തെളിവ് ലഭിക്കാതെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനാകില്ല: ഡല്‍ഹി പോലീസ്
Wednesday, May 31, 2023 9:05 PM IST
ന്യൂഡല്‍ഹി: ലൈംഗീകാതിക്രമക്കേസില്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിനെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ്. തെളിവ് ലഭിക്കാതെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനാകില്ല.
ബ്രിജ് ഭൂഷണ് തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ലെന്നും പോലീസ് നിലപാടടെടുത്തു. 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.
അതിനിടെ ഗുസ്തി താരങ്ങള്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇന്ത്യാഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചു. ഗുസ്തി താരങ്ങള്‍ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇന്ത്യാഗേറ്റില്‍ സമരം നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അനീതിയില്‍ പ്രതിഷേധിച്ചു ഹരിദ്വാറില്‍ ഗംഗയില്‍ മെഡലുകളൊഴുക്കി ഇന്ത്യാഗേറ്റില്‍ നിരാഹാരമിരിക്കുമെന്ന് ഗുസ്തി താരങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.
അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം അംഗീകരിച്ചാണ് ഗുസ്തി താരങ്ങള്‍ പിന്മാറിയത്. വിഷയത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇടപെടുന്നുണ്ട്.