പശ്ചിമ ബംഗാളിൽ മമതയുടെ തൃണമൂലിന് സന്പൂർണ ജയം
Saturday, November 23, 2024 5:58 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസിന് സന്പൂർണ ജയം. ആറ് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആറും തൃണമൂൽ ജയിച്ചു കയറി.
സീതായ്, മദാരിഹത്ത്, നഹാടി, ഹാരോ, മേദിനിപുർ, തൽഡൻഗ്ര എന്നീ മണ്ഡലങ്ങളാണ് തൃണമൂൽ വിജയിച്ചു കയറിയത്.
ഇതിൽ രണ്ട് മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃണമൂലിന്റെ ജയം. സീതായിൽ തൃണമൂലിന്റെ സംഗീത റോയി 130636 വോട്ടുകളുടെ ഭൂരപക്ഷത്തിനാണ് വിജയിച്ചു കയറിയത്. ഇവിടെ രണ്ടാമതെത്തിയ ബിജെപിയുടെ ദീപക് കുമാർ റായിക്ക് 35348 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഹാരോയിൽ തൃണമൂലിന്റെ എസ്.കെ. റബ്യൂൾ ഇസ്ലാം 131388 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ രണ്ടാമതെത്തിയ ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടിന്റെ പിയാരുൾ ഇസ്ലാമിന് 25684 വോട്ടുകളാണ് നേടാനായത്.