സമുചിത വിള നിർണയ പദ്ധതി നെൽ, റബർ കർഷകർക്ക് പ്രയോജനകരം: പിണറായി വിജയൻ
Tuesday, August 12, 2025 12:45 AM IST
കണ്ണൂർ: ഭൂവിനിയോഗ വകുപ്പ് ആവിഷ്കരിച്ച ‘സമുചിത വിള നിർണയം’പദ്ധതി നെൽ, റബർ കർഷകർക്ക് പ്രയോജനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ഭൂവിനിയോഗ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നടത്തുന്ന സമുചിത വിള നിർണയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലാൻഡ് റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം (എൽആർഐ) വെബ്സൈറ്റ് പ്രകാശനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതി കേരളത്തിന്റെ മണ്ണിന്റെയും ജലസ്രോതസുകളുടെയും സമ്പന്നത പാഴാക്കാതെ കൂടുതൽ മെച്ചപ്പെട്ട ഉത്പാദനശേഷിയിലേക്കു കാർഷിക മേഖലയെ നയിക്കാൻ സഹായിക്കും. ഓരോ പ്രദേശത്തിന്റെയും മണ്ണിന്റെ സ്വഭാവം, ജല ലഭ്യത, കാലാവസ്ഥാ വ്യതിയാനങ്ങളുടെ സാധ്യതകൾ എന്നിവ ശാസ്ത്രീയമായി പഠിച്ച് ഏറ്റവും അനുയോജ്യമായ വിള ഏതെന്ന് കർഷകർക്കു കൃത്യമായി നിർദേശിക്കാൻ ഉപകാരപ്രദമാണ്.
കാലാവസ്ഥാ മാറ്റങ്ങൾ മൂലം നെൽകൃഷിക്ക് അനുയോജ്യമല്ലാത്ത ഒരു പ്രദേശത്ത് പകരം ചെയ്യാൻ കഴിയുന്ന മറ്റു കാർഷിക വിളകളെക്കുറിച്ച് കർഷകന് കൃത്യമായ മാർഗനിർദേശം ഇതുവഴി ലഭിക്കും. ശരിയായ വിള തെരഞ്ഞെടുക്കുന്നത് മികച്ച വിളവ് നേടാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും സഹായിക്കും.
മണ്ണിന്റെ ഘടന മനസിലാക്കി കൃഷി ചെയ്യുന്നതിലൂടെ മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും കാർഷിക ഉത്പാദനം ഉറപ്പാക്കാനും സാധിക്കും. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാൻ ശേഷിയുള്ള വിളകൾ തെരഞ്ഞെടുക്കുന്നതിലൂടെ കാർഷിക നഷ്ടം ഒഴിവാക്കാനാകും. ഈ സംവിധാനം ഉപയോഗിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും കർഷകരും തയാറാകണം.
പ്രകൃതിവിഭവങ്ങളുടെ വിവേകപൂർവമായ ഉപയോഗവും സുസ്ഥിര കാർഷിക പരിപാലനവുമാണ് ‘സമുചിത വിള നിർണയ പദ്ധതി’ ലക്ഷ്യമിടുന്നത്. ജിഐഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയും, ഫീൽഡ് സർവേകളിലൂടെയും നിലവിലെ ഭൂവിനിയോഗക്രമം പഠനവിധേയമാക്കി, പഞ്ചായത്ത് തലത്തിൽ വിളഭൂപടങ്ങൾ തയാറാക്കി, ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളയിനങ്ങൾ ശിപാർശ ചെയ്യുകയാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നത്.
ഓരോ പ്രദേശത്തെയും കാർഷിക വികസന സാധ്യതകൾ, ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ, അവിടങ്ങളിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും സർവേ നമ്പർ തലത്തിൽ ഇതിൽ വിശകലനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.