മാധ്യമപ്രവർത്തകനെ മൈക്കുകൊണ്ട് മർദ്ദിച്ച് നടൻ മോഹൻ ബാബു
Wednesday, December 11, 2024 12:08 PM IST
ഹൈദരാബാദ്: മാധ്യമപ്രവർത്തകനെ മൈക്കുകൊണ്ട് മർദ്ദിച്ച് തെലുങ്ക് നടനും നിർമാതാവുമായ മോഹൻ ബാബു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രാദേശിക വാർത്ത ചാനൽ റിപ്പോർട്ടറെ മൈക്ക് പിടിച്ചുവാങ്ങി തല്ലിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി ജൽപ്പള്ളിയിൽ മോഹൻ ബാബുവിന്റെ വസതിയിൽ എത്തിയ റിപ്പോർട്ടറാണ് ആക്രമിക്കപ്പെട്ടത്. മോഹൻ ബാബുവും മകൻ മഞ്ചു മനോജും തമ്മിലുള്ള വഴക്ക് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനാണ് മാധ്യമപ്രവർത്തകർ ഇവിടെയെത്തിയത്.
മഞ്ചു മനോജ് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്ക് തള്ളിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവർത്തകനെ മോഹൻ ബാബു മൈക്ക് ഉപയോഗിച്ച് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ മാധ്യമ പ്രവര്ത്തകന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
മനോജും ഭാര്യയും ചേർന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും ജൽപള്ളിയിലെ വീട് കൈവശപ്പെടുത്താൻ പദ്ധതിയിടുന്നതായി ആരോപിച്ച് തിങ്കളാഴ്ച മോഹന്‍ബാബു പോലീസിൽ പരാതി നൽകിയതോടെയാണ് മഞ്ചു കുടുംബത്തിലെ പൊട്ടിത്തെറി പരസ്യമായത്.