ഗാന്ധി കുടുംബത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് തരൂർ
Saturday, July 19, 2025 7:46 PM IST
തിരുവനന്തപുരം: അടിയന്തരാവസ്ഥ ലേഖന വിവാദത്തിൽ ന്യായീകരണവുമായി ശശി തരൂർ എംപി. ഗാന്ധി കുടുംബത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് തരൂർ പറഞ്ഞു. ചില കാര്യങ്ങൾ സംഭവിച്ചതിനെ പറ്റി മാത്രമേ എഴുതിയിട്ടുള്ളു. ഇത് താൻ മുൻപും എഴുതിയിട്ടുള്ളതാണ്.
"ഇന്ത്യ അർദ്ധരാത്രി മുതൽ അരനൂറ്റാണ്ട്' എന്ന പുസ്തകത്തിലുള്ള കാര്യമാണ് ഇപ്പോഴും എഴുതിയത്. വിമർശിക്കുന്നത് തന്നെ വായിക്കാത്തവരാണ്. ഇതിൽ പുതിയ കാര്യമൊന്നുമില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
ഇന്ദിര ഗാന്ധിയുടെ കാർക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചെന്നും രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂ എന്ന് ഇന്ദിര ശഠിച്ചെന്നും തരൂർ ലേഖനത്തിൽ പറഞ്ഞിരുന്നു.
തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറംലോകം അറിഞ്ഞില്ല. ജുഡീഷറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായി. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചെന്നും തരൂർ പറഞ്ഞിരുന്നു.
അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറഞ്ഞിരുന്നു.