പാലക്കാട്ട് വോട്ട് വർധിപ്പിച്ച് സരിൻ, ബിജെപിക്ക് വീഴ്ച്ച
Saturday, November 23, 2024 4:33 PM IST
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട്ട് വോട്ട് വർധിപ്പിച്ച് എൽഡിഎഫ്. സിപിഎം സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിനിലൂടെയാണ് എൽഡിഎഫ് വോട്ട് വർധിപ്പിച്ചത്. 860 വോട്ടാണ് ഇത്തവണ ഇടതുപക്ഷത്തിന് മണ്ഡലത്തിൽനിന്നും അധികം ലഭിച്ചത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.പി. പ്രമോദിന് 36433 വോട്ടുകളാണ് ലഭിച്ചത്. ഈ കണക്കുകൾ മറികടന്ന സരിൻ 37293 വോട്ടുകൾ നേടി.
അതേസമയം ബിജെപിക്ക് മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ 10,671 വോട്ടുകൾ ബിജെപിക്ക് നഷ്ടമായി. 2021ൽ മെട്രോമാൻ ഇ. ശ്രീധരനെ കളത്തിലിറക്കിയ ബിജെപി 50,220 വോട്ടുകളാണ് വാരിക്കൂട്ടിയത്.
എന്നാൽ സി. കൃഷ്ണകുമാർ ഇത്തവണ ബിജെപിക്കായി മണ്ഡലം പിടിക്കാനിറങ്ങിയപ്പോൾ ബിജെപിക്ക് കാലിടറി. 39,549 വോട്ടുകൾ മാത്രമാണ് കൃഷ്ണകുമാറിനു നേടാനായത്.