പറഞ്ഞത് വസ്തുതകൾ ; ഹിന്ദുവില്‍ വന്നത് പറയാത്ത കാര്യം: മുഖ്യമന്ത്രി
Tuesday, October 1, 2024 6:37 PM IST
കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിഡജയൻ. ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്നത് താന്‍ പറയാത്ത കാര്യങ്ങളാണ്.
വര്‍ഗീയ ശക്തികളെ തുറന്ന് എതിര്‍ക്കാറുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കുക എന്നതല്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിൽ നിന്നാണ്. അത് വസ്തുതയാണ്.
കൂടുതൽ ഹവാല പണം പിടികൂടിയത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണ്. അതിനെ തെറ്റായി വ്യഖ്യാനിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയൻ ചോദിച്ചു.
എന്തിനാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കാണ് പറഞ്ഞത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളജില്‍ എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിനെ കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ല. എന്നിട്ടും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നത് തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തുകാരെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുണ്ട്.
സ്വര്‍ണക്കടത്ത് നടത്തുന്നവരെ പിടികൂടുമ്പോള്‍ അത് മലപ്പുറം ജില്ലയ്ക്ക് എതിരായി വരുത്തി തീര്‍ക്കുന്നു. സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. തെറ്റ് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പോലീസ് നടപടി ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്നതുമായി ബന്ധപ്പെട്ട് ആ പത്രം തന്നെ തിരുത്ത് നല്‍കിയിരുന്നു. പത്ര സ്ഥാപനം തിരുത്തിയിട്ടും ആ തെറ്റായ ഭാഗം നോക്കി തന്നെ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.വി.അന്‍വർ എംഎല്‍എയ്ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുവെന്നും ഗൂഢലക്ഷ്യമുള്ളവര്‍ക്ക് ആ വഴി പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.