യുപിയിൽ നാലുവയസുകാരിയെ സ്കൂൾ വാനിൽ വച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ
Saturday, July 19, 2025 3:31 PM IST
ലക്നോ: ഉത്തർപ്രദേശിൽ നാലു വയസുകാരി സ്കൂൾ വാനിൽ പീഡനത്തിന് ഇരയായി. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് സംഘങ്ങളെ രൂപീകരിച്ചതായി ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശശാങ്ക് സിംഗ് പറഞ്ഞു. സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.
"സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ടെന്ന് മകൾ പരാതിപ്പെട്ടു. പരിശോധനയിൽ അവൾക്ക് പരിക്കേറ്റതായി ഞാൻ കണ്ടെത്തി. ഞാൻ പ്രിൻസിപ്പലിനോട് പരാതിപ്പെട്ടു. അവർ അതിനെക്കുറിച്ച് സംസാരിക്കുമെന്ന് പറഞ്ഞു. ഞാൻ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയപ്പോൾ ഡോക്ടർ പീഡനം സ്ഥിരീകരിച്ചു. പോലീസിൽ പരാതിപ്പെടുന്നത് കുട്ടിയുടെ ഭാവിയെയും സ്കൂളിന്റെ സൽപ്പേരിനെയും ബാധിക്കുമെന്നും അധികൃതർ പറഞ്ഞു'.
"രണ്ട് ദിവസം ഞാൻ കാത്തിരുന്നു, പക്ഷേ സ്കൂൾ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകാൻ ഇതേ ഡ്രൈവർ തന്നെ വീണ്ടും വന്നു. എന്നാൽ ഞങ്ങൾ ഇത് എതിർത്തപ്പോൾ ഡ്രൈവർ സ്കൂളിന് മുന്നിൽ വച്ച് ഞങ്ങളെ ഉപദ്രവിക്കുകയും ജാതീയ പരാമർശങ്ങൾ നടത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ, സ്കൂളിൽ പോലും പരാതിപ്പെടരുതെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടു'.
"തുടർന്ന് ഞങ്ങൾ പോലീസിൽ പരാതി നൽകി. എന്റെ പക്കൽ എല്ലാ തെളിവുകളും ഉണ്ട്.
പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു'.-കുട്ടിയുടെ അമ്മ പറഞ്ഞു.