കർണാടക ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് തൂത്തുവാരി
Saturday, November 23, 2024 3:22 PM IST
ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റിലും കോൺഗ്രസിന് വിജയം. ചന്നപട്ടണയിൽ സി.പി.യോഗേശ്വറും സണ്ടൂരിൽ ഇ.അന്നപൂർണയും ശിവ്ഗാവിൽ യൂനസ് പഠാനും വിജയിച്ചു.
നിഖിലിനെ എൻഡിഎ സ്ഥാനാർഥി ആക്കിയതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സി.പി.യോഗേശ്വറാണ് മണ്ഡലത്തില്‍ വിജയം നേടിയത്.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ നാലുതവണ ജയിച്ച മണ്ഡലമായ ശിവ്ഗാവും ബിജെപിയെ കൈവിട്ടു. ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മയാണ് പരാജയപ്പട്ടത്. സണ്ടൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഇ.അന്നപൂർണയാണ് വിജയിച്ചത്.
ഈ വിജയത്തോടെ കർണാടക നിയമസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 136ൽ നിന്ന് 138 ആയി ഉയര്‍ന്നു. എൻഡിഎ അംഗസംഖ്യ 85ൽ നിന്ന് 83 ആയി കുറഞ്ഞു. പ്രതീക്ഷിച്ച വിജയമെന്നും ഗ്യാരന്റികൾ താഴേത്തട്ടിൽ ഫലം കണ്ടതിന്റെ തെളിവാണ് ഈ വിജയമെന്നും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.