വർഗീയ ശക്തികളെ ചേർത്തു നിർത്തിയാണ് യുഡിഎഫ് പാലക്കാട്ട് വിജയിച്ചതെന്ന് എം.വി. ഗോവിന്ദൻ
Saturday, November 23, 2024 2:26 PM IST
പാലക്കാട്: വർഗീയ ശക്തികളെ ചേർത്തു നിർത്തിയാണ് യുഡിഎഫ് പാലക്കാട് വിജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ് യുഡിഎഫിനുവേണ്ടി പ്രവർത്തിച്ചത്. സരിൻ മികച്ച സ്ഥാനാർഥിയാണെന്ന് എല്ലാവർക്കും ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് രാധാകൃഷ്ണന് ഉണ്ടായിരുന്നത്. ഇപ്പോൾ 12000ലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ചേലക്കരയിൽ ഉണ്ടായിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പുമായിതട്ടിച്ചു നോക്കുന്പോൾ കോണ്‍ഗ്രസിന്റെ 3000 വോട്ട് കുറഞ്ഞു. കോണ്‍ഗ്രസ് നേതാക്കൾ വലിയ അവകാശവാദം ഉന്നയിക്കുന്പോൾ എൽഡിഎഫിന് പാർലമെന്റ് തെരഞ്ഞടുപ്പിനെക്കാൾ വോട്ട് വർധിച്ചു.
പ്രദീപിന്റെ ജയം കേരള രാഷ്ട്രീയം എങ്ങോട്ടെയ്ക്കാണ് എന്ന് വ്യക്തമാക്കുന്നതാണ്. കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ എൽഡിഎഫിന് നിർണായകമായ ചുമതല നിർവഹിക്കാനാകുമെന്നാണ് ചേലക്കര വിധിയിലൂടെ വ്യക്തമാകുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.