ശബരിമല ട്രാക്ടർ യാത്ര; എഡിജിപി അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്
Saturday, July 19, 2025 6:07 PM IST
തിരുവനന്തപുരം: ശബരിമലയിലെ വിവാദ ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആര്. അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ചട്ടം ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു.
ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് വിവരം. വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശിപാർശകളില്ലാതെയാണ് റിപ്പോർട്ട്.
സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകൾ. എന്നാൽ, അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം 2021-ൽ ഹൈക്കോടതി ട്രാക്ടറുകളിൽ ആളുകൾ യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത്.
അജിത് കുമാറും രണ്ട് സഹായികളും ട്രാക്ടറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയും ഹൈക്കോടതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വിഷയം കോടതിയിലെത്തിയതിനെത്തുടര്‍ന്ന് പമ്പ പോലീസ് ട്രാക്ടര്‍ ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.