കാർത്തികപ്പള്ളിയിൽ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു
Sunday, July 20, 2025 5:33 PM IST
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
അതേസമയം കെട്ടിടത്തിന്റെ മേൽക്കൂരയല്ല വരാന്തയുടെ ചെറിയ ഭാഗമാണ് തകർന്നുവീണതെന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ ബിജു പറഞ്ഞു. തകർന്നു വീണത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ ഭാഗമാണ്. ഈ കെട്ടിടത്തിൽ ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നും ബിജു പറഞ്ഞു.
കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകൾ മാത്രമാണ് ആയിട്ടുള്ളത്. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ നടന്നുവരികയാണെന്നും അധ്യാപകൻ ബിജു പറഞ്ഞു.
അതേസമയം തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിച്ചിരുന്നതായി വിദ്യാർഥികളും നാട്ടുകാരും പറഞ്ഞു.