ലീഗ് സെമിനാർ; ജി.സുധാകരൻ അവസാന നിമിഷം പിന്മാറി
Monday, January 13, 2025 5:48 PM IST
ആലപ്പുഴ: മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് ജി.സുധാകരന് പിന്മാറി. ആരോഗ്യകാരണങ്ങൾ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി. സുധാകരനെയായിരുന്നു.
സെമിനാറിൽ പങ്കെടുക്കാമെന്ന് ജി.സുധാകരൻ നേരത്തെ അറിയിച്ചിരുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ജി.സുധാകരന് തിട്ടൂരം കിട്ടിയോ എന്ന് അറിയില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
നേരത്തെ ചന്ദ്രിക ദിനപത്രത്തിന്റെ കാമ്പയിൻ ഉദ്ഘാടനത്തില്‍ നിന്നും ജി. സുധാകരന് പിന്മാറിയിരുന്നു. സിപിഎം ജില്ലാ സമ്മേളനത്തിൽ ജി.സുധാകരനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.