സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Friday, December 13, 2024 4:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.
അതിശക്തമായ മഴ അപകടങ്ങൾക്ക് ഇടയാകുമെന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ വകുപ്പ് നിർദേശം നല്കി. വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ വലിയ രീതിയിൽ പെയ്തിറങ്ങുന്ന രീതിയിലുള്ള മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ വകുപ്പും മുന്നറിയിപ്പും നൽകി.
14 വരെ കേരളതീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.