മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ: വിദ്യ ഒളിവിൽ, അറസ്റ്റ് വൈകുന്നു
സ്വന്തം ലേഖകൻ
Thursday, June 8, 2023 6:35 PM IST
കൊച്ചി: അധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥിനിയും മുന്‍ എസ്എഫ്ഐ നേതാവുമായ കെ. വിദ്യയെ കണ്ടെത്താനാവാതെ കൊച്ചി സിറ്റി പോലീസ് കുഴങ്ങുന്നു. കേസെടുത്തതിനു പിന്നാലെ ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നാണ് പോലീസ് ഭാഷ്യം.
അതിനിടെ കൊച്ചിയിലെ വിദ്യയുടെ ബന്ധങ്ങളെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം തുടങ്ങി. വിദ്യ കൊച്ചിയില്‍ എവിടെയെങ്കിലും താമസിച്ചിട്ടുണ്ടോ, ഇവര്‍ എന്നാണ് ഒടുവില്‍ കൊച്ചിയില്‍ വന്നു പോയത്, ഇവര്‍ ആരൊക്കെയുമായി ബന്ധപ്പെട്ടു എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും അന്വേഷിക്കുന്നത്.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിദ്യയ്ക്കെതിരേ കേസെടുത്തത്. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍നിന്ന് മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പ്രിന്‍സിപ്പല്‍ പോലീസിന് കൈമാറിയിരുന്നു.
വ്യാജ രേഖ ഉണ്ടാക്കാന്‍ കോളജില്‍നിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. അതേസമയം, വിദ്യയെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഇരട്ടിയാക്കുകയാണ്.
സീൽ, എംബ്ലം, ഒപ്പ് എന്നിവ വ്യാജമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച് കോടതിക്കു മുന്നില്‍ രേഖ നല്‍കേണ്ടതുണ്ട്. അസല്‍ രേഖകള്‍ ഇല്ലെങ്കില്‍ കോടതിയില്‍ കേസ് നിലനില്‍ക്കില്ല. ഇതൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പോലീസിന് ഉന്നതതല സമ്മര്‍ദം നേരിടേണ്ടിവരുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
2018 മുതല്‍ 2021 വരെ മഹാരാജാസ് കോളജില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക ഗസ്റ്റ് അധ്യാപികയായിരുന്നെന്ന വ്യാജ പ്രവൃത്തി പരിചയ രേഖയാണ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി വിദ്യ ഉണ്ടാക്കിയെടുത്ത്. പാലക്കാട് അട്ടപ്പാടി ഗവ. കോളജിലെ താല്കാലിക അധ്യാപക നിയമനത്തിന് ഈ രേഖ ഹാജരാക്കുകയും ചെയ്തു.
സംശയം തോന്നിയ അവിടുത്തെ അധ്യാപകര്‍ മഹാരാജാസ് കോളജില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. മാത്രമല്ല ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെയും കാസര്‍ഗോട്ടെയും സര്‍ക്കാര്‍ കോളജുകളിലും മുന്‍പ് ഗസ്റ്റ് ലക്ചററായി ഇവര്‍ ജോലി ചെയ്തിരുന്നു.