അക്രമ രാഷ്ട്രീയം സിപിഎമ്മിന്‍റെ നയമല്ലെന്ന് യെച്ചൂരി
Thursday, February 22, 2018 11:53 AM IST
തൃശൂർ: അക്രമ രാഷ്ട്രീയം പാർട്ടിയുടെ നയമല്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ് സിപിഎമ്മിന്‍റെ ശൈലി. എന്നാൽ തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കും. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ യെച്ചൂരി പറഞ്ഞു.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യെച്ചൂരി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. രാജ്യത്തിന്‍റെ അടിസ്ഥാന സ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുകയാണ്. ബിജെപിക്കെതിരേ മതനിരപേക്ഷ കക്ഷികളെ കൂട്ടുപിടിച്ച് പോരാട്ടം ശക്തമാക്കേണ്ട സമയമായി. ബിജെപിയെ നേരിടാൻ കോൺഗ്രസുമായി സഖ്യം വേണ്ടെന്നും എന്നാൽ തെരഞ്ഞെടുപ്പ് തന്ത്രമാകാമെന്നും യെച്ചൂരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനേന്ദ്ര മോദിയായിരിക്കുകയാണ്. ബാങ്ക് വായ്പാ തട്ടിപ്പിൽ മോദിയുടേത് കുറ്റകരമായ മൗനമാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും മോദി സർക്കാരിന് നടപ്പാക്കാൻ കഴിഞ്ഞില്ല. കർഷകരുടെ കടം എഴുതിത്തള്ളുന്നതിനേക്കാളും മൂന്നു മടങ്ങാണ് വൻകിട കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളിയത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ സന്പദ് വ്യവസ്ഥ കുത്തകൾക്ക് ലാഭമുണ്ടാക്കാനുള്ളതാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ആഗോള കുത്തകകളുടെ താത്പര്യ പ്രകാരമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. രാജ്യത്ത് ആർഎസ്എസ് മതനിരപേക്ഷത തകർക്കുകയാണ്. പാർലമെന്‍ററി സംവിധാനം കൈയിലാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. വലതുപക്ഷ മാറ്റത്തിന്‍റെ ഉപകരണമായി വർഗീയ ധ്രുവീകരണം മാറിയെന്നും യെച്ചൂരി പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.