ഉപരാഷ്ട്രപതിയെ പുറത്താക്കണം; പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു
Wednesday, December 11, 2024 12:49 PM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച ഇന്ത്യാ സഖ്യ എംപിമാർ ധൻകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നൽകിയിരുന്നു.
അതേസമയം അവിശ്വാസ പ്രമേയനോട്ടീസിനെ കടന്നാക്രമിച്ച് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു രംഗത്തെത്തി. രാജ്യസഭ ചെയർമാനായ ജഗ്ദീപിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റിജിജു പറഞ്ഞു. സഭയുടെ അന്തസിന്റെ സംരക്ഷകനായിരുന്നു ധൻകർ. ചെയറിന്റെ ബഹുമാനത്തിനും അന്തസിനും എതിരെയുള്ള ഏത് നീക്കത്തെയും ട്രഷറി ബെഞ്ച് പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജോർജ് സോറോസും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സഭയിൽ ഭരണകക്ഷി ആരോപിച്ചു. ഇതിനിടയിലും പ്രതിപക്ഷം മുദ്രാവാക്യം വിളികൾ തുടർന്നു. ഇതോടെയാണ് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞത്.
നിഷ്പക്ഷനാകേണ്ട രാജ്യസഭാധ്യക്ഷൻ ബിജെപിക്കും ഭരണപക്ഷത്തിനും വേണ്ടി തികച്ചും പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്നും രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നുവെന്നും ആരോപിച്ചാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യസഭ ചെയർമാനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള "ഇന്ത്യ’ സഖ്യം എംപിമാർ അവിശ്വാസത്തിനു നോട്ടീസ് നൽകിയത്.