​ക്ക​രു​ടെ അ​ടു​ത്തേ​ക്ക്. കാ​ലി​ലെ ന​ഖം എ​ടു​ത്തി​ട്ടും പ​ല ഇ​ൻജക്‌ഷ​ൻ ചെ​യ്തി​ട്ടും യാ​തൊ​രു കു​റ​വു​മി​ല്ല. മും​ബൈ​യി​ലെ ജെ.​ജെ.​ ഹോ​സ്പി​റ്റ​ലു​മാ​യി ഡോ​ക്ടർ ബ​ന്ധ​പ്പെ​ട്ട് ഞരന്പ് മാ​റ്റി​വ​യ്ക്കാ​നാ​യി വി​മാ​ന​ത്തി​ൽ വ​രു​ത്തി​ച്ചു. ഡോ​ക്ട​റു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ചി​ല ഡോ​ക്ട​ർ​മാ​രെ​യും ക​ണ്‍​സ​ൾ​ട്ട് ചെ​യ്തു. പ​ക്ഷേ, അ​തും പ​രാ​ജ​യ​പ്പെ​ട്ടു.

പ​ണി​ക്ക​ർ ഡോ​ക്ട​ർ ത​ന്നെ സു​ഹൃ​ത്താ​യ ഡോ. ​ടി.​എം.​ജോ​സ​ഫി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശു​പ​ത്രി​യാ​യ മെ​ഡി​ക്ക​ൽ ട്ര​സ്റ്റി​ലേ​ക്കു മാ​റ്റി. അ​വി​ടെ​വ​ച്ചാ​ണ് 24-ാം വ​യ​സി​ൽ ഇ​ട​തു​കാ​ൽ മു​ട്ടി​നു താ​ഴെ​വ​ച്ച് മു​റി​ച്ച​ത്. 15 ദി​വ​സം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക്... മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ് ഗ​ൾ​ഫി​ലേ​ക്കു തി​രി​കെ ചെ​ല്ലാ​നു​ള്ള വി​ള​യെ​ത്തി. പ​ക്ഷേ, ധൈ​ര്യ​മി​ല്ല. വേ​ണ്ടെ​ന്നു​വ​ച്ചു.

പി​ന്നെ എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ, കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പെ​ട്ടി​ക്ക​ട എ​ന്നി​വ ന​ട​ത്തി. ര​ണ്ടു​വ​ർ​ഷം ക​ഴ​ഞ്ഞി​ല്ല, വേ​ദ​ന വീ​ണ്ടും വ​ല​തു​കാ​ലി​ലേ​ക്ക്. യു​നാ​നി ചി​കി​ത്സ ന​ട​ത്തി, ഫ​ല​മു​ണ്ടാ​യി​ല്ല. വേ​ദ​ന സം​ഹാ​രി​ക​ൾ ക​ഴി​ച്ച് വ​ർ​ഷ​ങ്ങ​ൾ ത​ള്ളി​നീ​ക്കി.

ശ​ക്ത​മാ​യ വേ​ദ​ന വ​രു​ന്പോ​ൾ എ​ന്താ ചെ​യ്യു​ക​യെ​ന്ന് ഒ​രു പി​ടി​യുമി​ല്ല. ഒ​റ്റ​ച്ച​വി​ട്ടി​നു വാ​തി​ൽവ​രെ തെ​റി​ച്ചു​പോ​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡേ​ണ്‍ ആ​ശു​പ​ത്രി​യി​ലും കി​ട​ന്നു. ഓ​പ്പറേ​ഷ​ൻ ക​ഴി​ഞ്ഞ​ശേ​ഷം 10 ദി​വ​സം മാ​ത്രം ക​ഴി​ക്കാ​നാ​യി ത​ന്ന വേ​ദ​ന​സം​ഹാ​രി ഗു​ളി​ക വാങ്ങി ദി​വ​സം നാ​ലും അ​ഞ്ചും​വ​രെ ക​ഴി​ച്ചു. ഒ​രി​ക്ക​ൽ ശ​ക്ത​മാ​യ വേ​ദ​ന വ​ന്ന​തോ​ടെ വ​ല​തു​കൈ​യു​ടെ രണ്ടു വി​ര​ലു​ക​ൾ സ്വ​യം വെ​ട്ടി​ക്ക​ള​ഞ്ഞു. ആ​കെ ഭ്രാ​ന്ത​മാ​യ ഒ​ര​വ​സ്ഥ. അ​ങ്ങ​നെ ബ​ന്ധു​മി​ത്രാ​ദി​ക​ളെ​ല്ലാം​കൂ​ടി പി​ടി​ച്ചു​കെ​ട്ടി തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യി.

വ​ല​തു​കാ​ലും വി​സ്മൃ​തി​യി​ലേ​ക്ക്

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​സി​യാ​ദ് എ​ന്‍റെ ത​ല​യിൽ തി​രു​മ്മി​ക്കൊ​ണ്ടു പ​റ​ഞ്ഞു: ""എ​ന്ത് ചെ​യ്യാ​നാ, എ​ല്ലാം താ​ൻ വ​രു​ത്തി​വ​ച്ച​ത​ല്ലേ, നി​ക്കോ​ട്ടി​ൻ ഇ​ഫ​ക്ട് ഭ​യ​ങ്ക​രം..! ഞ​ര​ന്പു​ക​ൾ പൊ​ട്ടി, ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം ചു​രു​ങ്ങി, ര​ക്തം ക​ട്ട​പി​ടി​ച്ചു. പ്ര​തി​രോ​ധ​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു. എ​ന്താ​യാ​ലും യൂ​റി​ൻ ടെ​സ്റ്റ് ചെ​യ്യ​ട്ടെ. എ​ന്നിട്ട് ഓ​പ്പ​റേ​ഷ​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാം ''. ​രാ​വി​ലെ ചെ​ന്നി​ട്ട് വൈ​കു​ന്നേ​ര​മാ​യി​ട്ടും യൂ​റി​ൻ എ​ടു​ക്കാ​ൻ കി​ട്ടി​യി​ല്ല. രാ​ത്രി പതിനൊന്നിനാ​ണ് അ​ല്പം യൂ​റി​ൻ കി​ട്ടി​യ​ത്. അ​ങ്ങ​നെ 1998 മാ​ർ​ച്ച് 31നു ​രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ വ​ല​തു​കാ​ലും മു​റി​ച്ചു​മാ​റ്റി.

പു​ക​വ​ലി​യോ​ടു വി​ട

മ​രു​ന്നു​ക​ളു​ടെ കാ​ഠി​ന്യം​മൂ​ലം അ​ന​സ്തേ​ഷ്യ ത​ന്നി​ട്ടും ബോ​ധം മ​റ​ഞ്ഞി​ല്ല. സ്പൈനൽ അനസ്തേഷ്യ നൽകി​യാ​ണു വ​ല​തു​കാ​ൽ മു​റി​ച്ച​ത്. അ​ങ്ങ​നെ 40-ാം വ​യ​സി​ൽ ഇ​രു​കാ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ട യു​വാ​വാ​യി മാ​റി. ഓ​പ്പ​റേഷൻ ​ക​ഴി​ഞ്ഞ് ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളിൽ വാ​ർ​ഡി​ലേ​ക്കു മാ​റ്റു​ന്ന​താ​യി​രു​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ന്ന​ത്തെ രീ​തി. പ​ക്ഷേ, ഡോ.​ സി​യാ​ദി​ന്‍റെ കാ​രു​ണ്യം​മൂ​ലം 23 ദി​വ​സം അ​ത്യാ​ഹി​ത​വി​ഭാ​ഗം വാ​ർ​ഡി​ൽ ത​ന്നെ കി​ട​ത്തി. അ​തി​നി​ട​യി​ൽ ഒ​രു ദി​വ​സം ഭാ​ര്യ​യോ​ടും കൂ​ട്ടി​നി​രി​ക്കു​ന്ന ബ​ന്ധു​വി​നോ​ടു​മാ​യി ഡോ​ക്ട​ർ പ​റ​ഞ്ഞു: ""സാ​ധാ​ര​ണ​യാ​യി കാ​ലു​മു​റി​ക്കു​ന്പോൾ ര​ക്തം ചീ​റ്റേ​ണ്ട​താ​ണ്. പ​ക്ഷേ, ഒ​രു തു​ള്ളി ചോ​രപോ​ലും വ​ന്നി​ല്ല. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ അ​നു​ഭ​വ​മാ​ണി​ത്. എ​ല്ലാം ന​ഷ്ട​പ്പെ​ട്ടു. ഏ​റി​യാ​ൽ ര​ണ്ടു​മാ​സം''.
നി​റ​ക​ണ്ണു​ക​ളോ​ടെ ആ ​ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ അ​ന്നു ഞാ​നൊ​രു തീ​രു​മാ​ന​മെ​ടു​ത്തു. ഇ​പ്പോ​ൾ നീ​ണ്ട 22 വ​ർ​ഷ​ങ്ങ​ൾ... പി​ന്നെ ഇ​തു​വ​രെ ഒ​രു പു​ക പോ​ലും ഞാ​നെ​ടു​ത്തി​ട്ടി​ല്ല.

സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക്...


ഇ​രു​കാ​ലു​ക​ളു​മി​ല്ലാ​തെ വീ​ടിന്‍റെ നാലു ചുവരുകൾക്കിടയിൽ. കി​ട​ക്ക​യി​ൽ​നി​ന്ന് വീ​ൽ​ചെ​യ​റി​ലേ​ക്കും തി​രി​ച്ചും. ന​ര​ക​തു​ല്യ​മാ​യൊ​രു ജീ​വി​തം. ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​ല​മൂ​ത്ര​വി​സ​ർ​ജ​ന​ത്തി​നും എ​ല്ലാം സ​ഹാ​യം വേ​ണം. മൂ​ന്നാ​ലു വ​ർ​ഷ​മാ​യ​തോ​ടെ വ​യ​റു വ​ന്നു വ​ലു​താ​യി. കൈ​യും കാ​ലി​ന്‍റെ ബാ​ക്കി ഭാ​ഗ​വു​മെ​ല്ലാം ബ​ലം പി​ടി​ച്ചു. അ​ന​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ. എല്ലായ്പ്പോഴും ഇവൾ നി​ഴ​ൽ​പോ​ലെ കൂ​ടെ​യു​ണ്ടായിരുന്നു. അങ്ങനെയാ ഈ കോലമായേ.. സ​ഹ​ധ​ർ​മി​ണി സ​ഫി​യയെ ചേർത്തു നിർത്തി ഹനീഫ പറഞ്ഞു.

അവസ്ഥ അസഹനീയമായപ്പോൾ ഒരു ദിവസം പു​ത്ത​ൻ​ചിറ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. പ്രാ​യ​മാ​യ ആ ​ഡോ​ക്ട​ർ പ​റ​ഞ്ഞു. നാ​ലു​ വ​ർ​ഷം അ​ന​ങ്ങാ​തി​രു​ന്നി​ട്ട് ഇ​ത്ര​യ​ല്ലേ ആ​യു​ള്ളൂ. സാ​ര​ല്ല്യ. താ​നാ​യി​ട്ട് ഉ​ണ്ടാ​ക്കി​യ​ത​ല്ല​ല്ലോ കൈ​യും കാ​ലു​മൊ​ന്നും. അ​തി​നാ​ൽ ഇ​നി ഉ​ള്ള​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും ക്രി​യാ​ത്മ​ക​മാ​യി ചെ​യ്യാ​ൻ പ​രി​ശ്ര​മി​ക്ക​ണം. താ​ൻത​ന്നെ മ​ന​സു​വ​ച്ചാ​ലേ എ​ന്തെ​ങ്കി​ലും ന​ട​ക്കൂ. എ​ക്സ​ർ​സൈ​സ് ചെ​യ്യ​ണം, പ​തു​ക്കെ പ​തു​ക്കെ പു​റ​ത്തി​റ​ങ്ങ​ണം.
പുത്തൻചിറ മു​സ്‌ലിം​ പ​ള്ളി​യി​ലെ ക​മ്മു​ണ്ണി മു​സ്‌ലിയാ​ർ പി​റ്റേ​ന്നു വീ​ട്ടി​ൽ വ​ന്നു. അ​ദ്ദേ​ഹ​മെ​ന്നെ നി​ർ​ബ​ന്ധി​ച്ച് വീ​ൽ​ചെ​യ​റി​ൽ പു​റ​ത്തേ​ക്കി​റ​ക്കി. അ​ങ്ങ​നെ ആ​ദ്യ​മാ​യി ഒ​രു മു​ള​കു​ചെ​ടി കു​ഴി​ച്ചി​ട്ടു.​ അ​തൊ​രു തു​ട​ക്ക​മാ​യി. നി​ന്‍റെ പ​റ​ന്പി​ൽ നീ​യി​റ​ങ്ങു​ന്ന​തി​ന് ആ​രാ​ടാ ക​ളി​യാ​ക്കാ​നെ​ന്നാ​യി​രു​ന്നു മു​സ്‌ലിയാ​രു​ടെ ചോ​ദ്യം. പി​ന്നീ​ട് പ​റ​ന്പു മു​ഴു​വ​ൻ പോ​കാ​നാ​കാ​വു​ന്ന നാ​ലു​ചക്രം പി​ടി​പ്പി​ച്ച മ​ര​ത്തി​ന്‍റെ ഒ​രു വ​ണ്ടി​യു​ണ്ടാ​ക്കി. ചേ​ന​യും ക​പ്പ​യും എ​ന്നി​ങ്ങ​നെ കൃ​ഷി​ക​ളെ​ല്ലാം ചെ​യ്യാ​ൻ തു​ട​ങ്ങി.

അ​തേ​വ​ർ​ഷം ത​ന്നെ മൂ​ത്ത​മ​ക​ൾ സ​നി​ത​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. പി​ന്നീ​ട് റാ​ബി​യ​ത്തി​ന്‍റെ​യും ഒ​ടു​വി​ൽ മ​ക​ന്‍ താ​ഹി​റി​ന്‍റെ​യും. ഇ​പ്പോ​ൾ ആ​റു പേ​ര​ക്കു​ട്ടി​ക​ളു​മാ​യി.

ശി​ല്പ​ങ്ങ​ളി​ലേ​ക്ക്

പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ തു​ടങ്ങി​യ​തോ​ടെ പ​ണ്ട് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​രു വ​ലി​യ കാ​ള​ത്തേ​ക്കി​ന്‍റെ വ​ട്ട് പ​റ​ന്പി​ൽ കി​ടക്കു​ന്ന​തു​ക​ണ്ടു. ഇ​തു​പ​യോ​ഗി​ച്ച് ഒ​രു ടീ​പ്പോ​യ് പ​ണി​യാ​ൻ അ​ടു​ത്തു​ള്ള ഫ​ർ​ണീ​ച്ച​റു​കാ​ര​നെ ഏ​ല്പി​ച്ചു. ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും കി​ട്ടാ​താ​യ​തോ​ടെ ഒ​രു ചെ​റി​യ കൈ​ക്കോ​ടാ​ലി​യും ഒ​രു മു​ള്ള​ര​വും വാ​ങ്ങി. വ​ട്ട് മൂ​ന്നാ​യി അ​റ​ത്തു​വാ​ങ്ങി. രാ​കി​രാ​കി ആ​ദ്യം ടീ​പ്പോ​യ്, പി​ന്നെ ഒ​രു ക​സേ​ര... ടി​വി സ്റ്റാ​ൻ​ഡ് അ​ങ്ങ​നെ നി​ര​വ​ധി ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളു​ണ്ടാ​ക്കി.

ജീ​വി​തംത​ന്നെ സ​ന്ദേ​ശം

ക​ള​രി​പ്പ​യ​റ്റി​ന്‍റെ വീ​ര്യം, കോ​ഴി​ക്ക​റി​യു​ടെ സ്വാ​ദ് എ​ന്നെ​ല്ലാം ചില ബീ​ഡി​യു​ടെ​യും "മെ​യ്ഡ് ഫോ​ർ ഈ​ച്ച് അ​ദ​ർ’ എ​ന്ന സി​ഗര​റ്റി​ന്‍റെ​യും പ​ര​സ്യ​മെ​ല്ലാം കാ​ണു​ന്പോ​ൾ ചി​രി വ​രും. പു​ക​വ​ലി​ക്ക​രു​തെ​ന്ന് ഞാ​നാ​രോ​ടും പ​റ​യാ​റി​ല്ല. പ​ക്ഷേ, എ​ന്‍റെ ജീ​വി​ത​മാ​ണ് എ​നി​ക്ക് ന​ൽ​കാ​നു​ള്ള സ​ന്ദേ​ശം. അ​തി​ൽ കൂ​ടു​ത​ൽ എ​ന്തു​ പ​റ​യാ​നാ​ണ്. അ​തു കേ​ൾ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം തീ​രു​മാ​ന​മെ​ടു​ക്കാ​മ​ല്ലോ.

സെബി മാളിയേക്കൽ