വേനൽമഴ വെള്ളിയാഴ്ചയെത്തും; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
Thursday, February 27, 2025 12:32 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും വെള്ളി, ശനി ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ വേനൽമഴയെത്തുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പില്ല.
ഇന്ന് ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരം, തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.