ജോലി നഷ്ടപ്പെടും; ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിതാ നേതാവ്
Thursday, February 27, 2025 3:23 PM IST
കോഴിക്കോട്: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ ഭീഷണിയുമായി സിഐടിയുവിന്റെ ആശാ വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമ.
ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമയുടെ ഭീഷണി. ആശാ വര്‍ക്കര്‍മാരെ അണിനിരത്തി കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നില്‍ സിഐടിയു നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രേമ.
ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും അവരുടെ ജോലി ഭാരം വര്‍ധിക്കുന്നുവെന്നും പ്രേമ പറഞ്ഞു. ആശ വര്‍ക്കര്‍മാരെ വേണ്ടന്ന് പറഞ്ഞവരാണ് യുഡിഎഫ്. വി.എസ്. അച്യുതാനന്ദന് സര്‍ക്കാരാണ് ആശമാര്‍ക്ക് വേണ്ടി നിലപാട് എടുത്തത്.
സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന സമരം തെറ്റാണെന്ന് പറയുന്നില്ല. ആരുടെ സ്കീം ആണ് എന്‍എച്ച്എം, ആരാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്? ആശമാര്‍ക്ക് ഇന്‍സെന്റീവ് നല്കാന് കേന്ദ്രം തയാറാകുന്നില്ലെന്നും ഒരു വര്‍ഷം ഈ തുക കേരളമാണ് നല്‍കിയതെന്നും പ്രേമ പറഞ്ഞു.
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സിഐടിയു സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമരരീതി ആയിരുന്നില്ല സിഐടിയുവിന്റേത്. ഭരണകര്‍ത്താക്കളെ തെറി വിളിക്കുന്ന രീതിയില്‍ ആയിരുന്നില്ല അന്നത്തെ സമരം. ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നുവെന്നും പ്രേമ വിമര്‍ശിച്ചു.