രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; ടോറി ആന്‍റ് ലോകിത ഉദ്ഘാടന ചിത്രം
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; ടോറി ആന്‍റ് ലോകിത ഉദ്ഘാടന ചിത്രം
Thursday, December 8, 2022 4:04 PM IST
തിരുവനന്തപുരം: 27-ാ മത് ഐഎഫ്എഫ്‌കെ വെള്ളിയാഴ്ച തുടങ്ങും. മേള വൈകുന്നേരം 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്‍റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.

ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങള്‍ കാരണം മേളയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ജൂറി ചെയര്‍മാനും ജര്‍മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഫെസ്റ്റിവല്‍ ബുക്ക് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കിക്കൊണ്ട് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും.

ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കിക്കൊണ്ട് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ.വി.കെ. പ്രശാന്ത് എംഎല്‍എ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍. കരുണിന് നല്‍കി പ്രകാശനം ചെയ്യും

ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചിന് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. സംഗീത പരിപാടിക്കുശേഷം ഉദ്ഘാടനചിത്രമായ ടോറി ആന്‍റ് ലോകിത പ്രദര്‍ശിപ്പിക്കും.

ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്. ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ഒമ്പതുമുതല്‍ 16 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍നിന്നുള്ള ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ആദ്യകാല ചലച്ചിത്രാചാര്യന്‍ എഫ്.ഡബ്ല്യു മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്റേഡര്‍, ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്സ്‌കി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.


ജാഫര്‍ പനാഹി, ഫത്തി അകിന്‍, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ദുക്കിന്‍റെ അവസാനചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. തത്സമയ സംഗീതത്തിന്‍റെ അകമ്പടിയോടെ അഞ്ച് നിശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

അന്‍പതു വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്‍റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്‍റെ പുനരുദ്ധരിച്ച പതിപ്പിന്‍റെ പ്രദര്‍ശനം എന്നിവയും മേളയില്‍ ഉണ്ടായിരിക്കും.

വീറ്റ് ഹെല്‍മര്‍ ചെയര്‍മാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി, സ്പാനിഷ് - ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്നര്‍, അര്‍ജന്‍റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും.

പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറില്‍ പുനലൂര്‍ രാജന്‍റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ "അനര്‍ഘനിമിഷം', സത്യന്‍റെ 110-ാം ജന്മവാര്‍ഷിക വേളയില്‍ അദ്ദേഹത്തിന്‍റെ 110 ഫോട്ടോകളുടെ പ്രദര്‍ശനമായ "സത്യന്‍ സ്മൃതി' എന്നിവ സംഘടിപ്പിക്കും.

സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം, മാസ്റ്റര്‍ ക്ലാസ് തുടങ്ങി നിരവധി പരിപാടികളും ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<