മാണി മാണിക്യം തന്നെ; വാനോളം പുകഴ്ത്തി ഇ.പി.ജയരാജൻ
Tuesday, February 20, 2018 12:20 PM IST
തൃശൂർ: സിപിഐയുടെ കെ.എം.മാണി വിരോധം പരസ്യമായി തള്ളിക്കളഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ ഇ.പി.ജയരാജൻ രംഗത്ത്. മാണിയെ വാനോളം പുകഴ്ത്തിയാണ് ജയരാജൻ രംഗത്തെത്തിയിരിക്കുന്നത്.

കെ.എം.മാണി കേരളത്തിൽ ജനകീയ അടിത്തറയുള്ള മികച്ച നേതാവാണെന്ന് ജയരാജൻ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്ക് മാണിയെ ക്ഷണിച്ചതിൽ ഒരു തെറ്റുമില്ല. വളരെക്കാലം എംഎൽഎയും മന്ത്രിപദവും അലങ്കരിച്ച മാണി സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബഹുജന അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. അതിന് ഇടതുപക്ഷ നയവുമായി ചേർന്ന് പോകുന്ന ആരെയും ഒപ്പം നിർത്തും. ഒരാളുടെ ഇഷ്ടത്തിന് മാത്രമല്ല ഇടതുമുന്നണി പ്രവർത്തിക്കുന്നതെന്നും അതിന് ഒരു നയമുണ്ടെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം വളരേണ്ടത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ശക്തിപകരുമെന്നും ദേശീയ തലത്തിൽ ഇത് അത്യാവശ്യമാണെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു.

മാണിയെ എൽഡിഎഫിലേക്ക് പരോക്ഷമായി ക്ഷണിച്ചതിന് തുല്യമാണ് ഇ.പി.ജയരാജന്‍റെ വാക്കുകൾ. സിപിഐ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്പോഴും കേരള കോണ്‍ഗ്രസ്-എമ്മിനെ എൽഡിഎഫിൽ കൊണ്ടുവരുമെന്ന ശക്തമായ സൂചനയാണ് ജയരാജൻ നൽകുന്നത്. യുഡിഎഫ് വിട്ട മാണി എൽഡിഎഫിലേക്ക് ചേക്കേറുമെന്ന് സമീപകാലത്ത് വാർത്തകളുണ്ടായിരുന്നു. ഇക്കാര്യം പരസ്യമായി മാണി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.