അൻവറിന്റെ യുഡിഎഫ് പ്രവേശനം; ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
Tuesday, October 1, 2024 5:47 PM IST
മലപ്പുറം: ഇടതു മുന്നണി ബന്ധം ഉപേക്ഷിച്ച പി.വി.അൻവർ എംഎൽഎയുടെ യുഡിഎഫ് പ്രവേശനം തള്ളാതെ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ചർച്ച ചെയ്ത് ഇതു സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. നിലമ്പൂരിൽ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. അൻവർ പി. ശശിക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്.
ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ് വേണ്ടത്. ആരു ശ്രമിച്ചാലും മലപ്പുറത്തെ കലാപഭൂമിയാക്കാൻ കഴിയില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്. രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പിആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയാണ്.
മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം. പക്ഷേ പിആർ ഏജൻസി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്നു. ഈ വിഭജനം വിലപ്പോവില്ലെന്ന് വടകര ലോക്സഭ ഫലം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.