രാധയുടെ കുടുംബത്തിനു ധന സഹായം; മന്ത്രി ഒ.ആർ. കേളു അടിയന്തരമായി അഞ്ച് ലക്ഷം കൈമാറി
Friday, January 24, 2025 7:03 PM IST
വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവ കൊലപ്പെടുത്തിയ രാധയുടെ കുടുംബത്തിന് അടിയന്തര ധന സഹായം കൈമാറി. അഞ്ച് ലക്ഷം രൂപയാണ് മന്ത്രി ഒ.ആർ. കേളു കുടുംബത്തിനു കൈമാറിയത്.
അതേസമയം നരഭോജി കടുവ പ്രദേശത്തുതന്നെ തുടരുന്നതായാണ് സൂചന. വൈകിട്ട് കടുവയെ സ്ഥലത്ത് വീണ്ടും കണ്ടതായി നാട്ടുകാർ പറഞ്ഞു.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ടീം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം നരഭോജി കടുവയെ പിടികൂടാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒയ്ക്കാണ് കടുവയെ പിടികൂടുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.
പ്രദേശത്ത് കൂടുതൽ ആർആർടി സംഘത്തെ വിന്യസിച്ച് കടുവയ്ക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ ആരംഭിച്ചു. കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ച് തെരച്ചിൽ നടത്തും.