കോഴിക്കോട് ഡിഎംഒ ഓഫീസിൽ കസേര തർക്കം തുടരുന്നു; ഡോ. ആശാദേവിയുടെ നിയമന ഉത്തരവിന് സ്റ്റേ
Thursday, January 23, 2025 7:27 PM IST
കോഴിക്കോട്: ഡോ.രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടരും. ഡോ.ആശാദേവിയെ ഡിഎംഒയായി നിയമിച്ച ആരോഗ്യവകുപ്പിന്റെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. കണ്ണൂർ ഡിഎംഒ ഡോ. പീയൂഷ് നമ്പൂതിരി നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്.
ഡോ. രാജേന്ദ്രനെ ഡിഎച്ച്സിലേക്കും മാറ്റിയാണ് ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. പിന്നാലെ സ്ഥലം മാറ്റ ഉത്തരവിന് എതിരെ എൻ.രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.
അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. അവധിയിൽ ആയിരുന്ന ഡോ. ആശാദേവി ഡിഎംഒ ഓഫീസിൽ എത്തിയതോടെ ഒരു ഓഫീസിൽ രണ്ടു ഡിഎംഒ എന്ന സ്ഥിതിയായി.
ഇതോടെ നേരത്തെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് കാട്ടി സർക്കാർ വീണ്ടും ഉത്തരവിറക്കി. തുടർന്ന് ഡോ.രാജേന്ദ്രനും സ്ഥലംമാറ്റപ്പെട്ട കണ്ണൂർ ഡിഎംഒ ഡോ.പിയുഷ് നമ്പൂതിരിയും അഡീഷണൽ ഡയറക്ടർ ഡോ.ജയശ്രീയും ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് താത്കാലികമായി തടഞ്ഞു. പരാതിക്കാരുടെ ഭാഗം കേട്ട ശേഷം ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്തത്.