രഞ്ജി ട്രോഫി; അർധ സെഞ്ചുറിയുമായി സർവാതെ, കേരളം പൊരുതുന്നു
Thursday, February 27, 2025 6:28 PM IST
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ വിദർഭയ്ക്കെതിരേ കേരളം ആദ്യ ഇന്നിംഗ്സിൽ 39 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ വിദർഭയെ കേരളം 379 റൺസിന് ഓൾ ഔട്ടാക്കിയിരുന്നു. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 248 റൺസ് പിറകിലാണ് കേരളം നിലവിൽ.
23 പന്തിൽ ഏഴ് സൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും 120 പന്തിൽ 66 റൺസുമായി ആദിത്യ സർവാതെയുമാണ് ക്രീസിൽ. രോഹൻ കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, അഹമ്മദ് ഇമ്രാൻ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും പെട്ടെന്ന് തന്നെ പുറത്തായെങ്കിലും സർവാതെയുടെ ബാറ്റിംഗ് മികവിലാണ് കേരളം തകർച്ചയിൽനിന്ന് കരകയറിയത്.
അക്ഷയ് ചന്ദ്രൻ (14), രോഹൻ കുന്നുമ്മൽ (പൂജ്യം), ആദിത്യ സർവാതെ (66), അഹമ്മദ് ഇമ്രാൻ (37), സച്ചിൻ ബേബി (ഏഴ്) എന്നിങ്ങനെയാണ് കേരളത്തിന്റെ സ്കോർ.
വിദർഭയ്ക്കായി ദർശൻ നൽകണ്ടേ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. യഷ് താക്കൂർ ഒരു വിക്കറ്റു എടുത്തു.