ഇനി ലക്ഷ്യം 61,000; റിക്കാർഡ് കുതിപ്പ് തുടർന്ന് സ്വർണം, പവന് കൂടിയത് 240 രൂപ
Friday, January 24, 2025 10:58 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റിക്കാർഡിൽ നിന്ന് വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 60,440 രൂപയിലും ഗ്രാമിന് 7,555 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില പവന് 200 രൂപ വർധിച്ച് 49,840 രൂപയിലും ഗ്രാമിന് 25 രൂപ കൂടി 6,230 രൂപയിലുമെത്തി.
ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. തുടർന്ന് വ്യാഴാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും മുന്നോട്ടുകുതിച്ചത്. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന.
തിങ്കളാഴ്ച പവന് 120 രൂപ വർധിച്ച സ്വർണവില ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു. ഇതിനു പിന്നാലെയാണ് റിക്കാർഡ് കുതിപ്പ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയുടെ റിക്കാർഡാണ് ബുധനാഴ്ച മറികടന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം വീണ്ടും 58,000ന് മുകളില്‍ എത്തി. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപയും പിന്നാലെ 60,000 രൂപയും കടക്കുകയും ചെയ്തു.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,773 ഡോളറിലെത്തി.
അതേസമയം, വെള്ളിയുടെ വിലയിലും നേരിയ മുന്നേറ്റമുണ്ടായി. ഗ്രാമിന് ഒരു രൂപ വർധിച്ച് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.