കേരളത്തെ ഞെട്ടിച്ച് നാല്‍കന്‍ഡെ; ഓപ്പണർമാർ മടങ്ങി
Thursday, February 27, 2025 3:09 PM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന് രണ്ടുവിക്കറ്റ് നഷ്ടം. രണ്ടാംദിനം ചായയ്ക്കു പിരിയുമ്പോൾ രണ്ടിന് 57 റൺസെന്ന നിലയിലാണ് കേരളം. 31 റൺസുമായി ആദിത്യ സർവാതെയും 10 റൺസുമായി അഹമ്മദ് ഇമ്രാനുമാണ് ക്രീസിൽ.
ഓപ്പണർമാരായ അക്ഷയ് ചന്ദ്രന് (14), രോഹന് കുന്നുമ്മല്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ദര്ശന് നാല്കന്ഡെയ്ക്കാണ് രണ്ടുവിക്കറ്റുകളും.
നേരത്തെ, വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സിനു പുറത്തായിരുന്നു. ഡാനിഷ് മലേവാറിന്റെ (153) സെഞ്ചുറിയുടെയും മലയാളി താരം കരുണ്‍ നായരുടെ (83) അർധസെഞ്ചുറിയുടെയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്കോറിലെത്തിയത്.