നിരവധി പേർ വയനാടിനായി സഹായങ്ങൾ വാഗ്ദാനംചെയ്തു; ആവശ്യമായ സ്ഥലം അനുവദിക്കാൻ പോലും സർക്കാരിന് കഴിഞ്ഞില്ലെന്ന് ഗവർണർ
Saturday, December 14, 2024 5:59 PM IST
തിരുവനന്തപുരം: എൻജിഒകളും വിവിധ വ്യക്തികളും വയനാട് പുനരധിവാസത്തിനായി സഹായങ്ങൾ വാഗ്ദാനംചെയ്തുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ അവർക്ക് ആവശ്യമായ സ്ഥലം അനുവദിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
കൃത്യമായ റിപ്പോർട്ട് നൽകിയിരുന്നെങ്കിൽ കേന്ദ്ര സർക്കാർ സഹായം അനുവദിച്ചേനേ എന്നും ഗവർണർ പറഞ്ഞു. അതിനിടെ വയനാടിനെ കേന്ദ്രസർക്കാർ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റ് വളപ്പിൽ കേരളത്തിൽനിന്നുള്ള എംപിമാർ പ്രതിഷേധിച്ചു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ പ്രതിഷേധം.
കേരളത്തോടുള്ള വിവേചനം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. വയനാട് വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് നിരാശജനകമാണെന്നും അവർ പ്രതികരിച്ചു.
രക്ഷാപ്രവർത്തനത്തിനു പണം ചോദിച്ച കേന്ദ്ര നിലപാട് കേരളത്തെ അപമാനിക്കുന്നതാണെന്ന് കെ. രാധാകൃഷ്ണൻ എംപിയും പറഞ്ഞു.