വയനാട് പുനരധിവാസം; ഏഴ് സെന്റ് സ്ഥലത്ത് 20 ലക്ഷത്തിന് വീട്, 12 വർഷത്തേക്ക് കൈമാറ്റംചെയ്യാൻ പാടില്ല
Thursday, February 27, 2025 7:01 PM IST
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.
ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമിയിലായിരിക്കും വീട് നിർമിക്കുക. ടൗൺഷിപ്പിനായി ആദ്യ ഘട്ടത്തിൽ എൽസ്റ്റൺ എസ്റ്റേറ്റ് മാത്രമായിരിക്കും ഏറ്റെടുക്കുകയെന്നും മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി.
ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിൾ ആയിരിക്കും. 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലാത്തതുമാണ്. റസിഡൻഷ്യൽ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിൽ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്).
ഭൂമിയും വീടും 12 വർഷത്തിന് മുൻപ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളിൽ പണയപ്പെടുത്തി വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളുന്നതാണ്.
ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.