മുള്ളൻപന്നി ഓട്ടോയിലേക്ക് ഓടിക്കയറി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
Thursday, February 27, 2025 12:43 PM IST
കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലേക്ക് മുള്ളൻപന്നി പാഞ്ഞു കയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെ കണ്ണാടിപ്പറന്പ് വാരം കടവ് റോഡ് പെട്രോൾ പന്പിനു സമീപമായിരുന്നു അപകടം.
വിജയൻ ഓടിച്ചുപോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഡ്രൈവറുടെ ഭാഗത്തേക്ക് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചു.
മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.