അബ്ദുൾ റഹീമിന്റെ മോചനം; കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
Wednesday, December 11, 2024 4:28 PM IST
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സൗദി സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും അബ്ദുൾ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി മാറ്റിവച്ചിരുന്നു. ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.