നിലമ്പുരിൽ കാട്ടാനയുടെ ജഡം സെപ്റ്റിക് ടാങ്ക് കുഴിയിൽ; ചരിഞ്ഞത് കസേരക്കൊമ്പൻ
Thursday, February 27, 2025 11:52 AM IST
നിലമ്പുര്‍: കസേരക്കൊമ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാനയെ കരുളായി വനാതിർത്തിയിൽ സ്വകാര്യവ്യക്തിയുടെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
ചോളമുണ്ട ഇഷ്ടികക്കളത്തോട് ചേര്‍ന്ന കുഴിയിലാണ് ആനയുടെ ജഡം കണ്ടത്. ഇന്നു പുലര്‍ച്ചെ 4.15ഓടെ ഇഷ്ടികക്കളത്തിലെ തൊഴിലാളികളാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഏകദേശം 40 വയസിലേറെ പ്രായമുണ്ട്. ശരീരത്തെ മുറിവില്‍ പുഴുവരിച്ചിട്ടുണ്ട്.
കുഴിയില്‍ വീണതല്ല മരണകാരണമെന്ന് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ അഖില്‍ പറഞ്ഞു. പ്രായാധിക്യവും ശരീരത്തിലെ പരിക്കുമാണ് മരണകാരണം എന്നാണ് സൂചന. ചെറിയ കുഴിയാണിത്. ആനയ്ക്ക് സ്വയം കയറി പോകാവുന്നതേയുള്ളു.
കൊമ്പുകള്‍ മുകളിലേക്ക് വളഞ്ഞ് കസേര പോലെയായതിനാലാണ് കസേരക്കൊമ്പൻ എന്ന പേരു വീണത്. വനത്തില്‍ നിന്നിറങ്ങി പുറത്തേക്ക് വരുമെങ്കിലും സമാധാനപ്രിയനായിരുന്നു. ആര്‍ക്കും ശല്യം ചെയ്തിരുന്നില്ല. ആരോഗ്യസ്ഥിതി മോശമായതു കാരണം ഉള്‍വനത്തിലേക്കു പോയിരുന്നില്ല.
നിലമ്പുര്‍ റേഞ്ച് ഓഫീസര്‍. ഡോക്ടര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. കുഴിയില്‍നിന്ന് കെട്ടിവലിച്ച് 100 മീറ്റര്‍ അകലെ കാട്ടിലേക്ക് ആനയെ മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.