രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം; ഹരിയാനയിൽ കാലിന് വൈകല്യമുള്ള യുവതിയെ കത്തിച്ചുകൊന്നു
Saturday, December 14, 2024 11:55 PM IST
ചണ്ഡീഗഡ്: ഹരിയാനയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ശാരീരിക വൈകല്യമുള്ള യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു.
നുഹ് ജില്ലയിലെ ലഹർവാഡി ഗ്രാമത്തിലാണ് സംഭവം. ഷെഹ്നാസ്(24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കാലിന് വൈകല്യമുള്ള യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
എട്ട് മാസം മുമ്പ് ലഹർവാഡി ഗ്രാമത്തിൽ വയലിൽ മണ്ണ് തള്ളുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് റിസ്വാൻ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു.
റിസ്വാൻ വധക്കേസിലെ 24 പ്രതികൾക്കെതിരെ പുൻഹന പോലീസ് കേസെടുത്തിരുന്നു, അതിൽ മൂന്ന് പേർ - സലിം, മുട്ടൽ, മോജുദ എന്നിവരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർ ഒളിവിലാണ്.
വ്യാഴാഴ്ച അന്വേഷണത്തിന്റെ ഭാഗമായി രണ്ട് വിഭാഗങ്ങളെയും പുൻഹന പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് ഇവിടെ വൻജനക്കൂട്ടം തടിച്ചുകൂടി. ഒളിവിൽ പോയ പ്രതികൾ ഗ്രാമത്തിലേക്ക് തന്നെമടങ്ങിവരണമെന്ന് ഗ്രാമത്തിലെ ചില ആളുകൾ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയോടെ കൊലപാതകക്കേസിലെ പ്രതികൾ ഗ്രാമത്തിലെത്തി. ഉടൻ തന്നെ റിസ്വാന്റെ കുടുംബം പ്രതിഷേധിക്കുകയും ഇരുകൂട്ടരും പരസ്പരം കല്ലെറിയുകയും ചെയ്തു. തുടർന്നാണ് ഷെഹ്നാസിനെ കൊന്നത്.
റിസ്വാന്റെ വീട്ടുകാർ പെട്രോൾ ഒഴിച്ച് ഷെഹ്നാസിനെ ജീവനോടെ കത്തിച്ചെന്നും സംഭവസ്ഥലത്ത് വച്ച് തന്നെ അവർ മരിച്ചെന്നും ഷെഹ്നാസിന്റെ സഹോദരൻ നിസാർ ആരോപിച്ചു. എന്നാൽ, യുവതി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് മറുവിഭാഗത്തിന്റെ വാദം.
ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നുണ്ടായ യുവതിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുകയാണ്. സംഭവത്തിൽ സത്യാവസ്ഥ കണ്ടെത്തുമെന്ന് പുൻഹന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രദീപ് കുമാർ പറഞ്ഞു.
വെള്ളിയാഴ്ച നടന്ന സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. മേഖലയിൽ സമാധാനം നിലനിർത്താൻ വൻ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.