പ്രകാശ് രാജിനെതിരേ യൂട്യൂബ് ചാനലില്‍ വധഭീഷണി; കേസെടുത്തു
Wednesday, September 20, 2023 6:21 PM IST
ബംഗളൂരു: സനാതന ധര്‍മവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിനു പിന്നാലെ, നടന് പ്രകാശ് രാജിനെതിരേ വധഭീഷണിയുയര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരേ കേസെടുത്ത് പോലീസ്.
പ്രകാശ് രാജിന്റെ പരാതിയില്‍ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരേയാണ് ബംഗളൂരുവിലെ അശോക് നഗര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ടിവി വിക്രമ എന്ന യൂട്യൂബ് ചാനല്‍ തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതായി നടന്റെ പരാതിയില്‍ പറയുന്നു.
ഐപിസി സെക്ഷന്‍ 506, 504, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സനാതന ധര്‍മത്തിനെതിരേ നടത്തിയെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.