ജാമ്യ ഉത്തരവിന്റെ പകർപ്പ് ജയിലിൽ എത്തിയില്ല; അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകില്ല
Friday, December 13, 2024 11:51 PM IST
ഹൈദരാബാദ്: അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകില്ല. ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ജയിലിൽ എത്താത്തതിനെ തുടർന്നാണ് അല്ലു അർജുൻ ഇന്ന് ജയിലിൽ കഴിയേണ്ടിവരുന്നത്.
ചഞ്ചൽഗുഡ ജയിലിലെ ക്ലാസ്-1 ബാരക്കിൽ ആണ് അല്ലു അർജുൻ ഇന്ന് കഴിയുക. നാളെ രാവിലേ കോടതി ഉത്തരവ് വന്നശേഷം മാത്രമാകും മോചനം.
പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടന് അല്ലു അര്ജുന് നേരത്തേ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നാലാഴ്ചത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു പ്രമോഷന്റെ ഭാഗമായി ഒരിടത്ത് നടന് പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തല്ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ആ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കോടതി പറഞ്ഞു. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുനോട് ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാൻ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.